Connect with us

Editorial

അംഗീകാരമോ വോട്ടുപിടിത്തമോ?

Published

|

Last Updated

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് തമിഴ് നടന്‍ രജനീകാന്തിനെയാണ് തിരഞ്ഞെടുത്തത്. അഭിനയ മികവു കൊണ്ടും വേഷവൈവിധ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ രജനീകാന്ത് അര്‍ഹനാണ് ഈ പുരസ്‌കാരത്തിനെങ്കിലും തമിഴ്‌നാട്ടില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംശയിക്കപ്പെടുന്നുണ്ട്. ഇത്തവണ തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെക്കൊപ്പം അധികാരം പങ്കിടുകയും അതുവഴി സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് ബി ജെ പി. പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഇതിനായി പതിനെട്ടടവും പയറ്റുന്നുണ്ട്. തമിഴ് ഭാഷയും ദ്രാവിഡ രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയത്തിന് വിലങ്ങുതടിയാകുമ്പോള്‍ സിനിമയെ കൂട്ടുപിടിക്കുകയാണ് ബി ജെ പിയെന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്ത് വഴി തമിഴകത്ത് എത്തിക്കുന്നതിലൂടെ രജനി ആരാധകരുടെ വോട്ടുകളാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നുമാണ് സൂചന. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര മന്ത്രി ജാവ്്ദേകറിനോട് ഈ സന്ദേഹം പ്രകടിപ്പിക്കുകയുമുണ്ടായി.

തമിഴ്‌നാട്ടില്‍ സ്വന്തമായി രാഷ്ട്രീയാടിത്തറയോ കെല്‍പ്പുറ്റ നേതൃത്വമോ ഇല്ലാത്ത ബി ജെ പി സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാന്‍ കുറേ കാലമായി രജനീകാന്തിന്റെ പിന്നാലെ നടക്കുന്നു. തമിഴകത്ത് ആരാധകരേറെയുള്ള രജനിയെ വരുതിയില്‍ കിട്ടിയാല്‍ തമിഴ്‌നാട് പിടിച്ചടക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഡി എം കെയെ പിളര്‍ത്തി അണ്ണാ ഡി എം കെ രൂപവത്കരിച്ച് രംഗത്തിറങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്തിയ എം ജി ആറിന്റെയും തെലുഗു ദേശം പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങി ആന്ധ്രയുടെ അധികാരം കൈപിടിയിലൊതുക്കിയ നടന്‍ എന്‍ ടി രാമറാവുവിന്റെയും പിന്‍ഗാമിയാകാന്‍ രജനിക്ക് സാധിക്കുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ഇടക്കാലത്ത് രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനു പിന്നില്‍ ബി ജെ പിയായിരുന്നു. ആര്‍ എസ് എസ് സഹയാത്രികനും തമിഴകത്തെ ബി ജെ പിയുടെ ബുദ്ധികേന്ദ്രവുമായ തുഗ്ലക്ക് പത്രാധിപര്‍ എസ് ഗുരുമൂര്‍ത്തിയായിരുന്നു മുഖ്യമായും രജനിക്ക് ഇതിനു പ്രചോദനം.
പിന്നീട് തനിക്കു ചേര്‍ന്നതല്ല രാഷ്ട്രീയമെന്നും തമിഴകത്ത് തനിക്ക് ഇപ്പോഴുള്ള സ്വീകാര്യതക്ക് അതോടെ സാരമായ ഇടിവ് സംഭവിക്കുമെന്നും മനസ്സിലാക്കി രാഷ്ട്രീയ പ്രവേശന തീരുമാനത്തില്‍ നിന്ന് രജനി പിന്നാക്കം പോയപ്പോള്‍ അത് നിരാശപ്പെടുത്തിയത് ബി ജെ പി കേന്ദ്രങ്ങളെയായിരുന്നു. എങ്കിലും പല വിഷയങ്ങളിലും ബി ജെ പിയെയും മോദിയെയും അനുകൂലിക്കുന്ന വ്യക്തിയാണ് രജനീകാന്ത്. ഭരണഘടനാപരമായി ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേകാധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞപ്പോള്‍ “മോദി കൃഷ്ണനും അമിത് ഷാ അര്‍ജുനനു”മാണെന്നായിരുന്നു രജനിയുടെ പ്രതികരണം. 2019ല്‍ കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തിലേറിയപ്പോള്‍ നെഹ്‌റുവിനു തുല്യമായ വ്യക്തിപ്രഭാവത്തിന്റെ ഉടമയെന്നാണ് മോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി രജനിയെ തങ്ങള്‍ക്കുപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

