Editorial
യു എന്നിലെ വീറ്റോ പവര്‍ എടുത്തു കളയണം

എന്തിനാണ് ഇത്തരമൊരു സംഘടന? ഇനിയും ഇത് നിലനിര്‍ത്തേണ്ടതുണ്ടോ? ഐക്യരാഷ്ട്ര സഭയെക്കുറിച്ച് മുമ്പേ ഉയരുന്ന ചോദ്യമാണിത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന നരനായാട്ടിനെ ഒന്നപലപിക്കാന്‍ പോലുമാകാതെ യു എന്‍ നിസ്സഹായാവസ്ഥയിലായപ്പോള്‍ കൂടുതല്‍ പ്രസക്തമായി ഈ ചോദ്യം. ജൂതരാഷ്ട്രത്തിന്റെ ഗസ്സയില്‍ മിസൈല്‍ ആക്രമണം അടക്കമുള്ള സൈനിക നടപടികളെയും കൊടും ക്രൂരതകളെയും അപലപിച്ച് വെടിനിര്‍ത്തലിനു ആഹ്വാനം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം അമേരിക്കയുടെ വീറ്റോ ഭീഷണിക്കു മുമ്പില്‍ ചര്‍ച്ചക്കു പോലുമെടുക്കാതെ ഉപേക്ഷിക്കേണ്ടി വന്നു ഐക്യരാഷ്ട്ര സഭക്ക്.
ഇസ്റാഈലിന്റെ കൂട്ടക്കുരുതിക്കെതിരെ യു എന്നില്‍ വരുന്ന പ്രമേയങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്.
അമേരിക്കയുടെ എതിര്‍പ്പിനു മുമ്പില്‍ അവ ചര്‍ച്ചക്കെടുക്കാന്‍ സാധിക്കാതെ വരികയോ പരാജയപ്പെടുകയോ ആയിരുന്നു. അന്തര്‍ദേശീയ സമാധാനവും സുരക്ഷയും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ സൗഹൃദവുമാണ് ഐക്യരാഷ്ട്ര സഭയുടെ സുപ്രധാനമായ രണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിശിഷ്യാ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ കടുത്ത പരാജയമാണ് ഈ പ്രസ്ഥാനം. ഫലസ്തീന്‍ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രമേയം പാസ്സാക്കിയാല്‍ തന്നെ ഇസ്‌റാഈലിന്റെ തടസ്സവാദത്തിനു മുമ്പില്‍ അവ നടപ്പാക്കാന്‍ സാധിക്കാറുമില്ല. ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഉടലെടുക്കുമ്പോഴെല്ലാം ഇസ്‌റാഈലിന്റെ നിലപാടുകളെ ന്യായീകരിക്കുകയും നിലനില്‍പ്പിനു വേണ്ടി പോരാടുന്ന ഫലസ്തീന്‍ സംഘടനകളെ തീവ്രവാദ പ്രസ്ഥാനങ്ങളായി ചിത്രീകരിക്കുകയുമായിരുന്നു ഇതഃപര്യന്തം അമേരിക്കന്‍ ഭരണകൂടം. അമേരിക്കയുടെ സംരക്ഷണമാണ് ഇസ്‌റാഈലിന് അടിക്കടി ഫലസ്തീനിലേക്ക് അതിക്രമിച്ചു കയറി ആ രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാനും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്താനും ധൈര്യമേകുന്നത്. ഇതെല്ലാം നിസ്സഹായമായി നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് യു എന്‍.
ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ചിലരൊക്കെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റിപ്പബ്ലിക്കുകളുടെയും ഡെമോക്രാറ്റുകളുടെയും ട്രംപിന്റെയും ബൈഡന്റെയും നയത്തില്‍ കാര്യമായ അന്തരമില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ബരാക് ഒബാമ മാത്രമാണ് അല്‍പ്പമെങ്കിലും നഷ്പക്ഷ നിലപാട് പുലര്‍ത്താന്‍ ശ്രമിച്ചു നോക്കിയത്. ഒബാമ തന്റെ ഒന്നാമൂഴത്തില്‍ നടത്തിയ അറബ് യാത്രക്കിടെ, 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ഒരു പ്രസ്താവന നടത്തിയിരുന്നു. ഇസ്‌റാഈലും അമേരിക്കയിലെ ജൂത ലോബിയും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. 1967ന് മുമ്പുള്ള അതിര്‍ത്തി എന്നദ്ദേഹം പറഞ്ഞത് മഹാ അപരാധമായി ചിത്രീകരിക്കപ്പെട്ടു. ചരിത്രപരമായി ജൂത രാഷ്ട്രത്തിന് അമേരിക്ക നല്‍കി വരുന്ന പിന്തുണയില്‍ നിന്ന് ഒബാമ പിന്നോട്ടുപോയെന്ന പ്രചാരണമുണ്ടായി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത് വലിയ കോലാഹലത്തിന് വഴിവെച്ചു. ഒടുവില്‍ മനഃസാക്ഷിയെ പണയപ്പെടുത്തി തന്റെ നിലപാടില്‍ നിന്ന് ഒബാമക്ക് പിന്നോട്ടു പോകേണ്ടി വന്നു.
