Connect with us

Kerala

വൈഗയുടെ മരണം; പിതാവ് സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; പോലീസ് ചോദ്യം ചെയ്യുന്നു

Published

|

Last Updated

കൊച്ചി | മകളുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സനു മോഹന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. സനു മോഹനെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതായും സൂചനയുണ്ട്. എന്നാല്‍ കേരള പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഏപ്രില്‍ 10 മുതല്‍ 16 ാം തീയതി രാവിലെ വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നുവെന്ന് ഇവിടുത്തെ ജീവനക്കാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് സനുമോഹന്‍ പറഞ്ഞു. താമസിച്ച ദിവസങ്ങളിലെല്ലാം ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയിരുന്നു.

ഏപ്രില്‍ 16 ന് ഉച്ചക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്സി ആവശ്യപ്പെട്ടതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോള്‍ ലഗേജുകളൊന്നും കണ്ടില്ല. ഇതോടെ മുങ്ങിയതാണെന്ന് വ്യക്തമായി.

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം നോക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്.

മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പുഴയില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും സനുവിനെ കണ്ടെത്താനായില്ല. അപ്പോഴാണ് ഇയാള്‍ ഒളിവില്‍ പോയതാണെന്ന് സ്ഥിരീകരിച്ചത്.

Latest