Kerala
നേതൃമാറ്റവും പുനഃസംഘടനയും അനിവാര്യം; കെ സി ജോസഫ്

കോട്ടയം നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശന കൊടുങ്കാറ്റ് തുടരുന്നു. പാര്‍ട്ടിയില്‍ നേതൃമാറ്റവും പുനഃസംഘടനയും അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. 41 സീറ്റില്‍ മാത്രമായി ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം. 2016ല്‍ അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നേരെ വലിയ വിവാദങ്ങളുയര്‍ന്നിട്ടും അതിനേക്കാള്‍ സീറ്റ് യ ഡി എഫിനും കോണ്‍ഗ്രസിനും കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുമെന്നും അദ്ദേഹേം പറഞ്ഞു.
കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ ആര്‍ക്കും കണ്ടാല്‍ അറിയില്ല. ഒരു മേജര്‍ ഓപ്പറേഷന്‍ കോണ്‍ഗ്രസിന് വേണം. മുല്ലപ്പള്ളി രാമചന്ദ്രനോ, ഡി സി സി പ്രസിഡന്റുമാരോ മാത്രം രാജിസന്നദ്ധത അറിയിച്ചതുകൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ദൗര്‍ലഭ്യം കണ്ടെത്തുകയും പുനസംഘടന നടത്തുകയും വേണം.
തൊലിപ്പുറത്തെ ചികിത്സ ഒരിക്കലും പരിഹാരമാര്‍ഗമല്ല. താഴെക്കിടയില്‍ പാര്‍ട്ടിക്ക് അടിത്തറയില്ലാതായി. ചില നേതാക്കളുടെ ആള്‍ക്കൂട്ടം മാത്രമാണുള്ളത്. അവരെ കണ്ടാല്‍പോലും ആരും അറിയില്ല. ലോകസഭ്സഭ വിജയത്തില്‍ മതിമറന്ന കോണ്‍ഗ്രസ് എല്ലാം നമ്മുടെ വഴിക്കാണെന്ന് ചിന്തിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്തുകൊണ്ടാണെന്ന് പരിശോധിക്കാന്‍ പോലും തയ്യാറായില്ല. പ്രാദേശിക തിരഞ്ഞെടുപ്പാണ്, അവിടെ കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല, വ്യക്തികളാണ് പ്രധാനം എന്നെല്ലാമുള്ള ഒഴിവുകഴിവുകള്‍ പറയുകയായിരുന്നു. ആ പരാജയത്തെ മൂടിവെക്കാന്‍ ശ്രമിച്ചു, അത് വലിയ പരാജയമായിപ്പോയി. അന്ന് തന്നെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറായെങ്കില്‍ ഈ പരാജയം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.