Connect with us

Articles

ഉയ്ഗൂർ മുസ്‌ലിംകൾ അനുഭവിക്കുന്നത്

Published

|

Last Updated

വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങളെ ലോകത്താകെയുള്ള വിശ്വാസികൾ പാപമോചന പ്രാർഥനകളാലും സ്രഷ്ടാവിനായുള്ള സമർപ്പണത്താലും സുഗന്ധ പൂരിതമാക്കുമ്പോൾ ചൈനയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്നുള്ള വാർത്തകൾ മനസ്സിലെ തീരാ വേദനയായി തുടരുകയാണ്. സിൻജിയാംഗ് പ്രവിശ്യയിലെ വിദ്യാർഥികളും സർക്കാർ ജീവനക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും നോമ്പെടുക്കുകയോ അനുബന്ധ ആരാധനകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന 2015ലെ സർക്കുലർ ഇന്നും അവിടെ പ്രാബല്യത്തിലുണ്ട്. അന്താരാഷ്ട്ര പ്രതിഷേധമോ അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ ഊഷ്മളമായ ബന്ധമോ ഈ സ്ഥിതിവിശേഷത്തിന് ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഖുർആൻ പാരായണ പരിശീലന ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കരുത്. മദ്‌റസകൾ തുറക്കരുത്. പള്ളികളിൽ സംഘ പ്രാർഥനകൾ നടത്തരുത്. ഉദ്‌ബോധന പ്രസംഗങ്ങൾ കർശനമായ പരിശോധനക്ക് വിധേയമാക്കും. സർക്കാറിന്റെ പരിശോധന പൂർത്തിയായ മുസ്ഹഫ് മാത്രമേ പ്രവിശ്യയിൽ ഉപയോഗിക്കാവൂ തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.

പൗരൻമാരുടെ ആരോഗ്യത്തെക്കറിച്ചുള്ള ഉത്കണ്ഠയും തീവ്രവാദ പ്രവണതകൾക്കെതിരെയുള്ള മുൻകരുതലുമാണത്രേ സർക്കാറിനെ ഇത്തരം വിലക്കുകൾക്ക് പ്രേരിപ്പിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഭാഗമാണ് പ്രധാനം. ഇസ്‌ലാം യഥാവിധി അനുഷ്ഠിക്കുന്നവർ തീവ്രവാദികളാകാതെ തരമില്ലെന്ന സാമ്രാജ്യത്വ സമീപനം തന്നെയാണ് കമ്മ്യൂണിസ്റ്റ് ചൈനയെയും നയിക്കുന്നത്. വഴിവിട്ട പ്രവണതകളിലേക്ക് ആരെങ്കിലും വഴുതി വീഴുന്നുണ്ടെങ്കിൽ അതിൽ സർക്കാറിന്റെ ചെയ്തികൾക്ക് എത്രമാത്രം പങ്കുണ്ടെന്ന ചിന്ത കടന്നുവരുന്നേയില്ല. 2014ൽ കുൻമിമംഗിൽ ഉയ്ഗൂർ വംശജർ നടത്തിയ കത്തിയാക്രമണത്തിൽ 33 പേർ മരിച്ചിരുന്നു. അതേവർഷം ഉറുംഖിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 43 പേർ കൊല്ലപ്പെട്ടു. ഇതോടെ സിൻജിയാംഗിൽ ചൈനീസ് സർക്കാർ ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചു. കടുത്ത നടപടികളെടുക്കാൻ അധികൃതരെ പ്രാപ്തരാക്കാനായി 2015ൽ ഭീകരവിരുദ്ധ നിയമം പാസ്സാക്കി. ഈ നിയമത്തിന്റെ ഭാഗമാണ് റമസാൻ സർക്കുലർ.

