Connect with us

Articles

ആരാധനകളാല്‍ ആത്മാവിനെ സംസ്‌കരിക്കുക

Published

|

Last Updated

വിശുദ്ധ റമസാന്‍ ആത്മസംസ്‌കരണത്തിന്റെ മാസമാണ്. നാം പലപ്പോഴായി കേള്‍ക്കുകയും പഠിക്കുകയും ചെയ്ത യാഥാര്‍ഥ്യമാണ് ഇത്. ഭൗതിക ലോകവുമായി കൂടുതല്‍ ഇടപഴകിച്ചേരുന്നത് മൂലം ജീവിതത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യത്തിന് ഭംഗം വരുന്ന ധാരാളം തെറ്റുകളും കുറ്റങ്ങളും അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന ലക്ഷ്യമായ ആത്മാവിനെ സംസ്‌കരിച്ചെടുക്കുക എന്നതിന് പറ്റിയ സാഹചര്യങ്ങളൊക്കെ അല്ലാഹു തന്നെ ഒരുക്കി തരുന്ന മാസമാണ് റമസാന്‍.
നാം നിര്‍വഹിക്കുന്ന ഓരോ ആരാധനാ കര്‍മങ്ങള്‍ക്കും ഒരു ആത്മാവുണ്ട്. ആ ആത്മാവ് തന്നെയാണ് നമ്മുടെ ലക്ഷ്യം. അത് വിശുദ്ധ റമസാനിലെ നോമ്പായാലും ഓരോ ദിവസവും നിര്‍വഹിക്കുന്ന 17 റക്അത്തുകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് വഖ്ത്ത് നിസ്‌കാരമായാലും കഴിവും സാഹചര്യവും ഒത്തുവന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മമാണെങ്കിലും തന്റെ സമ്പത്തില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സകാത്താണെങ്കിലും അതിന്റെയൊക്കെ പിന്നിലുള്ള അടിസ്ഥാനപരമായ ലക്ഷ്യം അത് നിര്‍വഹിക്കുന്ന വ്യക്തിയുടെ സംസ്‌കരണമാണ്.

ഓരോ ആരാധനയും ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നുണ്ട്. നല്ല മനുഷ്യനെന്ന് പറയുന്നത് കാഴ്ചയില്‍ പ്രതാപിയായി തോന്നുന്ന, വൃത്തിയും വെടിപ്പുമുള്ള മനുഷ്യന്‍ എന്നല്ല, മറിച്ച് തഖ‌്വയിലധിഷ്ഠിതമായി ജീവിക്കുന്നയാള്‍ എന്നാണ്. ഒരു നല്ല മനുഷ്യനില്‍ നിന്ന് ആര്‍ക്കും ഒരു ദ്രോഹവും ഉണ്ടാകില്ല. അല്ലാഹുവിനെ ഭയപ്പെട്ട്, അവന്റെ ഓര്‍മകള്‍ വിചാരവീഥിയെ സ്വാധീനിച്ച്, അല്ലാഹുവിലുള്ള ചിന്ത അവനോടൊപ്പം സഞ്ചരിക്കുന്ന തരത്തില്‍, മനുഷ്യ ജീവിതത്തിന്റെ വികാര വിചാരങ്ങളെയും ക്രയവിക്രയങ്ങളെയും പ്രവര്‍ത്തനങ്ങളെയും സമീപന രീതികളെയും നിയന്ത്രിക്കുന്ന തലത്തിലേക്ക് മനുഷ്യന്റെ ജീവിതം മാറുമ്പോഴാണ് നല്ല മനുഷ്യര്‍ സമൂഹത്തില്‍ ഉണ്ടാകുന്നത്. ആരാധനകളുടെ ലക്ഷ്യവും അതാണ്.
ആരാധനകളെ കുറിച്ച് പഠിക്കുമ്പോള്‍ നല്ല മനുഷ്യനെ രൂപപ്പെടുത്തുന്ന വിവിധ തലങ്ങള്‍ നമുക്ക് കാണാം. അടിസ്ഥാനപരമായി മനുഷ്യന്റെ സംസ്‌കരണമാണെങ്കിലും സ്വാര്‍ഥതയില്ലാത്ത സമൂഹത്തെ മാനിക്കുന്ന വിനയമുള്ള ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുക എന്നതും ആരാധനകളുടെ ലക്ഷ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുപിടി ഭക്ഷണത്തിനായി 360 ദിവസവും അലഞ്ഞുനടക്കുന്ന മനുഷ്യര്‍ അഭിമുഖീകരിക്കുന്ന വിശപ്പിന്റെ കാഠിന്യത്തെ ഒരു ദിവസത്തിന്റെ അര്‍ധഭാഗം നിരാഹാരമനുഷ്ഠിച്ച് ബോധ്യപ്പെടുമ്പോള്‍ ഒരു വിശ്വാസിയെ സാമൂഹിക പ്രതിബദ്ധതയുള്ളവനായി നോമ്പ് മാറ്റിയെടുക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും.

