Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ നരനായാട്ടില്‍ തകര്‍ന്നത് രണ്ടായിരം വീടുകള്‍; 150 മില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം

Published

|

Last Updated

ഗാസ സിറ്റി: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടില്‍ കുറഞ്ഞത് 2,000 വീടുകളെങ്കിലും തകര്‍ക്കപ്പെട്ടതായി പ്രാഥമിക കണക്കുകള്‍. 11 ദിവസത്തെ ശക്തമായ ആക്രമണത്തില്‍ 15,000 ത്തിലധികം വീടുകള്‍ ഭാഗികമായി നശിച്ചതായും ഗാസയിലെ വര്‍ക്ക്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയം ഡെപ്യൂട്ടി നജി സര്‍ഹാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 150 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ആക്രമണത്തിലുണ്ടായതെന്നും സര്‍ഹാന്‍ വ്യക്തമാക്കി.

പാര്‍പ്പിട, വാണിജ്യ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് തിരക്കേറിയ സ്ഥലങ്ങളില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. ഹമാസിന്റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെന്ന് ആരോപിച്ചായിരുന്നു ഹീനമായ ആക്രമണം. അല്‍ജസീറ ചാനലും അസോസിയേറ്റഡ് പ്രസും പ്രവര്‍ത്തിച്ചിരുന്ന 11 നില കെട്ടിടവും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.

ഗാസയിലെ ഡസന്‍ കണക്കിന് പോലീസ് സ്‌റ്റേഷനുകളും നാല് പള്ളികളും തകര്‍ന്നതായി സര്‍ഹാന്‍ പറയുന്നു. ഗാസയിലെ വ്യവസായ മേഖലയിലെ മിക്ക ഫാക്ടറികളും പൂര്‍ണമായോ ഭാഗീകമായേ നശിച്ചു.

അതേസമയം, സംഘര്‍ഷ മേഖലയില്‍ നിന്ന് ശേഖരിച്ച പൊട്ടിത്തെറിക്കാത്ത ഇസ്‌റാഈല്‍ ആയുധങ്ങള്‍ പോലീസ് പരിശോധിച്ചു. മുന്നൂറോളം ഇസ്രായേലി റോക്കറ്റുകളും ഷെല്ലുകളും പൊട്ടിത്തെറിച്ചിട്ടില്ലെന്ന് പോലീസ് മേധാവി മഹമൂദ് സലാ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്.

കിഴക്കന്‍ ജറുസലേമില്‍ കൂടുതല്‍ ഭാഗത്ത് കുടിയേറ്റം നടത്താനുള്ള ഇസ്റാഈല്‍ നീക്കത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം ഇസ്റാഈല്‍ വലിയ ആക്രമണങ്ങള്‍ക്ക് അവസരമാക്കി മാറ്റുകയായിരുന്നു. നിരവധി ഫലസ്തീന്‍ കുടുംബങ്ങളെ ഷെയ്ഖ് ജറയിലെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കിയതായിരുന്നു തുടക്കം. ഇതിനെതിരെ മസ്ജിദുല്‍ അഖ്സയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്കു നേരെ ഈ മാസം 11ന് പോലീസ് അതിക്രമം അഴിച്ചുവിട്ടു. റമസാനില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുമ്പോഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഇസ്റാഈല്‍ വ്യോമാക്രമണം തുടരുകയായിരുന്നു.

തുടര്‍ന്ന് 11 ദിവസം അതിരൂക്ഷമായ ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തിയത്. അക്രമത്തില്‍ 65 കുട്ടികളും 39 സ്ത്രീകളുമടക്കം 232 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,900 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയില്‍ 160 പോരാളികളെയെങ്കിലും കൊന്നതായി ഇസ്‌റാഈല്‍ അറിയിച്ചു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലില്‍ 12 പേരാണ് മരിച്ചത്.

11 ദിവസം നീണ്ട ആക്രമണത്തിന് ഒടുവില്‍ ഈജിപ്തും ഖത്തറും ഇടപെട്ട് നടത്തിയ മധ്യസ്ഥ ശ്രമത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയായിരുന്നു.

Latest