രാഷ്ട്രീയ ലക്ഷ്യമല്ല ഫാല്‍ക്കെ പ്രഖ്യാപനത്തിനു പിന്നിലെങ്കില്‍ എന്തുകൊണ്ട് കമല്‍ഹാസനെ പരിഗണിച്ചില്ലെന്ന ചോദ്യമുയരുന്നുണ്ട്. രജനിക്കു മുമ്പേ സിനിമയിലെത്തുകയും മൂന്ന് ദേശിയ അവാര്‍ഡുകള്‍ നേടുകയും ചെയ്ത നടനാണ് കമല്‍ഹാസന്‍. ബി ജെ പിയുടെ കടുത്ത വിമര്‍ശകനായിപ്പോയി എന്നതു മാത്രമാണ് അദ്ദേഹം തഴയപ്പെടാന്‍ കാരണമെന്ന് കരുതണം. കൊവിഡ് മൂലം ജനങ്ങളില്‍ നല്ലൊരു വിഭാഗം പട്ടിണി കിടക്കുമ്പോള്‍ ആയിരം കോടി രൂപ ചെലവില്‍ പാര്‍ലിമെന്റ് മന്ദിരം പുതുക്കി പണിയുന്നതുള്‍പ്പെടെ മോദിയുടെ പല ജനവിരുദ്ധ നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട് കമല്‍ഹാസന്‍. മാത്രമല്ല, കോയമ്പത്തൂര്‍ സൗത്തില്‍ താന്‍ രൂപവത്കരിച്ച “മക്കള്‍നീതി മയ്യ”ത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല്‍ഹാസന്റെ മുഖ്യ എതിരാളി ബി ജെ പി നേതാവ് വാനതി ശ്രീനിവാസനാണ്.
രാഷ്ട്രീയ ലക്ഷ്യത്തോട പുരസ്‌കാര പ്രഖ്യാപനം രാജ്യത്ത് ഇതാദ്യമല്ല. 1988ല്‍ അണ്ണാ ഡി എം കെയില്‍ നേതൃതര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ കേന്ദ്രത്തിലെ അന്നത്തെ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എം ജി ആറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു. എം ജി ആറിന്റെ ആരാധകരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നായിരുന്നു ഇതേക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് അതുകൊണ്ടൊരു നേട്ടവും ഉണ്ടാക്കാനായില്ലെന്നത് വേറെ കാര്യം.

അര്‍ഹതക്കുള്ള അംഗീകാരമാണ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും. തീര്‍ത്തും വിശ്വസനീയവും നല്ല ലക്ഷ്യത്തോടെയുമായിരിക്കണം അവ നല്‍കേണ്ടത്. ബാഹ്യതാത്പര്യങ്ങള്‍ കടന്നു വരരുത്. അവാര്‍ഡ് നിര്‍ണയത്തിനു നിയോഗിക്കപ്പെടുന്ന ജൂറികളും സമിതികളും നിഷ്പക്ഷവുമായിരിക്കണം. ഇന്നു പക്ഷേ ഇത്തരം സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് അതാത് സര്‍ക്കാറുകള്‍ക്ക് വിധേയപ്പെടുന്നവരാണ്. കേന്ദ്ര, സംസ്ഥാന അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ രാഷ്ട്രീയ പക്ഷപാതം സംബന്ധിച്ച് പലപ്പോഴും വിവാദമുയര്‍ന്നതാണ്. അധികാര മേലാളന്മാര്‍ക്ക് വിധേയപ്പെടുന്ന ജൂറികളും സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ രാഷ്ട്രീയ ലാക്കുകള്‍ സ്വാഭാവികം. ദേശീയ ബഹുമതിയായ പത്മ അവാര്‍ഡ് നിര്‍ണയത്തില്‍ ധാരാളം അപാകതകള്‍ സംഭവിക്കുന്നതായി പരാതി ഉയരുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പാലായിലെ മഹാത്മാ ഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ 2007ല്‍ അന്നത്തെ രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് വെച്ച് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് നടി കങ്കണ റാവത്തും സംഭാഷണത്തിന് വിവേക് അഗ്നിഹോത്രിയും തിരഞ്ഞെടുക്കപ്പെട്ടത് സംഘ്പരിവാര്‍ സഹയാത്രികരായതു കൊണ്ടാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. പരസ്യമായി സംഘ്പരിവാര്‍ നിലപാട് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കങ്കണ. ഇത് അവാര്‍ഡുകളുടെയും പുരസ്‌കാരങ്ങളുടെയും വിശ്വാസ്യതയെ തന്നെ ബാധിക്കും.