Connect with us

Kerala

വാക്‌സീനെടുക്കുന്നവർക്ക് രക്തം നൽകാൻ ഇളവ് വേണം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വാക്‌സീനെടുത്തവർക്ക് 28 ദിവസത്തിന് ശേഷമേ രക്തദാനം പാടുള്ളൂവെന്ന നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻസ് കൗൺസിലിന്റെ നിർദേശത്തിൽ ഇളവ് തേടി കേരളം. മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തത്തിന് വലിയ ക്ഷാമമുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനം ഇത്തരത്തിലുള്ള നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ ഒരാൾക്ക് രണ്ട് ഡോസ് വാക്‌സീൻ വേണമന്നിരിക്കെ 56 ദിവസത്തോളം ആ വ്യക്തിക്ക് രക്തദാനം നൽകാൻ കഴിയില്ല. 18 മുതൽ 40 വയസ്സ് വരെയുള്ളവരാണ് നല്ലൊരു ശതമാനം രക്തദാതാക്കളുമെന്നിരിക്കെ രക്തക്ഷാമം വരാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

റെഡ്‌ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ ഈ കാര്യത്തിൽ മെഗാ ക്യാമ്പയിനിലേക്കും നീങ്ങുന്നുണ്ട്. എന്നാൽ, കൂടുതൽ രക്തം സൂക്ഷിക്കാനുള്ള സൗകര്യവും പ്രായോഗിക ബുദ്ധിമുട്ടും ഈ കാര്യത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കും. ഒരാളിൽ നിന്ന് രക്തം സ്വീകരിച്ച ശേഷം റെഡ്‌സെൽസിനെ 42 ദിവസം വരെയും പ്ലേറ്റ് ലെറ്റ്‌സിനെ അഞ്ച് ദിവസം വരെയും പ്ലാസ്മയാക്കി ഒരു വർഷം വരെയും സൂക്ഷിക്കാമെന്നാണ് പഠനം. എന്നാൽ, ഏതാണ്ട് സാധാരണ അവസ്ഥയിൽ കവിഞ്ഞ് വലിയ തോതിൽ രക്തം സൂക്ഷിക്കാനുള്ള സൗകര്യം സർക്കാർ ആശുപത്രികളിലും മറ്റും നിലവിലില്ല. നേരത്തേ വാക്‌സീനെടുത്തവർ മൂന്നാഴ്ച വരെ രക്തദാനം നടത്തരുതെന്നായിരുന്നു ബ്ലഡ് ട്രാൻസ്ഫ്യൂഷൻസ് കൗൺസിൽ നിർദേശിച്ചത്. പിന്നീടാണ് പരിധി നാലാഴ്ചത്തേക്ക് നീട്ടിയത്. എന്നാൽ, രക്തദാനത്തിന്റെ കാര്യത്തിൽ വാക്‌സീനെടുത്തവർക്ക് വിവിധ രാജ്യങ്ങൾ പല തരത്തിലുള്ള നിർദേശങ്ങളാണ് നൽകുന്നത്.

കൊവിഷീൽഡ് വാക്‌സീനെടുത്തവർക്ക് ഇന്ത്യയിലും കാനഡയിലും സമയപരിധി 28 ദിവസമാണെങ്കിൽ ഇംഗ്ലണ്ടിൽ ഒരാഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്തദാനം നൽകാൻ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.