Connect with us

Editors Pick

കെ എം ഷാജിക്ക് പ്രതിരോധം: സമുദായ ഏകീകരണത്തിനുള്ള നീക്കം സംഘടനകൾ തള്ളി

Published

|

Last Updated

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കമുണ്ടായാൽ പ്രതിരോധമുയർത്താൻ സാമുദായിക ഏകീകരണത്തിനുള്ള ശ്രമം ലീഗിനെ പിന്തുണക്കുന്ന സമുദായ സംഘടനകൾ തള്ളി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്നും ഷാജിയെ പാർട്ടി സംരക്ഷിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലീഗിനെ അനുകൂലിക്കുന്ന ഇ കെ സുന്നി, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങളുമായി ആശയ വിനിമയത്തിന് ശ്രമിച്ചത്. ഷാജിക്കെതിരായ വിജിലൻസ്  നീക്കങ്ങളെ സമുദായത്തിനെതിരായ നീക്കമായി കാണിച്ച് പ്രതിരോധം ഉയർത്താൻ കൂടെ നിൽക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സംഘടനകൾ ഈ നീക്കം തള്ളിക്കളഞ്ഞതായാണ് വിവരം.

അവിഹിത സമ്പാദ്യങ്ങളുടെ പേരിൽ നിയമ നടപടികളിൽ നിന്ന് രക്ഷ നേടാൻ മതത്തെ ഉപയോഗിക്കാനാകില്ലെന്ന മറുപടിയാണ് സംഘടനകൾ നൽകിയത് എന്നാണ് സൂചന. മുൻകാലങ്ങളിൽ ഷാജി സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ട് ഈ സംഘടനകൾക്കെല്ലാം അദ്ദേഹത്തെ പിന്തുണക്കാതിരിക്കാൻ കാരണങ്ങളുണ്ട്. മതേതര വാദിയായി ചമയാൻ സംഘ്പരിവാറിനെ എതിർക്കാതിരുന്നതും മുഹമ്മദലി ശിഹാബ് തങ്ങൾ ആത്മീയ നേതാവ് അല്ലെന്ന് പറഞ്ഞതും  പലരുടെയും മനസ്സിലുണ്ട്.

മുസ്‌ലിംകളുടെ വിവിധ പൗരാവകാശ പ്രശ്‌നങ്ങളിൽ എതിർപക്ഷ നിലപാടിനൊപ്പം നിന്ന ഷാജി യു എ പി എ അടക്കമുള്ള കരിനിയമങ്ങൾക്ക് അനുകൂലമായിരുന്നു. മഅ്ദനി അടക്കമുള്ളവർക്കെതിരെ കടുത്ത വാക്കുകൾ  പ്രയോഗിച്ചാണ് ശത്രുക്കളുടെ കൈയടി കെ എം ഷാജി സ്വന്തമാക്കിയതെന്നും അവർ പറയുന്നു.

എന്നാൽ, 2014ൽ സലഫീ തീവ്രവാദ പ്രശ്‌നം വന്നപ്പോൾ നിലപാട് മറ്റൊന്നായി. ഐ എസ്  തീവ്രവാദത്തിൽ ആകൃഷ്ടരായി കേരളത്തിൽ നിന്ന് 12 സലഫികൾ നാട് വിട്ടത് കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തിയപ്പോൾ, ഷാജി എതിർ ശബ്ദമുയർത്തിയിരുന്നില്ല എന്ന് മാത്രമല്ല സലഫി സംഘടനകളെ ന്യായീകരിച്ച് ലേഖനമെഴുതുകയും ചെയ്തിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest