Connect with us

Editorial

വാക്‌സീന്‍: പിഴവുകള്‍ പാഠമാകണം

Published

|

Last Updated

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ മനുഷ്യരെ വീണ്ടും അനിശ്ചിതത്വത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. കരകയറിയെന്ന അമിത പ്രതീക്ഷയില്‍ എല്ലാ നിയന്ത്രണങ്ങളും കൈയൊഴിയുകയും തിരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള ആവശ്യവും അനാവശ്യവുമായ ഒത്തുചേരലുകള്‍ തകൃതിയായി നടക്കുകയും ചെയ്തതോടെ അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗം വിശദീകരിക്കാന്‍ ഒരു വിദഗ്ധനും സാധിക്കുന്നില്ല. ഉത്തരങ്ങള്‍ മുഴുവന്‍ അപ്രസക്തമാകുകയും തീപ്പിടിച്ച ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയര്‍പ്പിക്കാനാകുക വാക്‌സീനേഷനെയായിരുന്നു. പിഴച്ചത് എവിടെയായാലും, ആ പ്രതീക്ഷയും അസ്ഥാനത്താകുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

വാക്‌സീന്റെ ഫലപ്രാപ്തിയെ കുറിച്ചും അത് ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വാക്‌സീന്‍ പ്രതീക്ഷ തന്നെയായിരുന്നു. ഇന്ത്യയില്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡും ഭാരത് ബയോടെക്ക് കൊവാക്‌സീനും നിര്‍മിക്കാന്‍ തുടങ്ങിയതോടെ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. വിവിധ ഘട്ടത്തിലെ ട്രയലുകള്‍ പൂര്‍ത്തിയാക്കി ഡി സി ജി ഐ അനുമതി കൊടുക്കുകയും സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന നേട്ടം വാക്‌സീന്‍ രംഗത്ത് ഇന്ത്യ കൈവരിക്കുകയായിരുന്നു. ആസ്ട്രാ സെനക വികസിപ്പിച്ച വാക്‌സീന്‍ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടില്‍ വന്‍ തോതില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ വാക്‌സീന്‍ ഹബ്ബായി മാറി. നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് മുമ്പില്‍ കൈനീട്ടി.

വിദേശകാര്യ മന്ത്രാലയം വഴി സര്‍ക്കാറുകള്‍ തമ്മിലും കമ്പനികള്‍ വഴി വാണിജ്യപരമായും ഇന്ത്യയില്‍ നിന്നുള്ള വാക്‌സീന്‍ ഇറക്കുമതിക്കായി രാജ്യങ്ങള്‍ മത്സരിച്ചു. ഇതിനിടക്കാണ് ഭാരത് ബയോടെക്കിന്റെ തദ്ദേശനിര്‍മിത കൊവാക്‌സീന്‍ വരുന്നത്. അല്‍പ്പം തിടുക്കം കൂടിപ്പോയെങ്കിലും കൊവാക്‌സീനും പ്രതിരോധ പ്രതീക്ഷക്ക് തിളക്കമേറ്റി. ഈ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സീന്‍ നയതന്ത്രത്തിലേക്ക് കാലെടുത്തു വെച്ചത്. സുഹൃത് രാജ്യങ്ങള്‍ക്കും സുഹൃത്തുക്കളാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്ര രാജ്യങ്ങള്‍ക്കും മധ്യ സമ്പന്ന രാജ്യങ്ങള്‍ക്കും യു എസ്, യു കെ, കാനഡ തുടങ്ങിയ വമ്പന്‍മാര്‍ക്കുമെല്ലാം ഇന്ത്യ വാക്‌സീന്‍ കയറ്റി അയച്ചു. രാജ്യത്ത് നല്‍കുന്നതിനേക്കാള്‍ വാക്‌സീന്‍ ഡോസുകള്‍ കയറ്റി അയച്ച രാജ്യമായി ഇന്ത്യ. 76 രാജ്യങ്ങള്‍ക്കായി 60 മില്യണ്‍ ഡോസ് നല്‍കിയെന്നാണ് മാര്‍ച്ച് 24ലെ കണക്ക്. ലോകം മുഴുവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാഴ്ത്തി. കാനഡ ഭരണത്തലവന്‍ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്: “എന്റെ നാട്ടുകാര്‍ കൊവിഡിനെ അതിജീവിക്കുന്നുവെങ്കില്‍ അതിന് ഒരേയൊരാളോടാണ് കടപ്പെട്ടിരിക്കുന്നത്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്” എന്നാണ്.

