Connect with us

Articles

എന്നിട്ടും അവർ ആഘോഷിക്കുന്നു!

Published

|

Last Updated

ഫലസ്തീനിൽ മനുഷ്യക്കുരുതി നിർത്താൻ ഇസ്‌റാഈൽ തയ്യാറായിരിക്കുന്നു. നിരുപാധികമായ വെടിനിർത്തൽ ധാരണയിൽ ഹമാസും ഇസ്‌റാഈലും എത്തിച്ചേർന്നുവെന്നത് ആശാവഹമായ വാർത്തയാണ്. എന്നാൽ എത്രനാൾ? ഈ വെടിനിർത്തൽ ഗസ്സയിലെയും വെസ്റ്റ്ബാങ്കിലും മരിച്ചു വീണ മനുഷ്യരോട് നീതി ചെയ്യുന്നുണ്ടോ?

2010ൽ ഓപറേഷൻ കാസ്‌ലീഡ്, 2012ൽ ഓപറേഷൻ പില്ലാർസ് ഓഫ് ഡിഫൻസ്, 2014ൽ ഓപറേഷൻ പ്രൊട്ടക്ടീവ് എഡ്ജ്… കുറേ മനുഷ്യരെ കൊല്ലും. കുറേ മനുഷ്യർ ജീവച്ഛവങ്ങളാകും. വെള്ളവും മരുന്നും കിട്ടാതെ അവരും മരിച്ചു വീഴും. ജീവിച്ചിരിക്കുന്നവർ നിതാന്തമായ ഒറ്റപ്പെടലിലേക്ക് കൂപ്പു കുത്തും. കുറേയെറെ പ്രദേശങ്ങളിൽ അധിനിവേശം ഉറപ്പിക്കും. പുനർനിർമിക്കാനാകാത്ത വിധം തകർന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളം തെരുവുകളും വിറങ്ങലിച്ച് നിൽക്കും. ബോംബിംഗിൽ തല തകർന്നിട്ടും മനുഷ്യർ പ്രതിരോധത്തിന്റെ ഒരു തുണ്ട് കല്ലെങ്കിലും എടുത്ത് എറിയാൻ തുനിഞ്ഞിറങ്ങും. ഈ യുവാക്കളെ പിന്നെയും വേട്ടയാടും. അവർ ജൂതരാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളിയെന്ന് വിളിക്കപ്പെടും.

സ്വയം പ്രതിരോധിക്കാൻ ഇസ്‌റാഈലിന് അവകാശമുണ്ടെന്ന് ജോ ബൈഡൻമാർ ആവർത്തിക്കും. ഹമാസിനെ നിലക്ക് നിർത്തണമെന്ന് സയണിസ്റ്റ് യുക്തിയിൽ അഭിരമിക്കുന്നവർ അലറും. ആ അലർച്ചയിൽ ഇന്ത്യയിലെ സംഘ്പരിവാറുകാരുണ്ടാകും. കേരളത്തിൽ സംഘ്പരിവാറിന്റെ കുഞ്ഞാടുകളാകാൻ നിശ്ചയിച്ചിരിക്കുന്ന ചിലരുമുണ്ടാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ഇടതു സഹയാത്രികർ പോലും അക്കൂട്ടത്തിൽ കാണും. യുക്തിവാദികളുമുണ്ടാകും. അറബ് രാജ്യങ്ങൾ പതിവ് നിസ്സംഗത തുടരും. കൊന്ന് തള്ളി കുതികൊള്ളുന്ന ഇസ്‌റാഈലിന് ചോരക്കലി ഒന്നടങ്ങിയെന്ന് വന്നാൽ വെടിനിർത്തൽ നയതന്ത്രവുമായി വൻ ശക്തികൾ രംഗപ്രവേശം ചെയ്യും. ഇസ്‌റാഈൽ ബോംബറുകൾ അരുംകൊലകൾ സമ്മാനിച്ച ആലസ്യത്തിൽ താവളങ്ങളിൽ വിശ്രമിക്കും. എല്ലാം അടങ്ങുമ്പോൾ യു എൻ കണക്കെടുപ്പുകാർ ഗസ്സയിൽ പ്രവേശിക്കും. മയ്യിത്തുകളുടെ കണക്കെടുക്കാൻ. അവർ പറയുന്നതാണ് ആധികാരികമായ കണക്ക്. അടുത്ത കുരുതി വരെ ഉദ്ധരിച്ച് രസിക്കാനുള്ള കണക്ക് യു എൻ സംഘം ലോകത്തിന് സമ്മാനിക്കും. അൽ ജസീറയുടെ പൊളിറ്റിക്കൽ അനലിസ്റ്റ് മർവൻ ബിശാറ ഇസ്‌റാഈൽ ഭീകരാക്രമണത്തെ “കോനൻഡ്രം” എന്നാണ് വിശേഷിപ്പിക്കുന്നത്. സഭ്യേതര ഫലിതം, വിപരീതാർഥ വാചകം, കടം കഥ എന്നൊക്കെയാണ് ഈ വാക്കിന്റെ നിഘണ്ഡു അർഥം. ഇതങ്ങനെ ആവർത്തിക്കുകയാണ്.

