Connect with us

Ongoing News

സംസ്ഥാനത്ത് 18- 44 പ്രായത്തിലുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷനാണ് നാളെ മുതല്‍ നടക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ആകെ 1,90,745 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 40,000ത്തോളം പേരാണ് രേഖകള്‍ അപ് ലോഡ് ചെയ്തത്. അവരില്‍ അനുബന്ധ രോഗത്തിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

വണ്‍ പേഴ്‌സണ്‍ വണ്‍ ഇലക്‌ടോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ഉദാത്തമായ ആശയം കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐ.ടി. വിംഗ് ആയി പ്രവര്‍ത്തിക്കുന്ന ഇഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.