Connect with us

Ongoing News

കാൽ, അര, മുക്കാൽ... ഒരു നോമ്പ്

Published

|

Last Updated

ഗൃഹാതുര ഓർമകളാണ് ഓരോ റമസാനുകൾ കടന്ന് വരുമ്പോഴും മനസ്സിൽ തികട്ടിവരുന്നത്. വലിയൊരതിഥിയെ സ്വീകരിക്കാനുള്ള പുറപ്പാട് നാളുകൾക്ക് മുമ്പേ തുടങ്ങിയിരിക്കും.

വീടും പരിസരവും ശുചീകരണമാണ് ആദ്യപടി. സ്ത്രീകളാണ് ഇതിനായി രംഗത്തുണ്ടാകുക. മണ്ണിൽ നിർമിച്ച വീടുകളായതിനാൽ അടിച്ച് വാരി തേച്ച് മിനുക്കുകയാണ് ചെയ്യുന്നത്. വീട്ടുപകരണങ്ങളും മറ്റും ഇങ്ങനെ വൃത്തിയാകും. പിന്നെ മാസം കാണാൻ പോകുന്ന ചടങ്ങുണ്ട്. മുതിർന്നവരാണ് ഇതിന് മുമ്പിലുണ്ടാകുക. ദാരിദ്ര്യത്തിന്റെ കാലമായതിനാൽ നാട്ടിലെ വിഭവങ്ങൾ പരമാവധി ശേഖരിച്ച് വെച്ചാണ് ഒരു മാസത്തെ അനുഷ്ഠാനം.

കുട്ടിയായിരിക്കുന്പോള്‍ തന്നെ നോമ്പിനുള്ള പരിശീലനം ഒരനുഭവമാണ്. നന്നെ ഇളം പ്രായത്തിൽ ഇതിനുള്ള പ്രചോദനങ്ങൾ ലഭിക്കും. കാൽ നോമ്പ്, അരനോമ്പ് പിന്നെ മുക്കാൽ അങ്ങനെ ഒരു നോമ്പ് നാളുകൾ കൊണ്ട് പൂർത്തിയാക്കും. ഇപ്രകാരം ശീലിച്ചത് കൊണ്ട് പിന്നീട് കുട്ടികളാണെങ്കിലും നോമ്പ് എടുക്കും.

പകൽ സമയങ്ങളിൽ ഖുർആൻ ഓതി പൂർത്തിയാക്കും. വീട്ടുകാരൊന്നിച്ചിരുന്ന് ഖുർആൻ പാരായണം ചെയ്യുന്ന സമ്പ്രദായവും ആദ്യകാലങ്ങളിലുണ്ടായിരുന്നു. രാത്രി വഅള് കേൾക്കാൻ പോയിരുന്നതാണ് മറ്റൊരു ഓർമ.
പള്ളികൾ ഏറെ ദൂരെയായതിനാലും വെളിച്ച സംവിധാനങ്ങളുടെ കുറവും കാരണം വീടുകളിൽ തന്നെ ജമാഅത്ത് നിസ്‌കാരങ്ങൾ നിർവഹിക്കുകയായിരുന്നു പതിവ്.

