Connect with us

Gulf

ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റി ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

Published

|

Last Updated

ദമാം | കൊവിഡ് നിയന്ത്രണങ്ങൾ കാരണം സഊദിയിലേക്കുള്ള മടക്കയാത്ര പ്രയാസമായതോടെ നാട്ടിൽ കഴിയേണ്ടിവന്ന പ്രവാസികളായ ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഐ സി എഫ്  സഊദി  നാഷണൽ കമ്മിറ്റി വാർത്താ സമ്മേളത്തിൽ അറിയിച്ചു. പ്രവാസ ജീവിതത്തിൽ സ്വന്തം ഭാവിയ്ക്കുവേണ്ടി പ്രത്യേകിച്ചൊന്നും കരുതിവയ്ക്കാതിരുന്ന വലിയ ഒരു വിഭാഗം പ്രവാസി സഹോദരങ്ങൾ തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി നിത്യജീവിതത്തിനു കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യകിറ്റുകൾ ചെറിയ ഒരാശ്വാസമാകുമെന്നു ഐ സി എഫ് നേതാക്കൾ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ  തുടക്കം മുതൽ തന്നെ കേരള മുസ്‌ലിം ജമാഅത്തിനൊപ്പം കൈകോർത്ത്  ഐ സി എഫും അവശത അനുഭവയ്ക്കുന്നവരെ കണ്ടെത്തി ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണ്. നിലവിലെ പ്രതിസന്ധിഘട്ടത്തിൽ ആയിരകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും മെഡിസിനും വിതരണം ചെയ്യുന്ന പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ  സഊദി  നാഷണൽ കമ്മിറ്റി വിശുദ്ധ റമളാൻ മാസത്തിൽ പ്രഖ്യാപിച്ച നിരവധി പ്രധാന വിദ്യാഭ്യാസ ജീവകാരുണ്യ സേവന പദ്ധതികളിൽ ഒന്നാണ് നാട്ടിലുള്ള ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്‌  വിതരണം. സഊദി നാഷണൽ കമ്മിറ്റികൾക്ക് കീഴിലെ വിവിധ സെൻട്രൽ കമ്മിറ്റികൾ പ്രവാസ ലോകത്തും നാട്ടിലുമായി  നടത്തുന്ന മദ്രസ അദ്ധ്യാപകർക്കും മറ്റു അർഹതപെട്ടവർക്കുമുള്ള സാമ്പത്തിക സഹായ വിതരണം ഉൾപ്പടെയുള്ള മറ്റു പ്രധാന തനത്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെയാണ് നാഷണൽ കമ്മിറ്റിയുടെ ഭക്ഷ്യ കിറ്റ് വിതരണ  പദ്ധതി.

ഐ സി എഫിന്റെ 430 യൂണിറ്റുകൾ വഴി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ ലഭ്യമായ തീർത്തും അർഹരായ 1,000 കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക്  തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ പ്രവാസികൾക്ക്  അഭയമായ ഐ സി എഫ് ചാർട്ടർ  ഫ്ലൈറ്റ് സംവിധാനത്തിൽ  സൗജന്യ ടിക്കറ്റിനു അർഹരായവർ ഉൾപ്പടെയുള്ള സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ കൂടി സൗജന്യ ഭക്ഷ്യകിറ്റ്‌ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലെയും നീലഗിരി, കുടക് തുടങ്ങിയ അയൽ സംസ്ഥാന ജില്ലകളിലുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യകിറ്റ് വിതരണം തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ  അഡ്വ: പി ടി എ റഹീം  എം എൽ എ ,കേരള മുസ്ലീം ജമാഅത്ത് നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി , എൻ  അലി അബ്‌ദുല്ല, മജീദ് മാസ്റ്റർ കക്കാട്, മുഹമ്മദ് മാസ്റ്റർ പറവൂർ, എസ് വൈ എസ്  സെക്രട്ടറി അബ്ദുൽ കലാം മാവൂർ, ഐ സി എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് അൽ ബുഖാരി, അബ്‍ദുൽ അസീസ് സഖാഫി മമ്പാട്, ബഷീർ എറണാകുളം, അബുബക്കർ അൻവരി, അബ്ദുറഷീദ് സഖാഫി മുക്കം, അഷ്‌റഫലി, അബ്ദുസലാം വടകര എന്നിവർ സംബന്ധിക്കും .

വാർത്താ സമ്മേളത്തിൽ ഐ സി എഫ് നാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ്  നിസാർ എസ് കാട്ടിൽ, നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി  ബഷീർ ഉള്ളണം, നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി  സലിം പാലച്ചിറ എന്നിവർ പങ്കെടുത്തു