Kozhikode
ചിറകിന് നീളം 27 സെന്റിമീറ്റര്‍; കൗതുകമായി അപൂര്‍വയിനം ചിത്രശലഭം

മലപ്പുറം | ലോകത്തിലെ ഏറ്റവും നീളമുള്ള ചിറകുകളോട് കൂടിയുള്ള അപൂര്‍വയിനം ചിത്രശലഭത്തെ കണ്ടെത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം ചെനക്കല്‍ ചീരാന്‍ തൊടി നാസറിന്റെ വീട്ടില്‍ നിന്നാണ് ശലഭത്തെ കണ്ടെത്തിയത്. അറ്റ്‌ലസ് മോത്ത് എന്നറിയപ്പെടുന്ന ശലഭം സാറ്റര്‍നിഡെ കുടുംബത്തില്‍ പെട്ടതാണ്. ചിറകിന് 27 സെന്റീമീറ്റര്‍ നീളമുണ്ട്. 26 സെന്റീമീറ്റര്‍ ആണ് ലോകത്ത് ഇതുവരെ ഒരു ചിത്രശലഭത്തിന്റെ ചിറകിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നീളം.
ചിറകിന്റെ അറ്റം പാമ്പിന്റെ തലയോടിനോട് സാദൃശ്യമുള്ളതിനാല്‍ അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇവയെ സഹായിക്കുന്നതായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സുബൈര്‍ മേടമ്മല്‍ പറഞ്ഞു. പെണ്‍ ശലഭങ്ങള്‍ ഒരു പ്രത്യേക ദ്രാവകം ശ്രവിപ്പിച്ചാണ് ആണ്‍ ശലഭങ്ങളെ ആകര്‍ഷിക്കുന്നത്. ആണ്‍ ശലഭങ്ങള്‍ പെണ്‍ ശലഭങ്ങളെക്കാള്‍ വലുതും രണ്ട് ആന്റിനയോട് കൂടിയുള്ളതുമാണ്. രണ്ടാഴ്ച മാത്രമാണ് ആയുസ്സ്. പ്രായപൂര്‍ത്തിയായാല്‍ യാതൊരു ഭക്ഷണവും കഴിക്കാറില്ലെന്നും സുബൈര്‍ പറഞ്ഞു.
ഏഷ്യയിലും തെക്കുകിഴക്കനേഷ്യയിലും സിംഗപ്പൂരിലും ഇവ കാണപ്പെടുന്നു. കേരളത്തില്‍ അപൂര്‍വമായാണ് ഇത്തരം ചിത്രശലഭങ്ങളെ കാണുന്നത്. ഇവയുടെ കൊക്കൂണ്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ ഫഗര എന്നറിയപ്പെടുന്ന സില്‍ക്കും തായ്വാനില്‍ ഏറെ വിലപിടിപ്പുള്ള പോക്കറ്റ് പേഴ്‌സുകളും നിര്‍മിക്കാറുണ്ട്. ചിത്രശലഭത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗത്തിലേക്ക് കൊണ്ടുപോയി.