Connect with us

Kerala

വോട്ടെണ്ണല്‍ തുടങ്ങി; ആകാംക്ഷയോടെ കേരളം

Published

|

Last Updated

തിരുവനന്തപുരം |നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഉച്ചയോടെ കേരളം ആര് ഭരിക്കുമെന്ന് ഏകദേശ ധാരണയാകും . ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയും.തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

രാവിലെ 6ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും.

ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.

അതേ സമയം വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.