Connect with us

Editorial

പ്രോട്ടോകോള്‍ കാറ്റില്‍ പറത്തുന്ന കുംഭ മേള

Published

|

Last Updated

കൊവിഡ് പ്രോട്ടോകോളും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളും ലംഘിച്ച് ഹരിദ്വാറില്‍ കുംഭമേള നടത്തുന്നത് വിവാദമായതോടെ അതിനെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് ഹിന്ദുത്വ സംഘടനകളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും. ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് കുംഭ മേളയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതെന്നും കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെ മാത്രമേ ഹരിദ്വാറില്‍ പ്രവേശിപ്പിച്ച് മേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കുംഭമേള നടക്കുന്നിടത്ത് വലിയ തോതില്‍ മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. മേളയില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചംപത് റായും തറപ്പിച്ചു പറയുന്നു.

ഈ അവകാശവാദങ്ങളത്രയും പൊള്ളയാണെന്നു വിളിച്ചു പറയുന്നുണ്ട് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന കുംഭ മേളയുടെ ദൃശ്യങ്ങള്‍. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുത്തനെ കൂടിക്കൊണ്ടിരിക്കെ ലക്ഷക്കണക്കിനാളുകളാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ചടങ്ങില്‍ പങ്കെടുത്തു വരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുരുമ്മി നിന്നാണ് ഗംഗയില്‍ സ്‌നാനം ചെയ്യുന്നത്. കുംഭ മേളക്കെത്തിയവര്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്‌ക് പോലുമില്ലാതെയാണ് ഹരിദ്വാറിലൂടെ നടന്നു നീങ്ങുന്നത്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ ജനക്കൂട്ടമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് പോലീസ് മേധാവികള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറും ഉത്തരാഖണ്ഡ് ഭരണകൂടവും മേളക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ നിയമപാലകര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. മേള നടക്കുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 1,925 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കുംഭ മേളയുടെ വേദിയായ ഹരിദ്വാറില്‍ രണ്ട് ദിവസത്തിനിടെ 1000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്ന്, മുതല്‍ മുപ്പത് വരെയാണ് ഹരിദ്വാറില്‍ കുംഭ മേള നടക്കുന്നത്. ജനുവരിയില്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് മാറ്റിയത്. എന്നാല്‍ ജനുവരിയിലേതിനേക്കാള്‍ രോഗവ്യാപനം കൂടുതലാണിപ്പോള്‍. എന്നിട്ടും മേള തുടരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ ഏപ്രില്‍ 14ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി മേളയുടെ സംഘാടകരുമായി ചര്‍ച്ച നടത്തിയെങ്കിലും നേരത്തേ അവസാനിപ്പിക്കാന്‍ സംഘാടകര്‍ വിസമ്മതിക്കുകയായിരുന്നു. ഗംഗാ ദേവിയുടെ അനുഗ്രഹത്താല്‍ കുംഭ മേളയില്‍ കൊവിഡ് വൈറസ് പടരില്ലെന്നായിരുന്നു അവരുടെ അവകാശവാദം. മേള നടക്കുന്നത് ധര്‍മത്തിന്റെ അനുഗ്രഹത്തോടെ ആയതിനാല്‍ അത് നിര്‍ത്തിവെക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വി എച്ച് പി ജോ. സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ പ്രതികരണം.
പ്രധാനമന്ത്രി അടിക്കടി മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത് കൊവിഡ് രണ്ടാം തരംഗം ചെറുക്കുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഹരിദ്വാറിലെ കുംഭമേള നിര്‍ത്തിവെപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതിനു പകരം അത് നടത്താന്‍ വന്‍ സാമ്പത്തിക സഹായമടക്കം എല്ലാ പ്രോത്സാഹനവും നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതാണ് ഏറെ വിരോധാഭാസം. 375 കോടി രൂപയാണ് മേളക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനു നേരേ, പണമില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ കൈമലര്‍ത്തുന്ന ഘട്ടത്തിലാണ് ഈ സഹായ പ്രഖ്യാപനം.

