Connect with us

National

പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 15ാം തീയതി മുതല്‍ വാട്ട്‌സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്ട്‌സാപ്പിന് അയച്ചു. വിവര സ്വകാര്യത, ഡാറ്റ സുരക്ഷ, ഉപഭോക്തൃ ഇഷ്ടം തുടങ്ങിയവയുടെ മൂല്യങ്ങളെ തകിടം മറിക്കുന്നതും ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളും താത്പര്യങ്ങളും പ്രതികൂലമായി ബാധിക്കുന്നതുമാണ് നയമെന്ന് കത്തില്‍ പറയുന്നു.

നോട്ടീസിനോട് പ്രതികരിക്കാന്‍ വാട്ട്‌സാപ്പിന് കേന്ദ്രം ഏഴ് ദിവസമാണ് നല്‍കിയത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. മെയ് 18നാണ് മന്ത്രാലയം കത്തയച്ചത്.

പരിഷ്‌കരിച്ച സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വാട്ട്‌സാപ്പിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും നഗ്നമായി ലംഘിക്കുന്നതാണ് സ്വകാര്യതാ നയം. യൂറോപ്പിലെ ഉപഭോക്താക്കളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാരോട് വിവേചനം പുലര്‍ത്തുകയാണ് വാട്ട്‌സാപ്പെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Latest