Connect with us

Ramzan

നന്മ കനക്കട്ടെ, കരുണാമയനുള്ള കാണിക്കയാണ്

Published

|

Last Updated

ലക്ഷ്യം പാരത്രിക വിജയമാണോ, ജീവിതത്തിലുടനീളം നന്മകൾ പരതുക. ചെറുതും വലുതുമായി കാണുന്നതെല്ലാം പെറുക്കിയെടുക്കുക. ചിലയിടങ്ങളിൽ നിന്ന് നിനക്ക് വാരിയെടുക്കാം. ഒരെണ്ണം പോലും നഷ്ടപ്പെടാതെ നോക്കണം. ഓർക്കുക, നന്മയാണ്; എത്ര നിറച്ചാലും നിന്റെ ഭാണ്ഡം നിറയുകയോ ചുമടുകൾക്ക് ഭാരമനുഭവപ്പെടുകയോ ഇല്ല.
ഇത് റബ്ബിന്റെ മുമ്പിൽ കാണിക്കവെക്കാനുള്ളതാണ്. ഇതിന്റെ മുഴുപ്പും കനവും കണക്കാക്കിയാണ് ഓരോരുത്തരുടെയും ഭാവി നിർണയിക്കുന്നത്. ചെയ്തുകൂട്ടിയ തിന്മകൾ കൊണ്ട് അകം കറുത്ത് പോയവർ നിസ്സഹായരായി, മ്ലാനതയോടെ റബ്ബിന്റെ മുമ്പിൽ തലകുനിച്ച് നിൽക്കുമ്പോൾ ഏക ആശ്രയം ജീവിത യാത്രയിൽ നാം ഒരുക്കൂട്ടി വെച്ച നന്മകൾ മാത്രമാണ്.

രാപകൽ വ്യത്യാസമില്ലാതെ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന കാലത്ത് മടിയന്മാരായിരിക്കരുത്. ചങ്ങലകളിൽ ബന്ധനസ്ഥരായ പിശാചുകൾക്ക് പോലും ദുർബോധനം നൽകാൻ കഴിയും വിധം അവരോടടുത്ത് പോകരുത്. പുണ്യങ്ങളുടെ വെളിച്ചമെത്താത്ത ഇരുട്ടറകളിൽ നിന്ന് പുറത്തു വരേണ്ട സമയമാണിത്.
അനുഗ്രഹത്തിന്റെ വാതായനങ്ങളും കവാടങ്ങളും മലർക്കെ തുറന്ന് കിടക്കുകയാണ്. ഇവിടങ്ങളിൽ തസ്ബീഹിന്റെ തിരു മന്ത്രങ്ങളോടെ നാഥന്റെ മുമ്പിൽ സ്രാഷ്ടാംഗ നിമഗ്നരായ ആയിരങ്ങളെ കാണാം. ഒലിക്കുന്ന നയനങ്ങളുമായി നാഥനിലേക്കുയർത്തി പിടിച്ച കരങ്ങൾ കാണാം.
അടിമകളായ നമ്മുടെ ഇരവുകളും തേട്ടങ്ങളും സ്തുതികളും സ്തോത്രങ്ങളും അല്ലാഹുവിന് വേണ്ടാ. അവൻ പരിശുദ്ധനാണ്. പക്ഷേ, അവനിലേക്ക് മുഖം തിരിച്ചവരെയും പുറം തിരിഞ്ഞിരിക്കുന്നവരെയും അവൻ കാണുന്നുണ്ട്. അവർക്കോരോരുത്തർക്കും അവൻ ചിലത് കരുതി വെച്ചിട്ടുമുണ്ട്.

അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമായി കൺകുളിർമ നൽകുന്ന എന്തെല്ലാം കാര്യങ്ങളാണ് മറച്ചുവെച്ചിരിക്കുന്നതെന്ന് അവൻ ഖുർആനിലൂടെ ഓർമപ്പെടുത്തുന്നുണ്ട്.
നിങ്ങൾ എനിക്ക് വഴിപ്പെട്ട് കൊണ്ട് നന്ദി കാണിച്ചാൽ അനുഗ്രഹങ്ങൾ വർധിപ്പിച്ച് തരുമെന്ന് പറഞ്ഞ അല്ലാഹു, നന്ദികേട് കാണിച്ചാൽ എന്റെ ശിക്ഷ കഠിനമാണെന്നും താക്കീത് ചെയ്യുന്നുണ്ട്.

പടച്ചവനോട് പടപ്പുകൾ കാണിക്കുന്ന ഇണക്കവും വണക്കവുമെല്ലാം അവനോട് നന്ദി പ്രകടിപ്പിക്കലാണ്.- അവൻ നമുക്കായി കനിഞ്ഞേകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി.
ജീവൻ, വായു, ഭക്ഷണം, വെള്ളം, കാഴ്ച കേൾവി, ആരോഗ്യം, കഴിവുകൾ… എന്നിങ്ങനെ എന്തെല്ലാം അനുഗ്രഹങ്ങളാണ് നാം അവന്റേതായി ഓരാ നിമിഷവും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെല്ലാമായി എത്ര നന്ദി ചെയ്താലാണവനോടുള്ള കടപ്പാടുകൾ തീരുക. ഇല്ല, ഒരിക്കലും തീരില്ല. എന്നാലും നന്ദി പ്രകടനങ്ങൾ നടത്തിക്കൊണ്ടേയിരിക്കുക. അവന്റെ അനുഗ്രഹ വർഷത്തിലാണ് സൃഷ്ടി ലോകത്തിന്റെ നിലനിൽപ്പ്.
നാം അവനെ കാണുന്നില്ലെങ്കിലും അവൻ നമ്മെ ദർശിച്ചുകൊണ്ടിരിക്കയാൽ അവന്റെ മുമ്പിലാണ് നാമെപ്പോഴും. ഈ ഉത്തമ ബോധ്യമാണ് ഓരോ വ്യക്തിയുടെയും ആരാധനാ കർമങ്ങൾ നിഷ്‌കളങ്കവും ആത്മാർഥവുമാക്കി തീർക്കുക. ഇതാണ് ദിവ്യ സന്ദേശവുമായി നബി(സ) യുടെ അരികിൽ വന്ന ജിബ്‌രീൽ പഠിപ്പിച്ചത് – “നന്മ എന്താണെന്നറിയാമോ? ആത്മാർഥതയോടെ അല്ലാഹുവിന് ആരാധനകൾ സമർപ്പിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്”.

---- facebook comment plugin here -----

Latest