ഇപ്പോള്‍ എന്താണ് സ്ഥിതി? ഇന്ന് വാക്‌സീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഫൈസര്‍, സ്പുട്‌നിക് വി തുടങ്ങിയ വിദേശ നിര്‍മിത വാക്‌സീനുകള്‍ രാജ്യത്തെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു സംശയവുമില്ല. മറ്റു രാജ്യങ്ങളെ ചേര്‍ത്ത് പിടിക്കുകയെന്നത് ഇന്ത്യയുടെ പാരമ്പര്യമാണ്. എന്നാല്‍ അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പാടില്ല. പേരെടുക്കലിന്റെ അംശമുണ്ടാകരുത്. അങ്ങനെയുണ്ടായോ എന്ന് ആത്മവിചാരണ നടത്തേണ്ട ഘട്ടമാണിത്.

മിക്ക സംസ്ഥാനങ്ങളിലും വാക്‌സീനേഷന്‍ ഡ്രൈവുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വാക്‌സീനെടുക്കാനായി ക്യാമ്പയിന്‍ ചെയ്ത സര്‍ക്കാറുകള്‍ ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കുന്നു. വാക്‌സീനേഷന്‍ യജ്ഞം ഒട്ടും സമയം കളയാതെ ഒരു ഡോസും പാഴാക്കാതെ നിര്‍വഹിച്ച കേരളത്തിന്റെ അനുഭവം നോക്കിയാല്‍ വാക്‌സീന്‍ പ്രതിസന്ധിയുടെ ആഴം മനസ്സിലാകും. മാസ് വാക്‌സീനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നല്‍കിയത് രണ്ട് ലക്ഷം ഡോസ് മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുന്നു.

മഹാരാഷ്ട്രയെപ്പോലുള്ള സംസ്ഥാനങ്ങള്‍ ഗുരുതരമായ ആരോപണമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അധികാരത്തിന് പുറത്താണ് എന്നതുകൊണ്ട് മാത്രം വാക്‌സീന്‍ വിതരണത്തില്‍ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് മഹാരാഷ്ട്ര ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനും ഡല്‍ഹിയും ഇതേ തരത്തില്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് ആശ്വാസം പകരുന്ന മരുന്നുകള്‍ സംസ്ഥാനത്തെത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ ഇടപെടുന്നുവെന്ന ആരോപണം ഉന്നയിച്ചത് മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലിക് ആണ്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് നവാബ് മാലിക്കിന്റെ ആരോപണം. 16 എക്‌സ്‌പോര്‍ട്ട് കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ റെംഡെസിവിര്‍ ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരുന്നാവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. രാജ്യത്ത് ഏറ്റവും ഭീകരമായ രോഗവ്യാപനം മഹാരാഷ്ട്രയിലാണെന്നോര്‍ക്കണം.

മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമവും രൂക്ഷമാണ്. ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം 50,000 മെട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിന്‍ഡറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓക്സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2,700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ആ പിഴവുകള്‍ ആവര്‍ത്തിച്ചു പറയുന്നതില്‍ അര്‍ഥമില്ല. വാക്‌സീന്‍ കയറ്റുമതി നിയന്ത്രിച്ചും ഉത്പാദനം കൂടുതല്‍ വേഗത്തിലാക്കിയും ആഭ്യന്തര ലഭ്യത ഉറപ്പ് വരുത്തണം. വാക്‌സീന്‍ വിതരണത്തിലെ വിവേചനം അവസാനിപ്പിച്ചേ തീരൂ. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇത്. ഒന്നാം ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് അതേ വാക്‌സീന്‍ നല്‍കിയില്ലെങ്കില്‍ അതും കൂടി പാഴാകുമെന്നോര്‍ക്കണം.

---- facebook comment plugin here -----

Latest