Connect with us

National

ലോക്ക്ഡൗണ്‍ അവസാന മാര്‍ഗം മാത്രം; സ്വയം ജാഗ്രത പാലിക്കണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡിനെതിരെ രാജ്യം വിലിയ പോരാട്ടം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റായാണ് വന്നിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവനും കുടുംബവും മറന്ന് പ്രവര്‍ത്തിക്കുകയാണ്. വെല്ലുവിളികള്‍ വലുതാണെങ്കിലും നാം അതിനെ മറികടക്കും. കൊവിഡ് പ്രതിരോധ മരുന്ന് ഉതാപാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.നിലവിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കും.12 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു. ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ഇന്ത്യയിലാണ് ലഭിക്കുന്നത്.ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരിട്ട് നല്‍കും. വാക്‌സിനേഷന്‍ വേഗത്തിലാക്കും.

രാജ്യത്തെ യുവാക്കള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതാതിടത്തെ അധികൃതര്‍ക്കൊപ്പം അണിചേരണം. കുട്ടികളാണ് കൊവിഡ് പ്രതിരോധകാര്യങ്ങള്‍ വീട്ടിലുള്ളവരോട് പറഞ്ഞ് കൊവിഡിനെതിരായ ബോധവത്കരണത്തില്‍ ഏറെ മുന്നില്‍ നിന്നത്.

വാക്‌സീന്‍ സുഗമമായി എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് പതിനെട്ടു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും മേയ് മുതല്‍ വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്‍പ്പെടെ മുന്‍പത്തേതു പോലെ തന്നെ വാക്‌സീന്‍ സൗജന്യമായി നല്‍കാന്‍ നടപടിയുണ്ടാകും
യുവാക്കള്‍ക്ക് കൂടി വാക്‌സീന്‍ ലഭിക്കുന്നതോടെ തൊഴില്‍മേഖലക്കും അത് സഹായകമാകും. മുന്‍പ് രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അത് മാറി. കോവിഡ് പ്രതിരോധത്തില്‍ ജനപങ്കാളിത്തതോടെ നമുക്ക് ഏറെ മുന്നേറാനാകും. മരുന്നെത്തിക്കാനും ആഹാരമെത്തിക്കാനും സര്‍ക്കാരിനൊപ്പം അണിചേരുന്ന സന്നദ്ധ സംഘടനകള്‍ക്കും കൂട്ടായമ്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സ്വയം ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.