Connect with us

Eranakulam

രാജ്യത്ത് വൈറസ് വ്യാപനം ഏറ്റവും രൂക്ഷം എറണാകുളത്ത്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും എറണാകുളത്തു തന്നെ. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രാജ്യത്ത് തന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ 1.65 ലക്ഷം പേർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചു കഴിഞ്ഞു. അതായത് 21ൽ ഒരാൾ വീതം ജില്ലയിൽ ഇതിനകം പോസിറ്റീവായിക്കഴിഞ്ഞു. പ്രതിദിനം പത്ത് ലക്ഷത്തിൽ 1,300 പേർക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയർന്ന നിലയിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ എറണാകുളത്തേക്കാൾ കുറഞ്ഞ തോതിലാണ് രോഗ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു. പോസിറ്റീവ് കേസും ടി പി ആറും ഉയർന്ന് വൈറസ് പകരാനുള്ള സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്തുന്നതു കൊണ്ടാണ് എറണാകുളം ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) കുറയുകയാണ് വേണ്ടത്. പരിശോധനകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടി പി ആറും വർധിക്കുന്നുവെങ്കിൽ സമൂഹത്തിലെ രോഗവ്യാപനം അത്രത്തോളം രൂക്ഷമാണെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ജില്ലയിൽ രോഗ വ്യാപനത്തിന്റെ തോതനുസരിച്ച് ഓക്‌സിജൻ ലഭ്യതയും ചികിത്സക്കാവശ്യമുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നത്.

വരുന്നയാഴ്ച 1,500 ഓക്‌സിജൻ കിടക്കകളും അതിനടുത്ത ആഴ്ച 2,000 ഓക്‌സിജൻ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ താലൂക്കുകളിലും ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തും. സഹകരണ ആശുപത്രികളും ചികിത്സക്കായി ഉപയോഗപ്പെടുത്തും. ആവശ്യമെങ്കിൽ ഇ എസ് ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകളെങ്കിലും ചികിത്സക്കായി മാറ്റിവെക്കാനും നിർദേശം നൽകും. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗം ഇന്ന് വിളിച്ചുചേർക്കാനും മന്ത്രി വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം ആറ് ദിവസം കൊണ്ടാണ് ജില്ലയിൽ ഇരട്ടിക്കുന്നത്.
നാൽപതിനായിരം പേർ വരെ ഒരേസമയം രോഗികളായാലും ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി എഫ് എ സി ടി, പെട്രോനെറ്റ് എൽ എൻ ജി, ബി പി സി എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും.
നിലവിൽ പ്രവർത്തനക്ഷമമാക്കിയ ആശുപത്രികൾ, സി എഫ് എൽ ടി സികൾ, സി എസ് എൽ ടി സി കൾ, ഡി സി സി കൾ എന്നിവക്ക് പുറമേ ആദ്യഘട്ട പ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കിയ ട്രീറ്റ്‌മെന്റ്സെന്ററുകൾ പുനഃസ്ഥാപിക്കും. മരുന്ന് ലഭ്യതയും കേന്ദ്രങ്ങളിൽ ഉറപ്പു വരുത്തും.
എറണാകുളം ജനറൽ ആശുപത്രിയിലെ ധന്വന്തരി സൊസൈറ്റിയിൽ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കും. ഉച്ചക്ക് ശേഷമുള്ള സർക്കാർ ആശുപത്രികളിലെ ഒ പി സേവനം നിർത്തി വെക്കും. നഴ്‌സുമാരെ കൂടുതലായി താത്്കാലികാടിസ്ഥാനത്തിൽ നിയമിക്കും. കൊവിഡ് പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തും. ജില്ലയിലെ പ്രതിദിന പരിശോധനാ ലക്ഷ്യം 9,990 ആയിരിക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ജില്ലയിൽ നടക്കുന്നത് 15,000 പരിശോധനകളാണ്. രണ്ട് ഘട്ടങ്ങളിലായി നാല് ദിവസം മാത്രമാണ് പ്രത്യേക കൂട്ടപരിശോധനാ ക്യാമ്പയിനുകൾക്ക് രൂപം നൽകിയതെങ്കിലും ആരോഗ്യ വിഭാഗം പരമാവധി ശേഷിയിൽ പരിശോധനകൾ തുടരുകയാണ്.