International
ഗാസക്ക് പിന്നാലെ ലെബനേനിലും ഇസ്‌റാഈല്‍ കടന്നാക്രമണം

ജറൂസലം | ഫലസ്തീനെ കൊലക്കളമാക്കുന്നതിന് പിന്നാലെ ലെബനേന്‍ നേരെയും ഇസ്‌റാഈല്‍ ആക്രമണം. 22 തവണ ഇസ്‌റാഈലില്‍ നിന്ന് ഇന്നലെ ഷെല്ലാക്രമണമുണ്ടായതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ലെബനേനില്‍ നിന്നും റോക്കറ്റ് ആക്രമണുണ്ടായതായും ഇതിന് തിരിച്ചടി നല്‍കുകയാണ് ഉണ്ടായതെന്നുമാണ് ഇസ്‌റാഈല്‍ വിശദീകരം. അതിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 212 ആയി. ഇതില്‍ 61 പേര്‍ കുട്ടികളാണ്. 15000ലേറെ ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ പരസ്യമാായി വെടിനിര്‍ത്തലിന് ആവശ്യപ്പെടുന്ന അമേരിക്ക തന്നെ ഇസ്‌റാഈലിന് കൂടുതല്‍ ആക്രമണം നടത്താന്‍ ആയുധങ്ങള്‍ നല്‍കാനുള്ള നീക്കത്തിലാണ്. 73.5 കോടി ഡോളറിന്റെ (5300 കോടി രൂപ) ആയുധങ്ങളാണ് പുതുതായി ഇസ്‌റാഈലിന് കൈമാറുന്നത്. ഇതിന് യു എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണെങ്കിലും പ്രയാസമില്ലാതെ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് സൂചന. ബോംബുകളെ കൂടുതല്‍ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെ ഡി എ എമ്മുകളാണ് ഇതില്‍ പ്രധാനം. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇവ കൂടി എത്തുന്നതോടെ നാശനഷ്ടം ഇരട്ടിയാകും. ആള്‍നാശവും കൂടും.