National
വിവാദ ട്വീറ്റിനെ തുടര്‍ന്ന് കങ്കണ റണൗത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി

മുംബൈ | വിവാദ ട്വീറ്റിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി ഒഴിവാക്കി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ ആക്രമണത്തെ സംബന്ധിച്ചാണ് നടിയുടെ വിവാദ പോസ്റ്റ് വന്നത്. വിദ്വേഷ പെരുമാറ്റവും മോശം സ്വഭാവവും കാരണം ട്വിറ്റര്‍ നയം നിരന്തരം ലംഘിക്കുകയാണ് കങ്കണയുടെ അക്കൗണ്ടെന്ന് ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ട്വിറ്ററിന് വംശീയതയാണെന്ന് നടി തിരിച്ചടിച്ചു. തന്റെ ശബ്ദമുയര്‍ത്താന്‍ സ്വന്തം നിലക്ക് ശ്രമിക്കുമെന്നും സിനിമകളിലൂടെയും മറ്റും അത് നിറവേറ്റുമെന്നും കങ്കണ പറഞ്ഞു.
2000ലെ തന്റെ തനിരൂപം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെ മെരുക്കണമെന്നായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ചായിരുന്നു ഈ പരാമര്‍ശം. നേരത്തേയും വര്‍ഗീയതയും വംശീയതയും നിറഞ്ഞ ട്വീറ്റുകള്‍ കങ്കണയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് കങ്കണ