Connect with us

Kerala

കൊവിഡ്: ആരോഗ്യവകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിക്കാലക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

നേരിയ , മിതമായ ,ഗുരുതര എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈല്‍ഡ് വിഭാഗത്തില്‍ വരിക. ഓക്സിജന്റെ അളവ് 91 മുതല്‍ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും, ഓക്സിജന്റെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയര്‍ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.

മൈല്‍ഡ് വിഭാഗത്തിലും മോഡറേറ്റ് വിഭാഗത്തിലുമുള്ള രോഗികളെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനി പറയുന്ന നിര്‍ദേശങ്ങളനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്.

നേരിയ അസുഖം

നേരിയ അസുഖമുള്ളവര്‍ക്ക് 72 മണിക്കൂര്‍ രോഗലക്ഷണങ്ങളൊന്നും തന്നെ കാണാതിരുന്നാല്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഹോം ഐസൊലേഷനില്‍ വിടുന്നതാണ്. ഇവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായ ദിവസം മുതല്‍ 17 ദിവസം കഴിയുന്നതുവരെ ഹോം ഐസൊലേഷനില്‍ തുടരേണ്ടതാണ്.

മിതമായ അസുഖം

മിതമായ അസുഖമുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നാല്‍ ആന്റിജന്‍ പരിശോധന കൂടാതെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. ഇവരെ ചികിത്സിക്കുന്ന കൊവിഡ് കേന്ദ്രത്തില്‍ നിന്നും റൂം ഐസൊലേഷന്‍, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവിടങ്ങളിലേക്ക് മാറ്റും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 72 മണിക്കൂര്‍ പനി, ശ്വാസതടസം, ഓക്സിജന്റെ ആവശ്യം, അമിത ക്ഷീണം, എന്നിവ ഇല്ലാതിരിക്കുന്നവരേയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

ഗുരുതര അസുഖം

ഗുരുതര അസുഖമുള്ളവര്‍, എച്ച്‌ഐവി പോസിറ്റീവ് ആയവര്‍, അവയവം മാറ്റിവച്ച രോഗികള്‍, വൃക്കരോഗികള്‍, കരള്‍ രോഗികള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് രോഗ ലക്ഷണം തുടങ്ങിയത് മുതല്‍ 14-ാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ഇങ്ങനെ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവാകുകയും മൂന്ന് ദിവസം രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ക്ലിനിക്കലി സ്റ്റേബിള്‍ ആണെങ്കിലും ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരെ നെഗറ്റീവാകുന്നതുവരെ 48 മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തേണ്ടതാണ്.

 

---- facebook comment plugin here -----

Latest