Connect with us

Religion

കടൽ കടന്നെത്തിയ റമസാൻ 'ചീരണി'

Published

|

Last Updated

ഗ്രാമങ്ങളിൽ വൈദ്യുതി ഒന്നുമെത്താത്ത കാലം. പൊന്മള വലിയ ജുമുഅത്ത് പള്ളിയിൽ പെട്രോൾ മാക്‌സ് തെളിയിച്ചാൽ റമസാൻ മാസം കണ്ടെന്ന് സാധാരണക്കാർക്ക് അറിയാനാകും.

റമസാനിൽ പകൽ സമയങ്ങളിൽ പള്ളിയിലെത്തിയാൽ ജുമുഅയുടെ പ്രതീതിയാണ്. അത്രയും ജനം പള്ളിയിലുണ്ടാകും. പഴയ കാലത്ത് റമസാനിൽ ജനം ആരാധനകളിൽ മുഴുകുന്നതായിരുന്നു സ്ഥിതി. ആൾത്തിരക്ക് കാരണം പള്ളിയിൽ സ്ഥലമില്ലാത്ത അവസ്ഥ. രാത്രിയാകട്ടെ പ്രത്യേക ആരാധനകളിൽ കഴിഞ്ഞുകൂടുന്ന ഒരു കൂട്ടർ. കുറച്ച് സമയം ഉറങ്ങി ബാക്കി സമയമത്രയും ആരാധനകൾക്ക് നീക്കി വെക്കുന്ന സാധാരണക്കാർ. എല്ലാ നിസ്‌കാരങ്ങളും ജമാഅത്തായി നിർവഹിക്കുന്നവർ. രാത്രി ജമാഅത്ത് നിസ്‌കാരങ്ങൾക്ക് ശേഷം തറാവീഹും വിത്്റും മറ്റ് പുണ്യകർമങ്ങളും എല്ലാം നിർവഹിച്ചിരുന്നത് കൺകുളിർമയുടെ കാഴ്ചയായിരുന്നു. വിത്‌ര്‍ നിസ്കാരം കഴിഞ്ഞാൽ പ്രത്യേക ആരാധനകളിൽ കഴിഞ്ഞ് കൂടുന്ന പതിവുണ്ടായിരുന്നു.

പ്രവാചക മദ്ഹ് കീർത്തനമാണ് അതിൽ പ്രധാനം. അൽ ഖസീദത്തുൽ വിത്‌രിയ്യ. പാരായണം ചെയ്യുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. അറബി അക്ഷരമാല ക്രമത്തിൽ തുടങ്ങുന്ന കാവ്യങ്ങൾ റമസാനിലെ ഓരോ ദിവസത്തിലും പാരായണം ചെയ്യും. ആദ്യ ദിവസം അലിഫ് കൊണ്ട് തുടങ്ങുന്ന കാവ്യങ്ങളാണ് ചൊല്ലിത്തീർക്കുക. അടുത്ത ദിവസം “ബാഅ്” അവസാന ദിവസം “യാഅ്” കൊണ്ട് തുടങ്ങുന്ന കാവ്യങ്ങൾ ആലപിക്കും. ഓരോ ദിനത്തിലും ഇതിന് ശേഷം പ്രത്യേക പ്രാർഥനകൾ.
ഇത് കഴിഞ്ഞ് പ്രത്യേക പലഹാര വിതരണവും നടത്തും. പേർഷ്യൻ നാടുകളിൽ ഇത്തരം കർമങ്ങൾ നടന്നിരുന്നതായി ചരിത്രത്തിൽ കാണാം. ഫാരിസികൾ അവരുടെ നാട്ടിൽ നടത്തിയിരുന്ന ഇത്തരം കർമങ്ങൾക്ക് ശേഷം വിതരണം ചെയ്യുന്ന മധുരത്തിന് “ചീരണി” എന്നാണ് അവർ ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിലും ഇങ്ങനെ വിതരണം ചെയ്യുന്ന പലഹാരത്തിന് ചീരണി എന്ന് തന്നെയാണ് പ്രയാഗിക്കുന്നത്. ഇത് പേർഷ്യയിൽ നിന്നും ലഭിച്ചതാണ്.
ഇത്തരം ചീരണി വിതരണം പല സ്ഥലത്തും ഇന്നും നിലനിൽക്കുന്നുണ്ട്. റമസാൻ കാലത്ത് ഇരു ഹറമുകളിൽ ചെന്നാലും ഇത് സജീവമായി തന്നെ കാണാനാകും.
പഴമക്കാർ റമസാൻ മാസമെത്തിയാൽ അത്യാവശ്യത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വീട്ടിൽ നിന്നും ഇറങ്ങും. പിന്നീട് അവർ പള്ളിയിലാണ് താമസം. പ്രാഥമിക നിർവഹണത്തിന് മാത്രം പുറത്തിറങ്ങി ബാക്കി സമയങ്ങൾ മുഴുവനും അവർ പള്ളിയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഇഅ്തികാഫിന്റെ നി ചെയ്ത് ഇങ്ങനെ പള്ളിയിൽ കഴിഞ്ഞ് കൂടിയിരുന്നവർ അത് മുതലാക്കാനായി മറ്റ് ആരാധനകളിൽ മുഴുകിയിരുന്നു.

ഖുർആൻ പാരായണത്തിനാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. പ്രവാചകരുടെ കാലത്ത് നബിയും അനുചരന്മാരും റമസാൻ മാസത്തിൽ പള്ളിയിൽ കഴിഞ്ഞ് കൂടിയിരുന്ന പതിവ് ഗ്രന്ഥങ്ങളിൽ കാണാനാകും.
അവർക്കും എത്രയോ ശേഷക്കാരായ നമ്മുടെ പൂർവീകരാണ് ഇത്തരത്തിൽ റമസാൻ മാസം പള്ളിയിൽ ഭജനമിരുന്നിരുന്നത്. ഖുർആൻ പാരായണത്തിന് വലിയ പ്രതിഫലം ലഭിക്കുന്ന മാസമാണ് വിശുദ്ധ റമസാൻ. അതിലെ ഒരു അക്ഷരത്തിനെന്ന വിധമാണ് പ്രതിഫലം. ഇതൊക്കെ മുതലെടുക്കാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്.

തയ്യാറാക്കിയത്
ഹനീഫ് എടരിക്കോട്‌

Latest