ഹിന്ദുത്വ വികാരം മുസ്‌ലിംകളെ കൊന്ന് അടങ്ങട്ടെയെന്ന ഗുജറാത്ത് ഫലിതം പോലെ ഇസ്‌റാഈലിന്റെ ചോരക്കലിക്ക് നിറഞ്ഞാടാൻ പാശ്ചാത്യ മേലാളൻമാരും മാധ്യമ സിംഹങ്ങളും കളമൊരുക്കുന്നു. ഒന്നിളകിയാടി തൃപ്തിയടയുമ്പോൾ പിടിച്ചുമാറ്റാൻ വരുന്നു. ഇതാ ഇത്തവണയും അവരെത്തി. വെടിനിർത്തൽ മാധ്യസ്ഥ്യത്തിന് മുൻകൈയെടുത്തത് അമേരിക്കയാണത്രേ.

എന്താണ് മാധ്യസ്ഥ്യം? ആർക്കിടയിലാണ് മാധ്യസ്ഥ്യം? നിസ്സഹായരും നിരായുധരുമായ ഫലസ്തീൻ ജനതക്കും ആണവ ശക്തിയായ ഇസ്‌റാഈലിനുമിടയിലോ? ലോകത്തിന്റെയാകെ ഒത്താശയോടെ കവർന്നെടുക്കപ്പെട്ട മണ്ണിൽ നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട രാഷ്ട്രവും സ്വന്തം മണ്ണ് ഓരോ ദിനവും നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ജനതയും തമ്മിൽ എവിടെയാണ് അനുരഞ്ജനത്തിന്റെ ഇടങ്ങൾ ഉള്ളത്?

ഹമാസിനെ നമുക്ക് തള്ളിപ്പറയാം. തീർച്ചയായും അവർ ബ്രദർഹുഡിന്റെ തുടർച്ചയാണ്. പക്ഷേ, ഭൂപടത്തിൽ അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ട ഈ മനുഷ്യരോട് എന്ത് മറുപടി പറയും? അവരിൽ നിന്ന് കവർന്നെടുത്ത മണ്ണും മാനവും എന്ന് തിരിച്ച് നൽകും? ക്യാമ്പ് ഡേവിഡ് കരാറും ഓസ്‌ലോ കരാറുമൊക്കെ എന്ന് നടപ്പാകും? ഇൻതിഫാദകൾക്ക് അവധി നൽകി അനുരഞ്ജനത്തിലേക്ക് നടന്ന യാസർ അറഫാത്തിനോട് നിങ്ങൾ നീതി കാണിച്ചോ? ആ പരിമിത നീതിയെങ്കിലും പുലർന്നിരുന്നെങ്കിൽ ഹമാസ് അപ്രസക്തമാകില്ലായിരുന്നോ?