മതപരമായ ഉണർവുകൾ നഷ്ടപ്പെട്ട ഉയ്ഗൂർ മുസ്‌ലിംകൾ കൂടുതൽ മതബോധം കാണിച്ചു തുടങ്ങിയത് 1980 കളിലാണ്. അറബ് ദേശത്തേക്ക് ജോലി ആവശ്യാർഥം പോയ ഉയ്ഗൂറുകളുടെയും പാക്കിസ്ഥാനിലെ ചില മുസ്‌ലിം നേതാക്കളുടെയും സ്വാധീനം ഇതിന് പിന്നിലുണ്ടായിരുന്നു. ഇതോടെ ചൈനീസ് അധികാരികളിൽ സംശയം ഇരട്ടിച്ചു തുടങ്ങി. പുതിയ പള്ളികൾ പണിയുന്നതും പുരുഷൻമാർ താടി നീട്ടുന്നതും സ്ത്രീകൾ ഹിജാബ് അണിയുന്നതും അവരെ അസ്വസ്ഥരാക്കി. ഈ സംശയത്തിന് ശക്തി പകരുന്ന തരത്തിൽ ചില സലഫീ, പാക് ജമാഅത്തെ ഇസ്‌ലാമി എലമെന്റുകൾ ചെറു ന്യൂനപക്ഷത്തെ തീവ്രവാദ ചിന്തയിലേക്ക് ചൂണ്ടയിട്ട് കൊണ്ടുപോകുകയും ചെയ്തു.

ഈ ഒറ്റപ്പെട്ട പ്രവണതയെ തിരഞ്ഞ് പിടിച്ച് നേരിടുന്നതിന് പകരം ഉയ്ഗൂർ മുസ്‌ലിംകളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ തളച്ചിടുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. അപകടകരമായ സാമാന്യവത്കരണമാണ് ചൈനീസ് നയത്തിന്റെ കാതൽ. ഉയ്ഗൂർ മുസ്‌ലിംകളെ എന്ത് വിലകൊടുത്തും “മുഖ്യധാര”യിൽ കൊണ്ടുവരാൻ ഒരുമ്പെട്ടിറങ്ങുകയായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. സിൻജിയാംഗിൽ പാർട്ടി സെക്രട്ടറിയായെത്തിയ ചെൻ ക്വാൻഗോയാണ് അതിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2011 മുതൽ 2016വരെ ടിബറ്റിലായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറി സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ് ചൈനയിൽ. നിരീക്ഷണ സംവിധാനം മുഴുവൻ പുതുക്കി പണിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഉയ്ഗൂറുകൾക്ക് പല തരം കാർഡുകൾ ഏർപ്പെടുത്തി. ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. ഇവിടെ ആധാറിനായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് പോലെ ഉയ്ഗൂറുകൾക്ക് മാത്രമായി സംവിധാനങ്ങൾ കൊണ്ടുവന്നു. മുസ്‌ലിംകളുടെ വാഹനങ്ങളിൽ പ്രത്യേക ജി പി എസുകൾ ഘടിപ്പിച്ചു.

ഉയ്ഗൂർ മുസ്‌ലിംകളെ നന്നാക്കിയെടുക്കാൻ ഓരോ വീട്ടിലും അതിഥികളെ പാർപ്പിക്കുകയെന്ന വിചിത്ര പദ്ധതി ചെൻ ക്വാൻഗോയുടെ സംഭാവനയായിരുന്നു. സിൻജിയാംഗിൽ സർക്കാർ കുടിയിരുത്തിയ ആയിരക്കണക്കായ ഹാൻ വംശജരുണ്ട്. ചൈനയിലെ ഭൂരിപക്ഷ സമുദായമാണ് ഹാൻ. ഇത്തരം ഹാൻ കുടുംബങ്ങൾ ഉയ്ഗൂർ മുസ്‌ലിംകളുടെ വീട്ടിൽ അതിഥികളായെത്തും. അവരെ യഥാവിധി സ്വീകരിക്കണം. സൗകര്യങ്ങൾ ഒരുക്കണം. ആദ്യമൊക്കെ ഉയ്ഗൂറുകൾ നല്ല ആതിഥേയരായി. പിന്നെ അവർക്ക് മനസ്സിലായി ഈ അതിഥികൾ വന്നിരിക്കുന്നത് തങ്ങളെ ചൂഴ്ന്നു നോക്കാനാണ്. എത്ര ആഴത്തിൽ മതം ആചരിക്കുന്നവരാണ് ഉയ്ഗൂർ മുസ്‌ലിംകളെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണത്രേ അവർ അയക്കപ്പെട്ടിരിക്കുന്നത്. എല്ലാ മതചിഹ്നങ്ങളും ഒളിപ്പിച്ച് ദേശീയ മുസ്‌ലിം ആയാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ “പുനർ വിദ്യാഭ്യാസ കേന്ദ്ര”ങ്ങളിൽ അയക്കപ്പെടും. പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളെന്നാൽ തുറന്ന ജയിലുകളാണ്. ദേശക്കൂറിൽ സംശയം തോന്നുന്ന മുസ്‌ലിംകളെ ഇവിടേക്ക് അയക്കും. തടവിന് ഒരു പരിധിയുമില്ല. ഉയ്ഗൂർ യുവാക്കളെ നിർബന്ധിത തൊഴിലിന് വിധേയമാക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രവിശ്യയിൽ എവിടെയും കാണാവുന്ന പരുത്തിത്തോട്ടങ്ങളിൽ ഈ ചെറുപ്പക്കാർ മാടുകളെപ്പോലെ പണിയെടുത്തു. ഈ റിപ്പോർട്ട് പുറം ലോകമറിഞ്ഞതോടെ നൈക് പോലുള്ള കമ്പനികൾ ചൈനീസ് പരുത്തി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.

