Connect with us

Editorial

ആശങ്കയല്ല, കരുതലാണ് വേണ്ടത്

Published

|

Last Updated

കൊവിഡ് രണ്ടാം തരംഗത്തില്‍ നിലവില്‍ കേരളത്തില്‍ ചികിത്സാ പ്രതിസന്ധിയില്ല. ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതെങ്കിലും രോഗികള്‍ക്കാവശ്യമായ ആശുപത്രി സൗകര്യങ്ങളും ഓക്‌സിജന്‍ ലഭ്യതയും സംസ്ഥാനത്തുണ്ട്. ഇതര സംസ്ഥാനങ്ങളിലെ പോലെ ഓക്‌സിജനു വേണ്ടിയുള്ള മുറവിളികള്‍ ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നില്ല. ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം ഒരു രോഗിയും മരിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പേ ആരംഭിച്ച തയ്യാറെടുപ്പുകളാണ് കേരളത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ നിന്ന് രക്ഷിക്കുന്നത്. കൊവിഡിന്റെ ആദ്യഘട്ട വ്യാപനം തൊട്ടേ ചികിത്സക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ)സഹകരണത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.

പെസോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്ന ആര്‍ വേണുഗോപാല്‍, കൊവിഡ് കേസുകളുടെ വര്‍ധന മുന്‍കൂട്ടി കണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് ഓക്‌സിജന്‍ ഫില്ലിംഗ് പ്ലാന്റുകളുടെയും ഉത്പാദകരുടെയും യോഗം വിളിച്ചു. രോഗം വ്യാപിച്ചാല്‍ ഓക്‌സിജന്‍ ക്ഷാമത്തിനു സാധ്യതയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തിയ അദ്ദേഹം ഓക്‌സിജന്‍ സ്‌റ്റോക്കിന്റെയും വിതരണത്തിന്റെയും ദിനംപ്രതിയുള്ള കണക്കുകള്‍ ആവശ്യപ്പെടുകയും ഈ വിവരങ്ങള്‍ ചാര്‍ട്ടാക്കി സൂക്ഷിച്ചു വരികയും ചെയ്തു. അടഞ്ഞു കിടക്കുകയായിരുന്ന പ്ലാന്റുകളെ പ്രവര്‍ത്തനക്ഷമമാക്കുകയും വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിന്‍ഡറുകളെ മെഡിക്കല്‍ ഓക്‌സിജന്‍ സിലിന്‍ഡറാക്കുകയും ഓക്‌സിജന്‍ സിലിന്‍ഡര്‍ സപ്ലൈ വര്‍ധിപ്പിക്കുകയും ചെയ്തു. പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള നടപടികള്‍ ആരോഗ്യവകുപ്പും നടത്തി. ഈ കരുതല്‍ നടപടികളാണ് കേരളത്തെ രക്ഷിച്ചതും ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഇതര സംസ്ഥാനങ്ങളെ സഹായിക്കാന്‍ സാധ്യമാക്കിയതും.
അതേസമയം, കൊവിഡ് രണ്ടാം തരംഗ വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചു വരികയാണ്. തുടക്കത്തില്‍ ദിനംപ്രതി 30-35 ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു കൊവിഡ് ആവശ്യത്തിന്. പിന്നീട് 50 ടണ്‍ ആയും കഴിഞ്ഞയാഴ്ചയോടെ 76-86 ടണ്‍ ആയും ആവശ്യകത വര്‍ധിച്ചു. ഇപ്പോഴത് 95 ടണ്ണായി. മെയ് ആദ്യത്തോടെ നൂറ് ടണ്ണിനു മുകളിലേക്ക് ഉയരുമെന്നാണ് പെസോയുടെ കണക്കുകൂട്ടല്‍. എങ്കിലും ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജനുണ്ടെന്നും സിലിന്‍ഡറുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും പെസോ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ വേണുഗോപാല്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കുകയുണ്ടായി. എങ്കിലും രോഗബാധിതരുടെ വന്‍തോതിലുള്ള വര്‍ധന ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തിങ്കളാഴ്ച 96,378 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,890 എണ്ണത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു (പോസിറ്റീവ് നിരക്ക് 22.71 ശതമാനം. ഞായറാഴ്ചയിലെ നിരക്ക് 22.46 ശതമാനമായിരുന്നു). 28 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2,32,811 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 4,98,196 പേര്‍ നിരീക്ഷണത്തിലുമാണ്.
