Connect with us

Editorial

ഹൈക്കോടതി നടപടികളിലെ സുപ്രീം കോടതി ഇടപെടല്‍

Published

|

Last Updated

കൊവിഡ് വിഷയത്തില്‍ ഹൈക്കോടതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതും നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതും അധികാരിവര്‍ഗത്തിനെന്ന പോലെ സുപ്രീം കോടതിക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടോ? ഉത്തര്‍ പ്രദേശിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരെ വെള്ളിയാഴ്ച സുപ്രീം കോടതി നടത്തിയ ചില പരാമര്‍ശങ്ങളാണ് സന്ദേഹത്തിനടിസ്ഥാനം. ഉത്തര്‍ പ്രദേശിലെ എല്ലാ നഴ്സിംഗ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിക്കണമെന്നും കൊവിഡ് ബാധിത ഗ്രാമങ്ങളില്‍ രണ്ട് ഐ സി യു ആംബുലന്‍സുകള്‍ വീതമുണ്ടെന്ന് ഒരു മാസത്തിനകം ഉറപ്പാക്കണമെന്നുമായിരുന്നു സ്വമേധയാ എടുത്ത കേസില്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിന്റെയും ആശുപത്രികളില്‍ ഒരു കിടക്കയില്‍ മൂന്നും നാലും പേര്‍ കഴിയേണ്ടി വന്നതിന്റെയും ആശുപത്രി പ്രവേശനം ലഭിക്കാതെ രോഗികള്‍ തെരുവില്‍ അലയേണ്ടി വരുന്നതിന്റെയും വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. യു പിയിലെ ആരോഗ്യ സംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണെന്ന് തങ്ങള്‍ക്കു ബോധ്യപ്പെട്ടുവെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ് വര്‍മ, ജസ്റ്റിസ് അജിത്കുമര്‍ എന്നിവരടങ്ങിയ ബഞ്ച് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ ദുരിതാവസ്ഥ പരിഹരിക്കാന്‍ ഹൈക്കോടതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് നടപ്പാക്കാന്‍ കഴിയാത്തത്ര ഭാരിച്ചതാണോ? ദിവസങ്ങള്‍ക്കകം പരിഹരിക്കണമെന്നല്ല കോടതിയുടെ നിര്‍ദേശം, മറിച്ച് നിശ്ചിത മാസങ്ങളുടെ കാലാവധിക്കകം നടപ്പാക്കണമെന്നാണ്. ഭീമമായൊരു സാമ്പത്തിക ബാധ്യത വരുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ നടപ്പാക്കാകുന്നതല്ലേയുള്ളൂ ഈ നിര്‍ദേശങ്ങള്‍? എന്നിട്ടും യു പി സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ വാദഗതി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വിധിയെ തള്ളിപ്പറയുകയും സ്റ്റേ ഉത്തരവ് നല്‍കുകയും ചെയ്ത സുപ്രീം കോടതി നിലപാടിനെ, കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള കേസുകളെല്ലാം ഏറ്റെടുക്കാന്‍ ഇതേ കോടതി നേരത്തേ നടത്തിയ നീക്കവുമായി കൂട്ടിവായിക്കുന്നവരുണ്ട്. കൊവിഡ് സാഹചര്യങ്ങള്‍ മോശമായ സന്ദര്‍ഭത്തില്‍ ഡല്‍ഹി, ബോംബെ, അലഹാബാദ്, മധ്യപ്രദേശ്, കൊല്‍ക്കത്ത, സിക്കിം തുടങ്ങിയ ഹൈക്കോടതികള്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരികയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോഴായിരുന്നു, സുപ്രീം കോടതി കൊവിഡ് പ്രശ്‌നത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതികളിലെ കേസുകളെല്ലാം അവിടേക്കു മാറ്റാനുള്ള ശ്രമം നടത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട പരാതികള്‍ പല കോടതികളിലാകുന്നത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ സുപ്രീം കോടതി നേരിട്ടു ഇടപെടുന്നതാകും നല്ലതെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇതിന് മുന്‍വെച്ച ന്യായീകരണം. മാത്രമല്ല, രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു.

ഇതിനെതിരെ നിയമ ലോകത്ത് നിന്ന് വിശിഷ്യാ മുതിര്‍ന്ന അഭിഭാഷകരുടെ പക്ഷത്തുനിന്ന് കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഹൈക്കോടതികള്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ അനാവശ്യമെന്നായിരുന്നു സുപ്രീം കോടതി ബാര്‍ അസോസിയേഷനടക്കം അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസിന്റെ സ്‌കൂള്‍കാല സുഹൃത്തായതിനാലാണ് ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറി ചുമതല ഏല്‍പ്പിച്ചതെന്നും ആരോപിക്കപ്പെട്ടു. ഇതോടെ കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് ഹരീഷ് സാല്‍വെ പിന്മാറി. പ്രതിരോധത്തിലായ സുപ്രീം കോടതി ബഞ്ച് രൂക്ഷമായ വിമര്‍ശമാണ് തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ നടത്തിയത്. മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഉത്തരവ് വരും മുമ്പ് തന്നെ സുപ്രീം കോടതിക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ചില അഭിഭാഷകരുടെ ശ്രമമെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡെ കുറ്റപ്പെടുത്തി. അവരുടെ വിമര്‍ശങ്ങള്‍ക്കൊരു അടിസ്ഥാനവുമില്ലെന്നും അഭിഭാഷകരുടെ നിലപാടില്‍ തങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, ഹൈക്കോടതികളിലെ കൊവിഡ് കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു. കേസുകള്‍ ഏറ്റെടുക്കാനുള്ള നീക്കം സുപ്രീം കോടതി അതോടെ അവസാനിപ്പിക്കുകയായിരുന്നു.

വസ്തുത എന്തായാലും സുപ്രീം കോടതിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ഇടയാക്കുകയുണ്ടായി മേല്‍ സംഭവങ്ങള്‍. ദേശീയതലത്തില്‍ സുപ്രീം കോടതിയെന്ന പോലെ സംസ്ഥാന തലത്തില്‍ നീതിന്യായ വ്യവസ്ഥയിലെ പരമോന്നത സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളാണ് ഹൈക്കോടതികള്‍. സുപ്രീം കോടതിയെ പോലെ മൗലികാവകാശ സംരക്ഷണത്തിന് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കുമുണ്ട് അധികാരം. കേസുകളുടെ പരിഗണനക്കിടയില്‍ ഹൈക്കോടതികള്‍ ചിലപ്പോള്‍ സര്‍ക്കാറുകളുടെ വീഴ്ചകളെ വിമര്‍ശിച്ചെന്നുവരും.

അതവരുടെ അധികാര പരിധിയില്‍ പെട്ടതാണ്. കൊവിഡ് വ്യാപനത്തിനു ശേഷം ഇത്തരം ഹൈക്കോടതി പരാമര്‍ശങ്ങളും ഉത്തരവുകളും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. സ്വാഭാവികമായും അധികാരി വര്‍ഗങ്ങളെ അത് അസ്വസ്ഥരാക്കും. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ കൊടും യാതനകളും കഷ്ടതകളും അനുഭവിച്ച വേളയില്‍ അലഹാബാദ്, ആന്ധ്രാപ്രദേശ്, ഗുവാഹത്തി, കര്‍ണാടക തുടങ്ങി പല ഹൈക്കോടതികളും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധകമാക്കുന്ന വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അന്നും സോളിസിറ്റര്‍ ജനറല്‍ സുരേഷ് മേത്ത ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാറുകളായി മാറുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം ഘട്ടങ്ങളില്‍ സുപ്രീം കോടതി രാജ്യത്തെ പൗരന്മാര്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. അങ്ങനെയല്ലെന്ന് സന്ദേഹിപ്പിക്കുന്ന പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും പരമോന്നത നീതിപീഠത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നില്ല.