16 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന വിശാല പ്രവിശ്യയാണ് സിൻജിയാംഗ്. സിൻജിയാംഗ് ഉയ്ഗൂർ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. 1949ലാണ് സിൻജിയാംഗ് ഔപചാരികമായി ചൈനയോട് ചേർക്കപ്പെടുന്നത്. അന്ന് നൽകിയ സ്വയംഭരണ പദവി കടലാസിൽ മാത്രമേയുള്ളൂ. എല്ലാ കാര്യങ്ങളും ബീജിംഗിൽ നിന്ന് തീരുമാനിക്കും. 1950കളിൽ നടന്ന സർക്കാർ സ്‌പോൺസേർഡ് ഹാൻ കുടിയേറ്റം ഉയ്ഗൂറുകളെ സ്വന്തം നാട്ടിൽ അന്യരാക്കി. ഈ അന്യവത്കരണം മുതലെടുത്താണ് പാക് ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്ര ഗ്രൂപ്പുകൾ ഉയ്ഗൂർ മുസ്‌ലിംകളിൽ കടന്നുകയറാൻ തുടങ്ങിയത്. പിന്നീട് ജമാഅത്തെ ഇസ്‌ലാമി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടാക്കി പ്രവിശ്യയിൽ നിന്ന് പിൻവാങ്ങി. പക്ഷേ ഉയ്ഗൂറുകളിൽ ചാർത്തപ്പെട്ട തീവ്രവാദ മുദ്ര മാഞ്ഞു പോയില്ല. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സിൻജിയാംഗിൽ നിന്നുള്ള വാർത്തകളെ കണ്ണടച്ച് വിശ്വസിക്കാനാകില്ല. അമേരിക്കൻ പക്ഷാപാതിത്വം പുലർത്തുന്ന മാധ്യമങ്ങളും സന്നദ്ധ സംഘടനകളും വിശകലന വിദഗ്ധരുമാണ് ഉയ്ഗൂർ മുസ്‌ലിംകളെ ആഘോഷിക്കുന്നതെന്നോർക്കണം. യു എസിന്റെ ഭീകരവിരുദ്ധയുദ്ധത്തെ കലവറയില്ലാതെ പിന്തുണച്ചവരാണ് ഇവരെല്ലാം. ഇസ്‌ലാമോഫോബിയയുടെ ആഗോള പ്രയോക്താക്കളാണ് ഇവരിൽ പലരും. അവർ ചൈനയെ നോക്കി മുസ്‌ലിം പീഡനത്തിന്റെ കദനകഥ പറയുമ്പോൾ അതിലെ രാഷ്ട്രീയ കൗശലം കാണാതിരിക്കാനാകില്ല.

അതുകൊണ്ട്, സിൻജിയാംഗിൽ നിന്നുള്ള വാർത്തകളെ മൂന്ന് കാഴ്ചപ്പാടിൽ വിലയിരുത്തേണ്ടിയിരിക്കുന്നു. ഒന്ന്, ചൈനീസ്‌വിരുദ്ധ വാർത്ത പടച്ചു വിടുന്നവരുടെ രാഷ്ട്രീയം. രണ്ട്, സ്വത്വവാദം കത്തിച്ച് തീവ്രവാദം വിതക്കുന്നവരുടെ ഗൂഢ ലക്ഷ്യങ്ങൾ. മൂന്ന്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും വിവേചന ഭീകരത. ഈ മൂന്ന് തലവും കണക്കിലെടുക്കുന്ന വിലയിരുത്തൽ മാത്രമേ യാഥാർഥ്യത്തെ തൊടുകയുള്ളൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest