Connect with us

Fact Check

#FACTCHECK: ചുഴലിക്കാറ്റില്‍ മുംബൈയിലെ ആഡംബര ഹോട്ടല്‍ തകര്‍ന്നോ?

Published

|

Last Updated

മുംബൈ | ടൗട്ടേ ചുഴലിക്കാറ്റ് കാരണം മുംബൈയിലെ ആഡംബര ഹോട്ടലില്‍ നാശനഷ്ടമുണ്ടായതായി വ്യാപക പ്രചാരണമുണ്ട്. സൗത്ത് മുംബൈയിലെ ട്രിഡന്റ് ഹോട്ടലില്‍ നാശനഷ്ടമുണ്ടായതാണ് പ്രചാരണം. കാറ്റ് കാരണം പോസ്റ്റുകളും മറ്റും തകര്‍ന്നുവീണ് പാര്‍ക്കിംഗ് സ്ഥലത്തെ വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി സി സി ടി വി ദൃശ്യം ഉപയോഗിച്ചാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:

വസ്തുത: സഊദി അറേബ്യയിലെ മദീനയില്‍ നിന്നുള്ള സി സി ടി വി ദൃശ്യം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. 2020 ജൂലൈ 30ന് മദീനയിലെ അല്‍ മുഗ്ദരിബ് സ്ട്രീറ്റില്‍ വീശിയ കാറ്റില്‍ പോസ്റ്റും ഹോട്ടലിന്റെ മുകളില്‍ നിന്നുള്ള മറ്റ് വസ്തുക്കളും ഒടിഞ്ഞുവീണ് കാറുകള്‍ തകര്‍ന്നതാണ് വീഡിയോയിലുള്ളത്. പ്രചരിക്കുന്ന സി സി ടി വി ദൃശ്യത്തിന്റെ മുകളില്‍ വലതുഭാഗത്തായി 2020 ജൂലൈ 30 എന്ന തീയതിയുണ്ട്.

അല്‍ ജസീറയടക്കമുള്ള മാധ്യമങ്ങള്‍ സഊദിയിലുണ്ടായ കാറ്റും അപകടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ആള്‍ ഇന്ത്യാ റേഡിയോ ട്രിഡന്റ് ഹോട്ടലിന്റെ പരിസരത്ത് നിന്നുള്ള വീഡിയോ ഉള്‍പ്പെടുത്തി അപകടമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്. അതിനാല്‍ അതിതീവ്ര ചുഴലിക്കാറ്റില്‍ മുംബൈയിലെ ആഡംബര ഹോട്ടല്‍ തകര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പറയാം.