Connect with us

Kerala

അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ വേണമെന്ന് കേന്ദ്രത്തോട് കേരളം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 56.75 ലക്ഷം ഡോസ് വിതരണം ചെയ്തു. 5,80,880 ഡോസ് വാക്‌സിന്‍ മാത്രമേ ഇനി സ്‌റ്റോക്കുള്ളൂ. മാസ് വാക്‌സിനേഷന്‍ ക്യാംപയിന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അടിയന്തരമായി 50 ലക്ഷം ഡോസ് ആവശ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളം കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ടത്. കോവിഷീല്‍ഡും കോവാക്‌സിനും തുല്യമായി വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസുകള്‍ ഇനിയും ക്രമാതീതമായി കൂടിയാല്‍ ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓക്ജ്‌സിന്‍ വിതരണത്തിലും കേരളത്തെ പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണ നിരക്ക് കുറവാണ്. 0.4 ശതമാനമാണ് കേരളത്തിലെ നിരക്ക്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് ഇതിലും കൂടുതലാണെന്ന് ഇന്നത്തെ യോഗത്തില്‍ നിന്ന് മനസ്സിലായെന്നും കെ കെ ശൈലജ പറഞ്ഞു.

കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. രണ്ടാം തരംഗത്തെ ഇല്ലാതാക്കാനാണ് ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ കര്‍മപദ്ധതി മുന്നോട്ടുവെച്ചത്.

സിറോ സര്‍വെയിലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രമാണ്. അതായത് 89 ശതമാനം പേര്‍ക്കും ഇനി രോഗം വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.