ഫലസ്തീനിൻ ജനത എന്ത് കണ്ടിട്ടാണ് വെടിനിർത്തൽ ആഘോഷിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. നിരുപാധിക വെടിനിർത്തലിലേക്ക് ഇസ്‌റാഈലിനെ കൊണ്ടുവരാൻ സാധിക്കുമാറ് ഒരിക്കൽ കൂടി സ്വൈരക്കേടാകാൻ അവർക്ക് സാധിച്ചതിന്റെ പേരിലാണത്. ഞങ്ങൾ ഈ ഭൂമുഖത്തുണ്ടെന്ന് പ്രഖ്യാപിക്കാൻ സാധിച്ചതിലാണ് ആ ആഹ്ലാദം. ഇസ്‌റാഈലിന്റെ നാലാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായ ഗോൾഡാ മെയ്ർ 1969ൽ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. അവരോട് വാർത്താ ലേഖകൻ ചോദിച്ചു: “ജൂത സെറ്റിൽമെന്റുകൾ ഈ നിലയിൽ ബലാത്കാരമായി വ്യാപിപ്പിച്ചാൽ ഒരു കാലത്ത് ലോകം ചോദിക്കില്ലേ, ഫലസ്തീൻ എവിടെയായിരുന്നുവെന്ന്. ഒരിത്തിരി മണ്ണു പോലും അവശേഷിപ്പിക്കാതെ സ്വന്തമാക്കാൻ തന്നെയാണോ പദ്ധതി?” അവർ നൽകിയ മറുപടി ഇതായിരുന്നു: “അതിന് അന്ന് ഫലസ്തീൻ എന്ന പേര് ആര് ഉച്ചരിക്കും? അങ്ങനെയൊന്ന് ഓർക്കുന്നവർ ഭൂമിയിലുണ്ടാകുമോ? ഫലസ്തീൻ ഒരിക്കലും ഉണ്ടായിരുന്നില്ല.” രാഷ്ട്രമില്ലാത്ത ജനതക്ക്, ജനതയില്ലാത്ത നാട് എന്ന സയണിസ്റ്റ് നുണ ആവർത്തിക്കുകയാണ് ഗോൾഡാ മെയ്ർ ചെയ്തത്. ഫലസ്തീൻ ഭൂപടം ചുരുങ്ങിച്ചുരുങ്ങി പൊട്ടുപോലും കണ്ടു പിടിക്കാനാകാത്ത വിധം മാഞ്ഞുപോകുമെന്ന പ്രഖ്യാപനത്തെയാണ് ചരിത്രത്തിന് ഇപ്പുറത്ത് വെച്ച് ഫലസ്തീനിലെ മനുഷ്യർ സ്വന്തം ജീവൻ കൊണ്ട് പ്രതിരോധിക്കുന്നത്. മറവിക്കെതിരായ കലാപം. തങ്ങൾക്ക് നിയമപരമായി ഒരു അവകാശവുമില്ലാത്ത ഭൂമിയെടുത്ത് നിയമപരമായി ഒരു അവകാശവുമില്ലാത്ത മറ്റൊരു കൂട്ടർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം കൊടുക്കുമ്പോൾ അവിടെ അറബികളുണ്ടായിരുന്നു. കാലി വളർത്തലും കൃഷിയുമായി കഴിഞ്ഞിരുന്ന അവർ ഭൂസ്വത്തിലോ അതിന്റെ അതിർത്തികളിലോ അമിതമായി ശ്രദ്ധ പുലർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ കഴിഞ്ഞിരുന്ന ജൂതൻമാർക്ക് അറബികളിൽ നിന്ന് ഭൂമി സ്വന്തമാക്കുന്നതിന് ബലാത്കാരത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. സഹജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അവർക്കിടയിൽ നിലനിന്നു. എന്നാൽ 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂതൻമാർക്കിടയിൽ തീവ്ര ചിന്താഗതികൾ ശക്തിപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇടപെടൽ മറ്റെല്ലായിടത്തെയും പോലെ ഇവിടെയും ശൈഥില്യം വിതക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ജൂതൻമാർ ഭൂമി കൈക്കലാക്കാൻ ഗൂഢ പദ്ധതികൾ ആവിഷ്‌കരിച്ചു തുടങ്ങി. അത് രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് വഴി വെച്ചു. കാർഷിക കലാപങ്ങളെന്ന് ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്ന ഈ ഏറ്റുമുട്ടലുകൾ സത്യത്തിൽ അറബികളുടെ ഭാഗത്ത് നിന്നുള്ള അധിനിവേശവിരുദ്ധ വിപ്ലവങ്ങൾ തന്നെയായിരുന്നു. അടുത്ത ഘട്ടത്തിൽ വൻ തോതിൽ ജൂത കുടിയേറ്റം തുടങ്ങി. 1917ൽ ബാൽഫർ പ്രഖ്യാപനത്തോടെ ജൂത രാഷ്ട്ര സ്ഥാപനത്തിന് ആണിക്കല്ല് സ്ഥാപിക്കപ്പെട്ടു.

