Editorial
തൃണമൂൽ നേതാക്കളുടെ അറസ്റ്റും പിന്നാന്പുറവും

അഴിമതിവിരുദ്ധ നീക്കമല്ല, പച്ചയായ രാഷ്ട്രീയക്കളിയാണ് ബംഗാളില്‍ സി ബി ഐയെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. നാരദ കൈക്കൂലി കേസിന്റെ പേരിലാണ് കഴിഞ്ഞ ദിവസം നാല് തൃണമൂല്‍ നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹകീം, ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, മുന്‍ ഗതാഗത മന്ത്രിയും എം എല്‍ എയുമായ മദന്‍ മിത്ര, മുന്‍ മന്ത്രിയും മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. 2014ല്‍ ന്യൂസ് മാഗസിനായ തെഹൽകക്കു വേണ്ടി നാരദ ന്യൂസ് പോര്‍ട്ടലിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലും സംഘവും നടത്തിയ ഒളിക്യാമറ ഓപറേഷനാണ് കേസിനാധാരം. ബംഗാളില്‍ നിക്ഷേപം നടത്താനെത്തിയ ഒരു കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് മാധ്യമ പ്രവര്‍ത്തകര്‍ തൃണമൂല്‍ നേതാക്കളെ സമീപിച്ചത്. തൃണമൂല്‍ നേതാക്കള്‍ ഇവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യം മാധ്യമ സംഘം ക്യാമറയില്‍ പകര്‍ത്തി. കൈക്കൂലി കേസില്‍ സി ബി ഐ ഇപ്പോള്‍ അറസ്റ്റ് ചെയ്ത നേതാക്കള്‍ മാത്രമല്ല, പില്‍ക്കാലത്ത് ബി ജെ പിയിലേക്ക് ചേക്കേറിയ മുന്‍ തൃണമൂല്‍ നേതാക്കളായ മുകുള്‍ റോയിയും സുവേന്ദു അധികാരിയും ഉള്‍പ്പെട്ടിരുന്നു ഈ കേസില്‍. എന്നിട്ടും ഇവര്‍ രണ്ട് പേരും നിയമ നടപടികളില്‍ നിന്ന് സുരക്ഷിതരാണെന്നതും പ്രതിപ്പട്ടികയില്‍ നിന്ന് അപ്രത്യക്ഷരാണെന്നതും ഈ അറസ്റ്റിനു പിന്നിലെ രാഷ്ട്രീയക്കളിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ സുവേന്ദു അധികാരി.
“സുവേന്ദു അധികാരി എന്റെ കൈയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് ഞാന്‍ അന്ന് ഒളിക്യാമറയില്‍ പകര്‍ത്തി സി ബി ഐക്ക് കൈമാറിയിരുന്നു”വെന്ന് തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടിയോട് പ്രതികരിക്കവെ ഒളിക്യാമറ ഓപറേഷന് നേതൃത്വം നല്‍കിയ മാത്യു സാമുവല്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി. മുകുള്‍ റോയിയും 15 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്. അദ്ദേഹം പണം നേരിട്ടു വാങ്ങുകയായിരുന്നില്ല. ഐ പി എസ് ഉദ്യോഗസ്ഥനായ അഹമ്മദ് മിര്‍സക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുകുള്‍ റോയിക്കു വേണ്ടി മിര്‍സക്കാണ് ഞങ്ങള്‍ 15 ലക്ഷം കൈമാറിയതെന്നും മാത്യു സാമുവല്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ സുവേന്ദു അധികാരിയുടെയും മുകുള്‍ റോയിയുടെയും പേരുകള്‍ ഇപ്പോള്‍ കുറ്റപത്രത്തില്‍ ഇല്ലെന്നത് നിഗൂഢമാണ്. ഒരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെ അറസ്റ്റ് ചെയ്യുന്നതും ചിലരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
ഇപ്പോള്‍ ബി ജെ പി നേതാവായ മുന്‍ ഐ പി എസ് ഓഫീസര്‍ എസ് എം എച്ച് മിശ്രയും ഉള്‍പ്പെട്ടിരുന്നു നാരദ കൈക്കൂലി കേസില്‍. സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ 2016ല്‍ ബി ജെ പി, അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തു വിടുകയും ചെയ്തിരുന്നു.
അമിത് ഷാ നടത്തിയ രാഷ്ട്രീയ ഓപറേഷനെ തുടര്‍ന്ന് മുകുള്‍ റോയിയും സുവേന്ദു അധികാരിയും ബി ജെ പിയില്‍ ചേര്‍ന്നതോടെയാണ് ഇവരുടെയൊക്കെ പേരുകള്‍ കുറ്റപത്രത്തില്‍ നിന്ന് അപ്രത്യക്ഷമായത്. ഈ ഘട്ടത്തില്‍ ഔദ്യോഗിക ചാനലില്‍ നിന്ന് ബി ജെ പി ഈ വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി. വീഡിയോ നീക്കം ചെയ്‌തെന്നു കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തുകൊണ്ട് തൃണമൂല്‍ നേതാവ് മഹുവ ബി ജെ പിയുടെ രാഷ്ട്രീയ നാടകങ്ങള്‍ അന്ന് തുറന്നു കാണിച്ചതുമാണ്.
ബംഗാളില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ താഴെയിറക്കി ഭരണം കൈയടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി. വര്‍ഷങ്ങള്‍ നീണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സര്‍വ സന്നാഹങ്ങളുമായാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും തൃണമൂല്‍ പ്രതീക്ഷയില്‍ കവിഞ്ഞ വിജയം നേടിയതും ബി ജെ പിക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നതും പാര്‍ട്ടി നേതൃത്വത്തെ വിശേഷിച്ചും അമിത് ഷായെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇതിനുള്ള പകപോക്കലാണ് ബംഗാളിലെ ഇപ്പോഴത്തെ കളികള്‍. ഇഴഞ്ഞു നീങ്ങിയിരുന്ന നാരദ കേസ് വീണ്ടും സജീവമാക്കിയതും തൃണമൂല്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്. മുകുള്‍ റോയിക്കും സുവേന്ദു അധികാരിക്കും നേരേ മാത്രമല്ല ബംഗാളില്‍ ബി ജെ പി വലയെറിഞ്ഞിരുന്നത്.
മറ്റു പല നേതാക്കളെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ബി ജെ പിക്ക് വഴങ്ങാതെ നിന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായ നേതാക്കള്‍. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇതൊക്കെയാണ് വരാനിരിക്കുന്നതെന്ന് മറ്റു നേതാക്കള്‍ക്കൊരു മുന്നറിയിപ്പു കൂടിയാണ് ഈ അറസ്റ്റ്. ഇവിടെ കീഴ് വഴക്കങ്ങളും ചട്ടങ്ങളും അപ്പാടെ ലംഘിക്കപ്പെട്ടു. എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കേണ്ടതുണ്ട്. സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവര്‍ണറില്‍ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരെയും എം എല്‍ എമാരെയും സി ബി ഐ കസ്റ്റഡിയിലെടുത്തത്. കേന്ദ്രത്തിന്റെ ചട്ടുകങ്ങളാണല്ലോ നിലവില്‍ ഗവര്‍ണര്‍മാര്‍.
ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ തിരഞ്ഞെടുപ്പിലാണ് ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതും ബി ജെ പിയെ പ്രതിപക്ഷത്തിരുത്തിയതും. ഈ ജനവിധി മാനിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണ് രാഷ്ട്രീയ ധാര്‍മികത അശേഷമുണ്ടെങ്കില്‍ ബി ജെ പി ചെയ്യേണ്ടത്. ഇതിനു പകരം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണകക്ഷിയെ ദുര്‍ബലമാക്കിയോ, ജനപ്രതിനിധികളെ ചാക്കിട്ടു പിടിച്ചോ സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം കൈയടക്കാന്‍ ശ്രമിക്കുന്നത് തനി ഫാസിസവും ജനാധിപത്യത്തെ അപഹസിക്കലുമാണ്. നേരത്തേ പല സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഗവര്‍ണര്‍മാരെയും ഉപയോഗപ്പെടുത്തി ഭരണ അട്ടിമറി നടത്തിയിട്ടുണ്ട് മോദി സര്‍ക്കാര്‍. 2020 മാര്‍ച്ചിലാണ് മധ്യപ്രദേശിലെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ശിവരാജ് സിംഗിന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാറിനെ വാഴിച്ചത്. ഡല്‍ഹിയില്‍ ബി ജെ പി രണ്ട് തവണ ആം ആദ്മി പാര്‍ട്ടിയോട് വന്‍ തോല്‍വി തന്നെ ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന്, ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി സംസ്ഥാനത്തിന്റെ ഭരണം കേന്ദ്രം കൈപിടിയിലൊതുക്കിയതും ജനങ്ങള്‍ അധികാരത്തിലേറ്റിയ കെജ്‌രിവാള്‍ സര്‍ക്കാറിനെ കേവലം റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റിയതും മൂന്നാഴ്ച മുമ്പാണ്. ഇതിന്റെ തുടര്‍ച്ചയാണ് ബംഗാളിലെ ഇപ്പോഴത്തെ കളികളും.