കേന്ദ്ര, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ തെറ്റായ ഈ നിലപാടുകള്‍ക്കെതിരെ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, നടി പാര്‍വതി തുടങ്ങി കലാ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. “കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന തബ്്ലീഗ് ജമാഅത്ത് സമ്മേളനം വെറുമൊരു ഹ്രസ്വ ചിത്രമായിരുന്നെങ്കില്‍, ഇപ്പോഴുള്ള കുംഭ മേള ബാഹുബലിയെപ്പോലെ ബ്രഹ്മാണ്ഡ ചിത്രമാണ്. നമ്മള്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളോട് മാപ്പ് ചോദിക്കണം. തബ്്ലീഗുകാര്‍ അറിയാതെ ചെയ്തു പോയതാണ് ഒരു വര്‍ഷത്തിനിപ്പുറം എല്ലാം അറിഞ്ഞുകൊണ്ട് തന്നെ നാം ചെയ്യുന്നതെ”ന്നാണ് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ അതിന്റെ മാരകസ്വഭാവം വേണ്ടത്ര അറിയാത്ത ഘട്ടത്തില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ തബ്്ലീഗ് ക്യാമ്പ് നടത്തിയതിനെ ഹിന്ദുത്വ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിക്കുകയും അതില്‍ പങ്കെടുത്ത വിദേശികളെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി സൂചിപ്പിച്ചു കൊണ്ടാണ് രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്. മാസ്‌ക് ധരിച്ചാണ് തബ്്ലീഗുകാര്‍ നിസാമുദ്ദീന്‍ പരിപാടിക്കെത്തിയിരുന്നതെന്നും അതേസമയം എല്ലാ കൊവിഡ് പ്രോട്ടോകോളും കാറ്റില്‍ പറത്തിയാണ് കുംഭ മേളയില്‍ ആളുകള്‍ പങ്കെടുക്കുന്നതെന്നും വ്യക്തമാക്കുന്ന ഫോട്ടോകളും ട്വീറ്റ് ചെയ്തിട്ടുണ്ടദ്ദേഹം. “കൊറോണ ജിഹാദ്” എന്നായിരുന്നു തബ്്ലീഗ് ക്യാമ്പിനെ സംഘ്പരിവാറും ചില മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. അന്ന് പ്രസ്തുത പരിപാടിക്കെതിരെ ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ ഇന്നുപക്ഷേ “കൊവിഡ് വിതരണ കുംഭ മേള”ക്കെതിരെ തികഞ്ഞ മൗനത്തിലാണ്. “നിസാമുദ്ദീന്‍ പരിപാടിക്കെതിരെ വിമര്‍ശവുമായി രംഗത്തു വന്നവര്‍ക്ക് കൊവിഡ് രണ്ടാം തരംഗ ഘട്ടത്തില്‍ കുംഭ മേള സംഘടിപ്പിക്കുന്നതില്‍ പരാതിയില്ല. എങ്ങും നിശ്ശബ്ദത”-യാണെന്നാണ് നടി പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ് ഉത്തരാഖണ്ഡില്‍. കുംഭ മേളയുമായി ബന്ധപ്പെട്ട ഹിന്ദുത്വ വിശ്വാസികളുടെ താത്പര്യങ്ങളെ പിന്തുണച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് ബി ജെ പി ആശങ്കിക്കുന്നു. കൊവിഡ് തീവ്ര വ്യാപന വേളയിലും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള കുംഭ മേളക്കെതിരെ അധികൃതര്‍ കണ്ണടക്കുന്നതിനു പിന്നില്‍ ഇങ്ങനെയൊരു രാഷ്ട്രീയ താത്പര്യം കൂടി ഉണ്ടെന്ന് ഉത്തരാഖണ്ഡിലെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് തന്നെ സൂചിപ്പിച്ചതായി “ദി പ്രിന്റ” റിപ്പോര്‍ട്ട് ചെയ്യുന്നു. കേവല കക്ഷി രാഷ്ട്രീയ താത്പര്യങ്ങളാണ് ജനങ്ങളുടെ ജീവനേക്കള്‍ ആ പാര്‍ട്ടിക്ക് വലുത.്‌