International
ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം; എട്ട് കുട്ടികളടക്കം പത്ത് മരണം

ഗാസ സിറ്റി | ഫലസ്തീന്‍ ജനതക്കെതിരായ കൊടുംക്രൂരതയില്‍ ഒരു അയവും വരുത്താതെ ഇസ്‌റാഈല്‍. ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഭീകരമായ വ്യോമാക്രമണത്തില്‍ എട്ട് കുട്ടികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ ഭീകര താണ്ഡവം ആറ് ദിനം പിന്നിടുമ്പോള്‍ മരണസംഖ്യ 140 ആയി ഉയര്‍ന്നു. 39 കുട്ടികളാണ് ഇതുവരെ വ്യോമാക്രമണത്തിന് ഇരയായത്. ആയിരത്തോളം പേർക്ക് പരുക്കേറ്റു.
ഗാസാ മുനമ്പിലെ ശതി അയാര്‍ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു കുടുംബത്തിലെ പത്ത് പേരാണ് മരിച്ചത്. രണ്ട് പേര്‍ സ്ത്രീകളാണ്. ഒരു കുട്ടിയടക്കം 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് കെട്ടിട ഉടമയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം തുടങ്ങിയപ്പോള്‍ തങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നാല് നിലയുള്ള വീട് പൂര്‍ണമായും തകരുന്നത് തങ്ങള്‍ കണ്ടുവെന്നും ഇവര്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും അഭയാര്‍ഥികള്‍ കഴിയുന്ന മൂന്നാമത്തെ ക്യാമ്പാണ് ശതിയിലേത്. 0.52 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ക്യാമ്പില്‍ 85000 അഭയാര്‍ഥികളാണ് കഴിയുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഇസ്റാഈൽ അധിനിവേശത്തിനെതിരെയും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിനെതിരെയും പ്രതിഷേധിച്ച 13 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. അധിനിവേശ കിഴക്കൻ ജറുസലേമിൽ ഇസ്റാഈൽ പോലീസും ഫലസ്തീൻ പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രാത്രി വരെ തുടർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്റാഈൽ പക്ഷത്ത് കുറഞ്ഞത് എട്ടുപേർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്റാഈലിലെ വിവിധ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ എറിഞ്ഞതായി ഇസ്രായേൽ സൈന്യം പറയുന്നു.
അക്രമം രൂക്ഷമാകുമ്പോൾ, മാനുഷിക പ്രതിസന്ധി അതിലേറെ രൂക്ഷമാകുന്ന സ്ഥിതിയാണ് ഫലസ്തീനിലുള്ളത്. ഇസ്റാഈൽ പീരങ്കിപ്പടയിൽ നിന്ന് രക്ഷ തേടി ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾ വടക്കൻ ഗാസയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളുകളിൽ അഭയം തേടിക്കഴിഞ്ഞു. ഇസ്റാഈൽ ആക്രമണം തുടങ്ങിയതിന് ശേഷം പതിനായിരത്തോളം ഫലസ്തീനികൾ ഗാസ വിട്ടതായാണ് യുഎൻ അറിയിക്കുന്നത്.