Connect with us

Editorial

മതപരിവര്‍ത്തനം: കോടതി വിധി നൽകുന്ന സന്ദേശം

Published

|

Last Updated

രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്ജ്വലമായ വിധിപ്രസ്താവമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മതപരിവര്‍ത്തനത്തിനെതിരെ വാളോങ്ങുന്നവര്‍ക്കും കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നത വിതക്കുന്നവര്‍ക്കും കലയിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം “പന്തികേട്” തിരഞ്ഞ് നടക്കുന്നവര്‍ക്കും കൃത്യമായ സന്ദേശമാണ് പരമോന്നത കോടതി നല്‍കിയിരിക്കുന്നത്. ഏത് മതം സ്വീകരിക്കണം, ഉപേക്ഷിക്കണം, പ്രചരിപ്പിക്കണം എന്നിവയെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. വര്‍ഗീയ അജന്‍ഡകള്‍ക്കായി ഭരണ സംവിധാനത്തെയും നിയമനിര്‍മാണ സഭകളെ തന്നെയും ദുരുപയോഗം ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് കോടതി നടത്തിയിരിക്കുന്നത്. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയവയിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അവ തടയാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയാണ് വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന നിരീക്ഷണം സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിംഗ്ടന്‍ നരിമാന്‍ ചൂണ്ടിക്കാട്ടി. ഹരജി നല്‍കിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി വിമര്‍ശിച്ചു. പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹരജിയാണിതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കനത്ത പിഴ ചുമത്തുമെന്ന് കോടതി വ്യക്തമാക്കിയതോടെ അശ്വനി ഉപാധ്യായ ഹരജി പിന്‍വലിച്ച് തടിതപ്പുകയായിരുന്നു. സുപ്രീം കോടതി ഹരജി തള്ളിയ സാഹചര്യത്തില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കുമെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഹരജിക്കാരന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം, ഇല്ലാതിരിക്കാം. എന്നാല്‍ അദ്ദേഹം ഉന്നയിക്കുന്ന ആവശ്യം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മതസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ ഭരണഘടനയാണ് നമ്മുടേത്. അതാകട്ടെ ഈ രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തില്‍ നിന്ന് രൂപം കൊണ്ടതുമാണ്. ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ മതസ്വാതന്ത്ര്യത്തെ നേരിട്ട് പ്രതിപാദിക്കുന്നുവെങ്കില്‍ ആര്‍ട്ടിക്കിള്‍ 14 മുതല്‍ 17 വരെയുള്ളവയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21ഉം പരോക്ഷമായി മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നു. മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭരണഘടനയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനം 25ാം അനുഛേദം തന്നെയാണ്. അത് മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്നു. ആ അവകാശം ലംഘിക്കപ്പെട്ടാല്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. 25ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം: പൊതു ക്രമം, സദാചാര ബോധം, ആരോഗ്യം എന്നിവക്ക് വിധേയമായി മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികള്‍ക്കും തുല്യമായ അര്‍ഹതയുണ്ടായിരിക്കും. സ്വേച്ഛാനുസാരം മതമവലംബിക്കാനും (പ്രൊഫെസ്), അനുവര്‍ത്തിക്കാനും (പ്രാക്ടീസ്), പ്രചരിപ്പിക്കാനും (പ്രൊപ്പഗേറ്റ്) അവകാശമുണ്ടായിരിക്കും.

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിച്ചതിനാല്‍ മതം “പ്രചരിപ്പി”ക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടോ എന്നത് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ വലിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. മിഷനറി പ്രവര്‍ത്തനത്തെ മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെയൊരു പരാമര്‍ശം ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നാണ് ചില അംഗങ്ങള്‍ സന്ദേഹമുന്നയിച്ചത്. പ്രചരിപ്പിക്കുക എന്നാല്‍ അര്‍ഥം മതപരിവര്‍ത്തനം മാത്രമല്ലെന്നാണ് ഭൂരിപക്ഷം അംഗങ്ങളും മറുപടി നല്‍കിയത്. ഒരാള്‍ക്ക് വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു തത്വസംഹിത ശാന്തമായി പ്രചരിപ്പിക്കാന്‍ അവകാശം നല്‍കുന്നതില്‍ എന്താണ് തെറ്റ് എന്ന വാദമാണ് മുന്നിട്ടുനിന്നത്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കുകയെന്നത് മതസ്വാതന്ത്ര്യത്തിന്റെ ജീവനാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രം മതപരമായ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നില്ലെന്നര്‍ഥം.

വസ്തുത ഇതായിരിക്കെ എത്ര ഭീകരമായ പ്രചാരണമാണ് നാട്ടില്‍ നടക്കുന്നത്. വസ്തുതയുടെ ചെറു കണിക പോലുമില്ലാതെ യോഗി ആദിത്യനാഥിനെപ്പോലെയുള്ള മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ലവ് ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ പദങ്ങള്‍ നിരന്തരം തുപ്പിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ നീതിപീഠങ്ങളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ വിചിത്രവാദം നിയമ നിര്‍മാണങ്ങള്‍ക്ക് പോലും ഉപയോഗിക്കുകയാണ്. സഭയില്‍ ഭൂരിപക്ഷമുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മതപരിവര്‍ത്തനവിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്ന ബി ജെ പി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ തളച്ചിടുകയും എല്ലാ ഇതരമത വിവാഹങ്ങളെയും കുറ്റമായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ബി ജെ പി ഭരിക്കുന്ന യു പിയിലാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ആദ്യം പ്രാബല്യത്തിലായത്. വിവാഹത്തിനു മാത്രമായി മതം മാറുന്നതിനെ അത് നിരോധിക്കുന്നു.

മധ്യപ്രദേശ്, ഹരിയാന, അസം, കര്‍ണാടക തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിറകേ വന്നു. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വിതക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. അവിടെയെല്ലാം ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, മന്ദിര്‍ രാഷ്ട്രീയം പോലെ എങ്ങനെ വന്നാലും ലാഭം മാത്രമുള്ള ഒരു കളി വേണം. അതാണ് മതപരിവര്‍ത്തന കോലാഹലം. ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങള്‍ക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലം മത്രമല്ല ഉള്ളത്. അത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള പ്രതികരണം കൂടിയാണ്. ജാതിയില്‍ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ഇന്നും കിട്ടിയിട്ടില്ല. മലം ചുമന്നും അഴുക്കു കോരിയും ഇന്നും അവര്‍ പതിത ജീവിതം നയിക്കുന്നു.

ആത്മാഭിമാനത്തോടെ മരിക്കാനായി നിരവധി പേര്‍ മതം മാറി. ഡോ. അംബേദ്കര്‍ തന്നെ ഈ വഴിയാണല്ലോ സ്വീകരിച്ചത്. ഇന്ത്യയില്‍ ഇത്തരത്തില്‍ നടന്ന മതം മാറ്റങ്ങള്‍ മതപരിവര്‍ത്തനങ്ങളല്ല, മതസ്വീകരണങ്ങള്‍ ആയിരുന്നു. ഈ വസ്തുതകളാകെ പരിഗണിക്കുന്നുവെന്നത് കൊണ്ടാണ് സുപ്രീം കോടതി വിധിപ്രസ്താവം ആശ്വാസകരമാകുന്നത്.

Latest