Kerala
വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; കൂടുതല്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
യുവതിയെ ഫോണില്‍ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു
മാനന്തവാടി| വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കൂടുതല്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പരിശോധനയ്ക്കായി ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധ സംഘത്തെ തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. യുവതിയെ ഫോണില്‍ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു. സംഭവത്തില്‍ തുടരന്വേഷണത്തിന് വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുണിക്കെട്ടുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും.
കോഴിക്കോട് നിന്നാകും ഈ സംഘം എത്തുക. ഡിഎംഒ ഡോക്ടര്‍ ആന്‍സി മേരി ജേക്കബ് യുവതിയുടെ വീട്ടില്‍ നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വീട്ടിലെത്തിയത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടര്‍ന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ യുവതി പ്രസവിച്ചത്. 23 ഡിസ്ചാര്‍ജ് ചെയ്തു. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29 ആം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.




