Kerala
ആറ്റംബോംബ് പൊട്ടിയാലും എല്‍ ഡി എഫ് തോല്‍ക്കില്ല: കോടിയേരി

തലശ്ശേരി | യഥാര്‍ഥ ബോംബ് കണ്ടാല്‍ പേടിക്കാത്ത ഞങ്ങളെ നുണ ബോംബ് കൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് സി പി എം പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. ആറ്റംബോംബ് പൊട്ടിയാലും എല്‍ ഡി എഫ് തോല്‍ക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളൊക്കെ ബി ജെ പിയുടെ കൈവശമാണെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. അപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് എവിടെ നിന്നാണ് ഇ ഡി കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ബി ജെ പി എടുക്കുന്ന തീരുമാനം കെ പി സി സി പ്രസിഡന്റ് അറിയുന്നു എന്നതു തന്നെ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്നും കോടിയേരി പറഞ്ഞു.
തന്റെ ഭാര്യക്ക് ഐ ഫോണ്‍ ലഭിച്ചെന്നത് തന്നെ കെട്ടുകഥയാണ്. അങ്ങനയൊരു ഫോണ്‍ ഭാര്യക്ക് ലഭിച്ചിട്ടില്ല. ഇലക്ഷന്‍ കഴിയുന്നത് വരെ ഓരോ പ്രചരണങ്ങള്‍ ബോധപൂര്‍വം നടത്തുകയാണ്. പ്രതിപക്ഷ നേതാവിന്റെ കൈയില്‍ വല്ല ബോംബും ഉണ്ടെങ്കില്‍ പൊട്ടിക്കണം. ഓരോ പത്തു വര്‍ഷം കൂടുമ്പോഴും കോ ലി ബി ബന്ധം ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സി കെ പത്മനാഭന്‍ തന്നെ പറഞ്ഞതോടെ സി പി എം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.