Covid19
ഉത്തര്‍ പ്രദേശിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്ന നിലയില്‍

ഗാസിപൂര്‍ | തുടര്‍ച്ചയായ രണ്ടാം ദിനവും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്ന നിലയില്‍ കണ്ടെത്തി. ഇന്ന് ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലാണ് മൃതദേഹങ്ങള്‍ ഒഴുകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം ബിഹാറിലും ഗംഗാ നദിയില്‍ മൃതേദഹങ്ങള്‍ കരക്കടിഞ്ഞിരുന്നു.
ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലം ബിഹാറിലെ ബക്‌സറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ്. ബക്‌സറില്‍ നൂറിലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. പ്രദേശവാസികളില്‍ ഇത് ഭീതിയും പ്രതിഷേധവുമുണ്ടാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ടതാണ് മൃതദേഹങ്ങളെന്ന് ബിഹാര്‍ അധികൃതര്‍ പറയുന്നു. ഇത്തരം ആചാരം ബിഹാര്‍ ജനതക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് രോഗികളുടെതാണ് മൃതദേഹങ്ങളെന്നാണ് സംശയിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ സംസ്‌കരിക്കാന്‍ പോലും ഇടമില്ലാത്തതിനാല്‍ നദിയിലേക്ക് മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതെന്നാണ് സംശയിക്കുന്നത്.