Kerala
ഉത്സവ സീസണിലെ കൊവിഡ് നിയന്ത്രണങ്ങൾ: ദുരിതത്തിലാണ്ട് വ്യാപാരികൾ
കോട്ടയം | ഉത്സവ സീസണിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വ്യാപാരികൾ ദുരിതത്തിൽ. വിഷു-റമസാൻ സീസണിൽ കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളാണ് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊവിഡ് മൂലം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും നിയന്ത്രണങ്ങൾ മൂലവും വ്യാപാരികൾക്ക് മതിയായ കച്ചവടം നടത്താൻ കഴിഞ്ഞിരുന്നില്ല. ലോക്ക്ഡൗണിന് ശേഷം പതിയെ വിപണിയിൽ പിടിച്ചുകയറിക്കൊണ്ടിരിക്കുകയായിരുന്നു ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ.
ഇതിനിടയിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ഉത്സവ സീസണിൽ തന്നെ ശക്തമാക്കിയത് കച്ചവടത്തിന് തിരിച്ചടിയാകുമെന്ന് വ്യാപാരികൾ പറയുന്നു.
വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപാരത്തെ ബാധിച്ചു. കൂടാതെ പോലീസ് നടപടികൾ ശക്തമാക്കി പിഴയീടാക്കാൻ തുടങ്ങിയതും വ്യാപാരികൾക്ക് തിരിച്ചടിയായെന്നും അവർ പറയുന്നു.
നിമയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഈ മാസം ആറ് വരെ കാറ്റിൽപറത്തിയ നിയന്ത്രണങ്ങൾ ഇപ്പോൾ കർശനമാക്കുന്നതിനെതിരെ വ്യാപാരികളിൽ അമർഷമുണ്ട്.
കഴിഞ്ഞ ഒരു മാസക്കാലം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് രാഷ്ട്രീയ നേതാക്കളും അടക്കം ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും പങ്കെടുത്ത റാലികളും പൊതുയോഗങ്ങളും എല്ലാ ജില്ലകളിലും നടന്നു.
നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കാൻ തടിച്ചു കൂടിയ ജനലക്ഷങ്ങൾക്ക് ബാധകമല്ലാത്ത കൊവിഡ് പ്രോട്ടോകോൾ അതിജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളാണ് നടക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.