അടുത്തയാഴ്ചയോടെ കേരളം രണ്ടാം തരംഗ വ്യാപനത്തിന്റെ ഉച്ചിയിലെത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഇപ്പോഴത്തെ നിലയില്‍ തന്നെയാണ് രോഗവ്യാപനമെങ്കില്‍ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തോളവും ചികിത്സയിലുള്ള രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തോളവുമാകാന്‍ സാധ്യതയുണ്ട്. ഇതില്‍ അഞ്ച് ശതമാനത്തോളം പേര്‍ക്ക് ഐ സി യു, ഓക്‌സിജന്‍ സൗകര്യങ്ങളും വെന്റിലേറ്ററും വേണ്ടിവരുമെന്നാണ് നിഗമനം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിനു സമാനമാണ് കേരളത്തിലെ അവസ്ഥയെന്നും ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും തിങ്കളാഴ്ച മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആശങ്കപ്പെടുകയുണ്ടായി. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുമ്പേ ഉണ്ട്. ആ അവസ്ഥയാണിപ്പോള്‍ കേരളത്തിലെന്നും അദ്ദേഹം അറിയിച്ചു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ആവശ്യമായി വരും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ്, കൊവിഡേതര രോഗികള്‍ക്കെല്ലാം കൂടി 2,665 ഐ സി യു ബെഡ്ഡുകളാണുള്ളത്. സ്വകാര്യ മേഖലയില്‍ ഏഴായിരത്തിലേറെ കിടക്കകളുള്ളതില്‍ മുന്നൂറോളമാണ് കൊവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചത്. രോഗികളുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് വിഭാഗത്തിനായി മാറ്റിവെക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ സമ്മതിച്ചിട്ടുണ്ട്.
ചികിത്സക്ക് സര്‍ക്കാര്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ തന്നെ, ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ച പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുക കൂടി ചെയ്യണം. എങ്കിലേ രോഗവും രോഗവ്യാപനവും നിയന്ത്രണ വിധേയമാക്കാനാകുകയുള്ളൂ. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിക്കടി ബോധവത്കരണവും മുന്നറിയിപ്പും നല്‍കിയിട്ടും അതൊന്നും ചെവിക്കൊള്ളാതെ നിയമ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ധാരാളം പേര്‍. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തത് 3,651 കേസുകളാണ്. 1,053 പേര്‍ അറസ്റ്റിലുമായി. മാസ്‌ക് ധരിക്കാത്ത 15,011 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാസ്‌ക് ശരിയായി ഉപയോഗിക്കുന്നില്ലെങ്കില്‍, അണുബാധയില്ലാത്ത ഒരാള്‍ക്ക് രോഗബാധയുണ്ടാകാന്‍ 90 ശതമാനമാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്ലിനിക്കല്‍ മാനേജ്‌മെന്റില്‍ ശ്രദ്ധിക്കേണ്ടതിനൊപ്പം ആരോഗ്യ മേഖല മുന്‍വെച്ച നിര്‍ദേശങ്ങളും പാലിച്ചെങ്കിലേ രോഗം നിയന്ത്രണ വിധേയമാക്കാനാകുകയുള്ളൂവെന്ന് കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഗര്‍വാള്‍ ഇന്നലെയും സമൂഹത്തെ ഓര്‍മിപ്പിക്കുകയുണ്ടായി.

Latest