Connect with us

Business

റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ 40% ഓഹരി സ്വന്തമാക്കി ഐ‌ എച്ച്‌ സി

Published

|

Last Updated

ഓഹരി ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം ഐ എച്ച്സി സംഘം ഡോ. ഷംഷീർ വയലിലിനൊപ്പം

അബുദാബി | അബുദാബിയിലെ പ്രമുഖ കമ്പനികളിലൊന്നായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി പി‌ ജെ‌ എസ്‌ സി, ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ (ആർ‌ പി‌ എം) 40% ഓഹരി വാങ്ങി. ഡോ. ഷംഷീർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി പി എസ് ഹെൽത്ത്കെയറിനു കീഴിലുള്ള ആർ പി എം, യു എ ഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത്കെയർ മാനേജ്‌മെന്റ് കമ്പനിയാണ്.  അനുബന്ധ സ്ഥാപനങ്ങളിലൊന്നിലൂടെയാണ് ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ആർ പി എമ്മിന്റെ ഓഹരി വാങ്ങുന്നത് പൂർത്തിയാക്കിയത്.

2010ൽ സ്ഥാപിതമായ ആർ പി എം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യു‌ എ ഇയിലെ ഏറ്റവും വലിയ ഓൺ-സൈറ്റ് ഹെൽത്ത് കെയർ മാനേജ്മെൻറ് ദാതാവായി മാറിയതാണ് കമ്പനിയിലേക്ക് പ്രമുഖ നിക്ഷേപകരെ ആകർഷിച്ചത്. വിദൂര വർക്ക് സൈറ്റുകളിൽ നിന്നുള്ള മെഡിക്കൽ എമർജൻസി ട്രാൻസ്ഫറുകൾ. എണ്ണ, വാതക മേഖല, രാസ വ്യവസായങ്ങൾ, നിർമ്മാണ സൈറ്റുകൾ, സൈറ്റ് ക്ലിനിക്കുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്ക് നിലവിൽ ആർ പി എം വൈദ്യസഹായം നൽകുന്നുണ്ട്. 2019 ൽ ആർ‌ പി‌ എം സൗദി അറേബ്യയിലും ഒമാനിലും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.  അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജി സി സി, ആഫ്രിക്ക (ഘാന, നൈജീരിയ), ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കൂടുതൽ തന്ത്രപരമായ പദ്ധതികൾക്ക് രൂപം നൽകിവരികയാണ് കമ്പനി. നിലവിൽ  200 ലധികം സൈറ്റ് ക്ലിനിക്കുകളുള്ള ആർ പി എം നിരവധി കേന്ദ്രങ്ങളിൽ ആംബുലൻസ് സർവീസുകളും ലഭ്യമാക്കുന്നു.

ആരോഗ്യ സംരക്ഷണമേഖലയെ പരിവർത്തനം ചെയ്യാനുള്ള ഐഎച്ച്സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ആർപിഎമ്മിന്റെ ഓഹരികൾ ഏറ്റെടുത്തതെന്ന് ഐഎച്ച്സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസർ ഷുഹെബ് പറഞ്ഞു. ആർപിഎമ്മിന്റെ 200 ഓൺസൈറ്റ് ക്ലിനിക്കുകളിൽ  2020ൽ ഇരുപതു ലക്ഷം പേരാണ് സേവനങ്ങൾ ലഭ്യമാക്കാനെത്തിയത്.  അടുത്ത  അഞ്ചു വർഷത്തിനുള്ളിൽ  ആർപിഎം സേവനങ്ങൾ  ജിസിസിയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശകത്തിലേറെയായുള്ള പ്രവർത്തനത്തിലൂടെ ആർപിഎമ്മിന്  ഏറ്റവും വിശ്വസനീയ ബ്രാൻഡായി മാറാൻ കഴിഞ്ഞതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലെമ്പാടും ഓൺ സൈറ്റ് ഹെൽത്ത്കെയർ മാനേജ്മെന്റ് പ്രദാനം ചെയ്യാനുള്ള ശേഷി ആർപിഎമ്മിനുണ്ട്. ഐഎച്ച്സിയുമായുള്ള  പങ്കാളിത്തം ഇരുകമ്പനികൾക്കും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ആരോഗ്യമേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പുതിയ പദ്ധതികളാണ് ഐഎച്ച്സി പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി