Connect with us

Kozhikode

കെ എ എസ്; ഉദ്യോഗാർഥികളുടെ ആശങ്കകൾ ദൂരീകരിക്കണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് പി എസ് സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ ഉയർത്തിയിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ടെന്ന് എസ് എസ് എഫ്. ഫലം പുറത്തുവന്ന ശേഷം മൂല്യനിർണയത്തിലെ വിശ്വാസ്യതയിൽ ഉദ്യോഗാർഥികൾക്ക് സംശയം ജനിച്ചിട്ടുണ്ട്.
ഒ എസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) രീതി അവലംബിച്ചുള്ള മൂല്യനിർണയത്തിൽ സുതാര്യത വേണ്ടത്രയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ മൂല്യനിർണയം നടത്തുന്നവർ മാത്രമാണ് ഉദ്യോഗാർഥിയുടെ പേപ്പർ കാണുന്നതെങ്കിൽ ഒ എസ് എം നടപ്പാക്കിയതോടെ പി എസ് സി യുടെ ആറ് ജീവനക്കാർ മൂല്യനിർണയത്തിന് മുമ്പ് കാണുന്നുണ്ട്. ഇവർ സ്കാൻ ചെയ്താണ് കമ്പ്യൂട്ടർ വഴി മൂല്യനിർണയം നടത്തുന്നവർക്ക് അയക്കുന്നത്. ഇത് അട്ടിമറിക്ക് വഴിയൊരുക്കുമെന്ന ഉദ്യോഗാർഥികളുടെ പരാതി മുഖവിലക്കെടുക്കേണ്ടതുണ്ട്. പുനർ മൂല്യനിർണയത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നതും ദുരൂഹമാണ്. തൊഴിലന്വേഷകരുടെ അഭയ കേന്ദ്രമായ പി എസ് സി യുടെ വിശ്വാസ്യത സംരക്ഷിക്കാൻ സർക്കാറിന് സാധിക്കണം. അതിനാൽ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശോധിച്ച് തൃപ്തികരമായ പരിഹാരമുണ്ടാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
---- facebook comment plugin here -----

Latest