പൂര്‍ണ അനാഥത്വത്തില്‍ പ്രവാചകര്‍ (സ)യെ വളര്‍ത്തിക്കൊണ്ടുവന്നതിന്റെ ലക്ഷ്യം താന്‍ നയിക്കപ്പെടുന്ന ജനങ്ങളുടെ വേദനകളും അനാഥത്വത്തിന്റെ പ്രതികൂല സാഹചര്യങ്ങളും പട്ടിണി കിടക്കുന്നവരുടെ വേദനകളും മനസ്സിലാക്കാനും പ്രയാസമനുഭവിക്കുന്നവരെ തിരിച്ചറിയാനും വേണ്ടിയുള്ള പരിശീലനമായിരുന്നല്ലോ. വിശ്വാസികള്‍ക്ക് റമസാനിലെ നോമ്പ് എന്നത് പട്ടിണി എന്ന മനുഷ്യന്‍ ഭയപ്പെടുന്ന ഭീകരതയെ തിരിച്ചറിഞ്ഞ് സ്വാര്‍ഥത വെടിഞ്ഞ് നമ്മള്‍ എന്ന മനോഭാവം രൂപപ്പെടുത്തി സമൂഹത്തിന്റെ വേദന തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ഒരാളെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്. അങ്ങനെ വരുമ്പോഴേ നമ്മുടെ നോമ്പുകള്‍ക്ക് സ്വീകാര്യതയുള്ളൂ. ഈ വിധത്തില്‍ ആരാധനകള്‍ രൂപപ്പെടുത്തിയ നിരവധി മഹാന്മാരുടെ ചരിത്രങ്ങള്‍ കാണാം. യര്‍മൂക്ക് യുദ്ധത്തിലെ അവസാന ഘട്ടത്തില്‍ മരണമാസന്നമായി കിടക്കുമ്പോഴും മുമ്പിലെത്തുന്ന വെള്ളം തൊട്ടടുത്തയാള്‍ക്ക് കൊടുക്കാന്‍ കല്‍പ്പിക്കുന്ന ഇക് രിമ(റ) യെ നമുക്കറിയാം. ഇസ്‌ലാം രൂപപ്പെടുത്തിയ സാമൂഹിക പ്രതിബദ്ധതയുടെ വിശ്വചിത്രമാണത്. ജീവിതത്തിലുടനീളം അഹങ്കാരത്തിന്റെ പര്യായമായിരുന്ന അബൂജഹ‌ലിന്റെ മകനായിട്ടു പോലും ഇക് രിമ(റ)യെ ഇങ്ങനെയാണ് ഇസ്‌ലാം രൂപപ്പെടുത്തിയത്. മരണസമയത്ത് കിട്ടുന്ന പാനപാത്രം പോലും മറ്റുള്ളവന് വെച്ചുനീട്ടാനുള്ള തരത്തില്‍ ഈമാന്‍ തുളുമ്പുന്നത് ആരാധനകളിലൂടെ രൂപപ്പെടുത്തിയ സാമൂഹിക മാനത്തിലൂടെയാണ്.

അബ്ദുല്‍ ജലീല്‍ സഖാഫി
കടലുണ്ടി