1930കളിൽ പല തവണ അറബികൾ സായുധ ചെറുത്തുനിൽപ്പ് നടത്തി. വല്ലാതെ വൈകിപ്പോയിരുന്നു. ഭൗമ രാഷ്ട്രീയത്തിന്റെ സർവ ചലനങ്ങളും നിയന്ത്രിച്ചിരുന്ന ശക്തികൾ ഇസ്‌റാഈൽ സംസ്ഥാപന ക്വട്ടേഷൻ എടുത്തു കഴിഞ്ഞിരുന്നു. 1947ൽ യു എന്നിന്റെ വിഭജന പ്രമേയത്തിന് പിറകേ 1948ൽ ഇസ്‌റാഈൽ സ്ഥാപിതമായി. ആ അതിർത്തിക്കകത്തെ മണ്ണ് അറബ് വംശജരുടെ സ്വാഭാവിക വാസസ്ഥലങ്ങളായിരുന്നുവെന്ന ചരിത്ര ബോധം ഫലസ്തീനികളെ കൂടുതൽ അതൃപ്തരും പോരാളികളുമാക്കുകയായിരുന്നു. യാസർ അറാഫത്ത് ആ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നുവല്ലോ. എന്നാൽ ഒരു ഘട്ടം പിന്നിടുമ്പോൾ അദ്ദേഹം ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കാൻ ആ അതിർത്തി രേഖ അംഗീകരിച്ചു. 1948ലെ അതിർത്തി അംഗീകരിക്കാൻ അദ്ദേഹം നിരവധിയായ നിബന്ധനകൾ വെച്ചു. പലയിടങ്ങളിലായി ചിതറിപ്പോയ ഫലസ്തീനികളെ തിരിച്ചു വരാൻ അനുവദിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. ഇസ്‌റാഈൽ അത് ചെവികൊണ്ടില്ല. യു എൻ വരച്ച അതിർത്തിയിൽ ഒതുങ്ങി നിൽക്കാൻ ഇസ്‌റാഈൽ ഒരിക്കലും തയ്യാറായിട്ടില്ല. 1967ലെ യുദ്ധത്തിലെ കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പിൻമാറിയില്ലെന്ന് മാത്രമല്ല, കൂടുതലിടങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു കൊണ്ടേയിരുന്നു. ഇന്നും ഇസ്‌റാഈൽ അതിന്റെ അതിർത്തി നിശ്ചയിച്ചിട്ടില്ല. അധിനിവേശം തടയാൻ ഒരു കരാറിനും സാധിച്ചിട്ടില്ല. ഇത്തവണത്തെ സംഘർഷവും ശൈഖ് ജറാഹിൽ നിന്നുള്ള കുടിയിറക്കലിന്റെ പേരിലാണല്ലോ തുടങ്ങിയത്. ഗോൾഡയുടെയും ബൻഗൂറിയന്റെയും ഏരിയൽ ഷാരോണിന്റെയും ഇങ്ങേത്തലക്കൽ ബെഞ്ചമിൻ നെതന്യാഹുവിന്റെയുമൊക്കെ “അപ്രത്യക്ഷമാക്കൽ” തന്ത്രത്തെ ചെറുക്കാൻ മറ്റൊരു വഴിയും കാണാത്തതിനാൽ ഫലസ്തീൻ കുഞ്ഞുങ്ങൾ കല്ലെടുത്തെറിയുന്നു.

