Connect with us

Gulf

പ്രാണവായു നിഷേധിക്കുന്നത് കിരാത നടപടി: കാന്തപുരം

Published

|

Last Updated

ദുബൈ | പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരന്മാരുടെ നിലവിളി കണ്ണീരണിയിക്കുന്നതാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ  മുസ്ലിയാർ ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യം  മഹാമാരിയുടെ ഏറ്റവും കഠിനമായ നാളുകളിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രീയവും മതവും ജാതിയും ചർച്ചക്കെടുക്കേണ്ട സന്ദർഭമല്ല ഇത്. പ്രാണവായു കിട്ടാതെ മരിച്ചു വീഴുന്ന മനുഷ്യന്റെ വേദനയാണ് രാജ്യമിപ്പോൾ ചർച്ച ചെയ്യേണ്ടത്. ഓക്സിജൻ ടാങ്കറുകൾ  തടയുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു എന്ന വാർത്ത ഭീകരമാണ്. ഓക്സിജൻ ശേഖരമുള്ള സംസ്ഥാനങ്ങൾ ഓക്സിജന് വേണ്ടി കേഴുന്ന മറ്റു സംസ്ഥാനങ്ങൾക്ക് അതു നല്കാൻ സന്നദ്ധമാകുന്നതിനേക്കാൾ മാനവികമായ ഒരു ധർമവും ഇപ്പോൾ നിർവഹിക്കാനില്ല. രാഷ്ട്രീയവും ഭരണപരവുമായ അഭിപ്രായഭേദങ്ങളുടെ പേരിൽ ഒരു സമൂഹത്തിനു പ്രാണവായു നിഷേധിക്കുന്നതിനേക്കാൾ കിരാതമായി മറ്റൊന്നുമില്ല.

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നു. അതേസമയം, കോവിഡ് പ്രതിരോധത്തിന് ദേശീയടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലും  കൃത്യമായ ഏകോപനം വേണം. രണ്ടാം തരംഗത്തെ  ഗവൺമെൻ്റുകൾ ഗൗരവതരമായി കണ്ടില്ലെന്ന വിമർശനം തള്ളാൻ കഴിയില്ല. മുൻകരുതലുകളും ആസൂത്രണവും വേണ്ടരൂപത്തിൽ ഉണ്ടായില്ലെന്നത് സത്യമാണ്. കൊവിഡു ചികിത്സയിൽ ഓക്സിജനും വെൻറിലേറ്ററുകളും ആണ് ഏറ്റവും അത്യാവശ്യം എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം  ഭരണകൂടങ്ങൾ വേണ്ടത്ര ഗൗനിച്ചില്ല.

തിരഞ്ഞെടുപ്പിൻ്റെ പേരിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ തന്നെ മുന്നിൽ നിന്നു. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനവും ഈ മഹാമാരിയിൽ ദുരന്തഭൂമിയായി മാറിക്കൂടാ. എല്ലാവർക്കും ഓക്സിജനും മരുന്നും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കണം. വിഭവങ്ങൾ യഥേഷ്ടം ഉള്ള സംസ്ഥാനങ്ങൾ നിർബന്ധമായും മറ്റു സംസ്ഥാനങ്ങൾക്കു പങ്കുവെക്കണം. കൊവിഡ് വാക്സിൻ  വില്പന നടത്തി കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള അവസരമായി ഈ കാലം  ദുരുപയോഗപ്പെടുത്തരുത്.

തുടർച്ചയായ ദുരിതങ്ങളിൽ പ്രയാസപ്പെടുന്ന സംസ്ഥാന സർക്കാരുകൾ വാക്സിന് വില കൊടുക്കേണ്ടിവരുന്നത്  വലിയ തിരിച്ചടിയാണ്. സൗജന്യമായി വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനത്തെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ  സംസ്ഥാന സർക്കാറിനെ സഹായിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദരിദ്രമനുഷ്യരുടെ  വാക്സിൻ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധമാകണമെന്നും  കാന്തപുരം അഭ്യർഥിച്ചു.

Latest