മുതിർന്നവരുടെ നേതൃത്വത്തിലായിരുന്നു ഇത്. വീട്ടുമുറ്റത്ത് ഓല നിവർത്തി അതിലാണ് നിസ്‌കാരം. മുതിർന്ന അംഗം നേതൃത്വം നൽകും. കുട്ടികളും മുതിർന്നവരുമൊക്കെ പങ്കാളികളാകും.
ദാരിദ്ര്യ കാലമാണെന്ന് പറഞ്ഞല്ലോ? ഭക്ഷണമൊക്കെ കുറവായിരിക്കും. അതുകൊണ്ട് തന്നെ അത്താഴ സമയത്തെ ബാക്കി ഭക്ഷണം ചെറിയ കുട്ടികൾക്കുള്ളതാണ്. നോമ്പെടുക്കാത്ത ദിവസത്തിൽ ആ പഴഞ്ചോറും പുളിഞ്ചാറും കഴിച്ചാണ് പോകാറുള്ളത്. അതിന്റെ രുചിയൊക്കെ വേറെയാണ്.
നോമ്പ് തുറപ്പിക്കുന്ന പതിവും കുറവാണ്. കുറേ ആളെ കൂട്ടി ഇന്നത്തെപോലെ നോമ്പ് തുറപ്പിക്കുന്ന പതിവും കുറവാണ്. ചിലർ ഒന്ന് രണ്ടാളുകളെ വിളിച്ച് തുറപ്പിക്കും. ഇതിന് കഴിയാത്തവർ ദിനംപ്രതി ഓരോരുത്തരെ വീടുകളിലേക്ക് വിളിച്ച് വരുത്തും.

അങ്ങനെ 30 നാളും നോമ്പ് തുറയുണ്ടാകും. അക്കാലത്തെ അനുഭവങ്ങൾ വെച്ച് പറയുമ്പോൾ പ്രാരാബ്ദങ്ങൾക്കിടയിലും വിശ്വാസവും ആരാധനാകർമങ്ങളും മുറുകെ പിടിച്ചവരായിരുന്നു പൂർവീകർ. നമ്മളും അത്തരക്കാരായി മാറണം.

പലതും നമുക്ക് കൈമോശം വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആത്മീയത തിരികെ പിടിക്കണം. ഇക്കാലത്ത് പ്രത്യേകിച്ചും അനിവാര്യമായി വന്നിട്ടുണ്ട്. മാരകമായ രോഗങ്ങൾ നമ്മെ കൈവിടാതെ പിന്തുടരുകയാണ്. എന്തെല്ലാം നിയന്ത്രണൾ വരുത്തിയിട്ടും അവ മൂലമുള്ള ദുരിതം ഇപ്പോഴും നമ്മെ വേട്ടയാടുകയാണല്ലോ.

റമസാനിലെ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തി അല്ലാഹുവോട് കൂടുതൽ അടുക്കുകയാണ് വേണ്ടത്. അതിനായി ആരാധനകൾ ക്രമപ്പെടുത്തണം. ഏറ്റവും ചുരുങ്ങിയത് ഒരു ജുസ്അ് എങ്കിലും ഖുർആൻ പാരായണം ചെയ്യണം.

പൂർവീകർ ഇക്കാര്യത്തിൽ വലിയ കണിശത പുലർത്തിയതാണ് അനുഭവം. സാധാരണക്കാർ പോലും മൂന്ന് ഖത്മ് വരെ പൂർത്തീകരിക്കുന്നവരായിരുന്നു.
രാത്രി നിസ്‌കാരം കണിശമായി തന്നെ വേണം. തഹജ്ജുദ് നിസ്‌കാരത്തിന് ശേഷമുള്ള പ്രാർഥനക്കും വലിയ സ്ഥാനമുണ്ടെന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ട്.
സുബ്ഹിക്ക് മുമ്പായി കഴിയുന്നത്ര സുന്നത്ത് നിസ്‌കരിച്ച് പ്രാർഥനയിൽ മുഴുകണം.

എങ്കിൽ മാത്രമേ നമ്മേ വിട്ടൊഴിയാതെ പിന്തുടരുന്ന മഹാമാരിയെ തുരത്താനാകൂ. പ്രാർഥനയിലൂടെ പലതും നേടാൻ വിശ്വാസിക്ക് കഴിയും. ആദ്യകാല അനുഭവങ്ങളെക്കെ പഠിപ്പിച്ച വലിയ പാഠങ്ങളും അത്തരത്തിലുള്ളവയാണ്.

തയ്യാറാക്കിയത്
ഹനീഫ് എടരിക്കോട്‌

Latest