Ongoing News
രാഷ്ട്രീയത്തിലും കരുക്കൾ തെറ്റാതെ അഡ്വ. പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് | ചതുരംഗത്തിൽ അഗ്രഗണ്യനായ മുഹമ്മദ് റിയാസ് രാഷ്ട്രീയ പടവുകളും ജയിച്ചു കയറുകയാണ്. ചെസ്സിൽ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യനായ റിയാസ് ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദുമായി ഏറ്റുമുട്ടാനുള്ള 40 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 44 നീക്കം വരെ നടത്തി റിയാസ് പിടിച്ചുനിന്നു. പിന്നീട് രാഷ്ട്രീയ കരുനീക്കങ്ങളിലും അദ്ദേഹം വിജയം തുടർന്നുകൊണ്ടിരുന്നു. എസ് എഫ് ഐയിലെയും ഡി വൈ എഫ് ഐയിലെയും 30 വർഷത്തെ സംഘടനാ പ്രവർത്തനത്തിനിടക്ക് നിരവധി തവണ ജയിലിലടക്കപ്പെട്ടു.
പോലീസിന്റെ ക്രൂരമർദനങ്ങൾക്കിരയായിട്ടും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഡൽഹിയിലും മുംബൈയിലും അറസ്റ്റിലായി. ഹരിയാനയിൽ സംഘ്പരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാറിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തത് റിയാസാണ്.
സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു എസ് എഫ് ഐയിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. റിയാസ് പ്രീഡിഗ്രി പഠനത്തിനായി എത്തുമ്പോൾ ഫാറൂഖ് കോളജിലെ ഒമ്പത് ജനറൽ സീറ്റിലും എസ് എഫ് ഐ പരാജയപ്പെടുന്ന സാഹചര്യമായിരുന്നു.
വിദ്യാർഥികളുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെട്ട് ഫാറൂഖ് കോളജിൽ വലിയ രാഷ്ട്രീയ മാറ്റമാണ് അദ്ദേഹം പിന്നീട് ഉണ്ടാക്കിയത്. ഡിഗ്രി പഠനത്തിന്റെ അവസാന വർഷം കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ ഒമ്പതിൽ അഞ്ച് സീറ്റ് നേടുന്ന സാഹചര്യത്തിലേക്ക് എസ് എഫ് ഐ എത്തി.
1997ൽ ഫാറൂഖ് കോളജിലെ എം എസ് എഫിന്റെ കുത്തക തകർത്ത അദ്ദേഹം യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലറുമായിട്ടുണ്ട്. വിദ്യാർഥി യുവജന സമരങ്ങളിലെ ധീരമായ നേതൃത്വമായിരുന്ന അദ്ദേഹം വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള സുദീർഘമായ സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു. ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറി തലം മുതൽ പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തി.
2014 ൽ കോഴിക്കോട് പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് എം കെ രാഘവനെതിരെ മത്സരിച്ച റിയാസ് ചെറിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ബേപ്പൂരിൽ നിന്ന് അദ്ദേഹം മത്സരിച്ച് ജയിച്ചത് വലിയ ഭൂരിപക്ഷത്തിനാണ്. നിയമസഭയിലേക്കുള്ള ആദ്യമത്സരത്തിൽ തന്നെ എം എൽ എയും ആദ്യഘട്ടത്തിൽ തന്നെ മന്ത്രിയുമാകുന്നത് അദ്ദേഹത്തിന് ഇരട്ടിമധുരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് ഭാര്യ.