Connect with us

Wayanad

സഞ്ചാരികള്‍ക്കായി കുറുവ ദ്വീപ് തുറന്നു; അടഞ്ഞു കിടന്നത് രണ്ട് വര്‍ഷം

Published

|

Last Updated

മാനന്തവാടി | രണ്ട് വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായ് വീണ്ടും തുറന്നു. ദ്വീപ് തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കുമായി.
വിനോദ സഞ്ചാര കേന്ദ്രം തുറന്നതോടെ പ്രതീക്ഷയര്‍പ്പിച്ച് സമീപത്തെ കച്ചവടക്കാരും പ്രദേശവാസികളും. അതിനിടെ, ദ്വീപ് വീണ്ടും അടപ്പിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായും സൂചന.

കുറുവ ദ്വീപ് തുറക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അനുവദിക്കപ്പെട്ട സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി താത്കാലികമായി പിന്‍വലിച്ചതോടെയാണ് കേന്ദ്രം തുറക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
2019 മാര്‍ച്ച് 22ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപ് അടച്ചുപൂട്ടിയത്. വനമേഖലകളില്‍ ഇക്കോ ടൂറിസം നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെ പ്രദേശത്തെ 40ഓളം പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രം തുറക്കാന്‍ ഹൈക്കോടതി താത്കാലികാനുമതി നല്‍കിയത്.

കുറുവ അടച്ചുപൂട്ടുന്നതിന് മുമ്പായി ദിവസേന ആയിരക്കണക്കിന് പേര്‍ക്ക് പ്രവേശനം നല്‍കിയിരുന്നിടത്ത് പ്രതിദിനം 1,050 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി. ഇത് കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശന കവാടങ്ങള്‍ക്ക് തുല്യമായി പങ്കുവെക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പുറമെ കോടതി നല്‍കിയ കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ കുറുവയില്‍ പ്രവേശിപ്പിക്കുന്നത്.
കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് രണ്ട് വര്‍ഷത്തിലധികമായി, പ്രദേശത്തെ രണ്ട് വ്യക്തികളും ഒരു സംഘടനയും നല്‍കിയ ഹരജിയും ഹൈക്കോടതിയില്‍ ഉണ്ട്.

Latest