ആര് ഭരിച്ചാലും വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് സയണിസ്റ്റുകള്‍ക്കാണ് അമേരിക്കയില്‍. അത്രമാത്രം ശക്തമാണ് അവിടെ സയണിസ്റ്റ് ലോബി. 1948ല്‍ ജൂത രാഷ്ട്രം സ്ഥാപിച്ചതു മുതല്‍ യു എന്നിലേക്ക് വന്ന അമേരിക്കന്‍ പ്രതിനിധികളെല്ലാം ഇസ്‌റാഈല്‍ പക്ഷപാതികളായിരുന്നുവെന്നത് തന്നെ അമേരിക്കയിലെ സയണിസ്റ്റ് സ്വാധീനം വിളിച്ചറിയിക്കുന്നു. ഇസ്‌റാഈലിന് അമേരിക്കയുടെ നിരുപാധികവും അന്ധവുമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഫലസ്തീന്‍ പ്രശ്‌നം എന്നോ പരിഹരിക്കപ്പെടുമായിരുന്നുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.
സ്ഥിരാംഗങ്ങളും ശാക്തിക രാജ്യങ്ങളുമായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ക്കുള്ള വീറ്റോ അധികാരമാണ് യു എന്നില്‍ ഫലസ്തീന്‍ പ്രശ്‌നം ന്യായമായി പരിഹരിക്കുന്നതിന് ഏറ്റവും വലിയ തടസ്സം. ഈ അഞ്ച് സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ട് ചെയ്താല്‍ മാത്രമേ രക്ഷാ സമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. യു എന്നില്‍ വരുന്ന, ഇസ്‌റാഈലിന്റെ താത്പര്യങ്ങള്‍ക്ക് ഹിതകരമല്ലാത്ത എല്ലാ പ്രമേയങ്ങളെയും വീറ്റോ അധികാരമുപയോഗിച്ച് പരാജയപ്പെടുത്തുകയെന്നതാണ് അമേരിക്കയുടെ എക്കാലത്തെയും നിലപാട്. സഭയില്‍ അമേരിക്ക ഏറ്റവും അധികം വീറ്റോ പവര്‍ പ്രയോഗിച്ചത് ഇസ്‌റാഈലിനു വേണ്ടിയാണ്. യു എന്നിന്റെ സ്ഥാപിത ലക്ഷ്യത്തെ തന്നെ നിരര്‍ഥകമാക്കുകയാണ് പഞ്ച ശക്തികളുടെ വീറ്റോ പവര്‍. പൊതുസഭ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത ശേഷം തയ്യാറാക്കുന്ന പ്രമേയങ്ങളാണ് രക്ഷാ സമിതിയില്‍ എത്തുന്നത്. വീറ്റോ പവറുള്ള ഏതെങ്കിലും ഒരു രാജ്യം അതിനു തടസ്സം നില്‍ക്കുന്നതോടെ ആ പ്രമേയം നിഷ്ഫലമാകുകയാണ്. ആഗോള രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കു മീതെ അഞ്ച് രാജ്യങ്ങള്‍ക്ക് അതിസ്ഥാനം നല്‍കുന്ന ഈ ഏര്‍പ്പാട് എത്ര പ്രഹസനമാണ്.
രക്ഷാ സമിതിയിലെ വീറ്റോ അധികാരം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമാണ്. യു എന്നിനോളം തന്നെ പഴക്കമുണ്ട് ഈ ആവശ്യത്തിന്. ഏറ്റവും ഒടുവില്‍ 2015ല്‍, യു എന്നിന് 70 വയസ്സ് തികയുന്ന ഘട്ടത്തില്‍ നൂറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. വംശഹത്യകള്‍, കൂട്ടക്കൊലകള്‍, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം. ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ചിരുന്നു ഈ പ്രസ്താവനയില്‍. എന്നാല്‍ വീറ്റോ പവറുള്ള മറ്റു മൂന്ന് രാജ്യങ്ങള്‍ കൂടി അനുകൂലിക്കാത്തിടത്തോളം ഈ പ്രഖ്യാപനം കൊണ്ട് ഒരു ഫലവുമില്ല. ഒരു രാജ്യത്തിനും പ്രത്യേക അധികാരമോ അവകാശമോ ഇല്ലാത്ത ഒരു ആഗോള പ്രസ്ഥാനത്തിനു മാത്രമേ പക്ഷപാതിത്വരഹിതവും നീതിനിഷ്ഠവുമായ തീരുമാനങ്ങളെടുക്കാനും ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കാനും സാധ്യമാകൂ.