Covid19
സഊദിയിൽ 89,45,968 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു

ദമാം | സഊദിയിൽ 89,45,968 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം. പശ്ചിമേഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രില്‍ 28 വരെയുള്ള കണക്കാണിത്. രാജ്യത്ത് ഇതുവരെ 16,774,888 പി സി ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 66,185 സ്രവ സാമ്പിളുകള്‍ ടെസ്റ്റുകൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച 1,026 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 1,055 പേരും 11 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ 9,852 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,312 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 416,307 ഉം മരണ നിരക്ക് 6,946 ഉം രോഗമുക്തി നേടിയവര്‍ 399,509ഉം ആയി.
കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. രാജ്യ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. വിവിധ പ്രവിശ്യകളിൽ രോഗികൾ: റിയാദ് 441, മക്ക 233, കിഴക്കൻ പ്രവിശ്യ 133, അസീർ 49, മദീന 33, ജീസാൻ 33 ,അൽ- സീം 21, ഹാഇൽ 21, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 16, നജ്റാൻ 10, അൽബാഹ 10, അൽ ജൗഫ് 8.