Connect with us

Kerala

കൊവിഡ് വ്യാപനം; രക്ത ക്ഷാമ ഭീതിയിൽ കേരളം

Published

|

Last Updated

കോട്ടയം | കൊവിഡ് വ്യാപനത്തിന് പിന്നാലെ രക്ത ക്ഷാമം രൂക്ഷമാകുന്നു. രക്തത്തിനായി നെട്ടോട്ടമോടുകയാണ് രോഗികളുടെ ബന്ധുക്കൾ. ബ്ലഡ് ബേങ്കുകൾ മിക്കവയും കാലിയായി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
ആക്‌സിഡന്റ്, ബൈപാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്ക് വിധേയരാകേണ്ട രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. രക്തദാനത്തിന് തയ്യാറായിട്ടുള്ള സന്നദ്ധ സംഘടനകളും പ്രതിസന്ധിയിലാണ്. നേരത്തേ കൂടുതൽ രക്തം ആവശ്യമായി വരുന്ന ഘട്ടത്തിൽ ആശ്രയിച്ചിരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ എസ് എസ്, എൻ സി സി യൂനിറ്റുകളുമായി ബന്ധപ്പെട്ട വിദ്യാർഥികളെയായിരുന്നു. കോളജുകളും ഹോസ്റ്റലുകളും അടച്ചിരിക്കുന്നതിനാൽ ആ സാധ്യതകൾ അടഞ്ഞു. കൊവിഡ് മൂലം ഒരു വർഷമായി രക്തത്തിന്റെ ലഭ്യതയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നത്. സന്നദ്ധ രക്തദാന സംഘടനകൾ വഴി രക്തം ആവശ്യമായി വരുന്ന 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരിൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ രക്തമെടുക്കാൻ കഴിയൂ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതൽ 18 വയസ്സ് കഴിഞ്ഞവർക്ക് കൂടി വാക്‌സീൻ ലഭ്യമാകാനിരിക്കെ, രക്തദാനത്തിന്റെ പ്രധാന കണ്ണികളായ യുവാക്കളുടെ ഇടപെടൽ ഈ രംഗത്ത് കുറയും. കൊവിഡ് മഹാമാരിയും വാക്‌സീൻ സ്വീകരണവും തുടങ്ങി വിവിധ പ്രശ്‌നങ്ങൾ രക്തദാതാക്കളെ കണ്ടെത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി രക്ത ബേങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. ഓക്‌സിജൻ ക്ഷാമത്തിന് സമാനമായ പ്രതിസന്ധിയാണ് ബ്ലഡ് മേഖലയിലും ഉയരുന്നത്.