നോക്കൂ, ഇത്തവണയും അമേരിക്ക എടുത്ത നിലപാട് എന്തായിരുന്നു? ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ജോ ബൈഡന്റെ ആദ്യ പ്രതികരണം. ട്രംപിൽ നിന്ന് വ്യത്യസ്തമായ ഒരു ഫലസ്തീൻ നയം തനിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബൈഡൻ. ഇസ്‌റാഈൽ അതിക്രമത്തെ അപലപിച്ച് യു എൻ രക്ഷാ സമിതിയിൽ വന്ന പ്രമേയങ്ങൾ മുഴുവൻ അമേരിക്ക വീറ്റോ ചെയ്തു. ഗസ്സയിലെ കൂട്ടക്കുരുതിക്കിടയിലും ബൈഡൻ ഭരണകൂടം 735 മില്യൺ ഡോളറിന്റെ ഉഗ്ര ശേഷിയുള്ള ആയുധങ്ങൾ ഇസ്‌റാഈലിന് അനുവദിച്ചുവെന്നത് ഗൗരവപൂർവം കാണേണ്ടതാണ്. 3.8 ബില്യൺ ഡോളറിന്റെ വാർഷിക സഹായ പദ്ധതിക്ക് പുറമേയാണിത്. ഹമാസ് സംയമനം പാലിക്കണമെന്നാണ് ആക്രമണത്തിന്റെ ആദ്യ ദിനങ്ങളിൽ ബൈഡൻ ഉപദേശിച്ചത്. പിന്നീട് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് വെടിനിർത്തൽ ചർച്ചകളിലേക്ക് പിന്നീട് ബൈഡന് പോകേണ്ടി വന്നത്? ആഭ്യന്ത സമ്മർദം എന്നത് മാത്രമാണ് ഉത്തരം.

ഫലസ്തീൻ സത്യത്തിനായി സംസാരിക്കാൻ അമേരിക്കയിൽ ശക്തമായ ചേരി രൂപപ്പെടുന്നുവെന്ന പ്രതീക്ഷ പകരുന്ന ഇടപെടലുകളാണ് അവിടെ അരങ്ങേറിയത്. യു എസിൽ കൂറ്റൻ ഇസ്‌റാഈൽ വിരുദ്ധ പ്രകടനങ്ങൾ നടന്നു. സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് തന്നെ ബൈഡന് മേൽ സമ്മർദമുയർന്നു. ഡെമോക്രാറ്റിക് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ യു എസ് കോൺഗ്രസിൽ പ്രമേയം കൊണ്ടുവന്നു. സ്വതന്ത്ര സെനറ്റർ ബേർണി സാൻഡേഴ്‌സും ശക്തമായ ഇടപെടൽ നടത്തി. ജൂത ലോബീംഗിനെ മറികടക്കുന്ന ഇടപെടൽ പല ഭാഗത്ത് നിന്ന് വന്നതോടെയാണ് വെടിനിർത്തൽ തീരുമാനത്തിലേക്ക് ഇസ്‌റാഈലിനെ കൊണ്ടുവരാൻ ബൈഡൻ സന്നദ്ധനായത്. വെടിനിർത്തൽ താത്കാലിക പിൻമാറൽ മാത്രമാണ്. ശൈഖ് ജറാഹിൽ അതിന് ശേഷവും കുടിയിറക്കൽ തുടരുന്നുണ്ട്. അൽ അഖ്‌സാ കോമ്പൗണ്ടിൽ വെടിവെപ്പുമുണ്ടായി. ഫലസ്തീൻ യുവാക്കൾ അവിടെയൊന്നും പേടിച്ച് മാളത്തിലൊളിച്ചിട്ടില്ല. എത്ര വലിയ സൈനിക ശക്തിയായിക്കൊള്ളട്ടെ, ഇസ്‌റാഈലിന്റെ യഥാർഥ സുരക്ഷ ന്യായയുക്തമായ ഫലസ്തീൻ രാഷ്ട്രം അനുവദിക്കുമ്പോൾ മാത്രമേ സാധ്യമാകൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest