Malappuram
കൊടിഞ്ഞി ജിഫ്‌രി ഉറൂസ് മുബാറക് ഇന്ന്

മലപ്പുറം | യമനിലെ ഹളർമൗത്തിൽ നിന്ന് ദീനീ പ്രബോധനാർത്ഥം കേരളത്തിൽ എത്തിയ കൊടിഞ്ഞി പള്ളി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്‌രി അൽ ഹള്റമി (ഖ.സി)തങ്ങളുടെ 172-ാം ഉറൂസ് മുബാറക് ശനിയാഴ്ച നടക്കും.
ഇന്ന് വൈകുന്നേരം 4മണിക്ക് കൂട്ട സിയാറത്തും 5മണിക്ക് മൗലിദ് മജ്‌ലിസും നടക്കും.
രാത്രി 7 മണിക്ക് കൊടിഞ്ഞി സൈൻ കോളേജിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ കോട്ടൂർ ഉസ്താദ് ദുആക്ക് നേതൃത്വം നൽകും.പകര മുഹമ്മദ് അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും ഉമറാക്കളും പങ്കെടുക്കും.
കൊടിഞ്ഞി പള്ളിയും ജിഫ്‌രി സാദാത്തീങ്ങളും
നബി (സ്വ) തങ്ങളുടെa സന്താനപരമ്പരയാണ് അഹ്‌ലുബൈത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ പരിശുദ്ധ ദീനിന്റെ പ്രചാരണത്തിന് നേതൃത്വം നൽകി. കേരള മുസ്‌ലിം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ മഹാത്മാക്കളാണ് ജിഫ്‌രി സാദാത്തീങ്ങൾ.
അവരിൽ പ്രധാനികളാണ് കോഴിക്കോട് കുറ്റിച്ചിറയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ശൈഖ് ജിഫ്‌രി(ഖ.സി), മമ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹസൻ ജിഫ്‌രി(ഖ.സി), കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്‌രി അൽ ഹള്റമി(ഖ.സി)എന്നിവർ.
സയ്യിദ് ഹുസൈൻ ജിഫ്‌രി അൽ ഹള്റമി(ഖ.സി)
ഹിജ്‌റ 1222 ൽ യമനിലെ ഹളർമൗത്തിലെ തരീം എന്ന പ്രദേശത്ത് ജനിച്ചു. കുടുംബാംഗങ്ങളെല്ലാം പാണ്ഡിത്യമുള്ളവരാണ്. വിശുദ്ധ ഖുർആൻ ആകർഷണീയമായ ശൈലിയിൽ പാരായണം ചെയ്യും.അങ്ങിനെ ദീനി ചുറ്റുപാടിലായി വളർന്നു വന്നു. സയ്യിദവറുകൾക്ക് വിവാഹപ്രായമായപ്പോൾ അവിടെ നിന്ന് ആദ്യ വിവാഹം നടന്നു. ആ ദാമ്പത്യ ജീവിതത്തിൽ ഒരു മകൾക്ക് ജന്മം നൽകി.
അങ്ങിനെയിരിക്കെ മലബാറിൽ പോയിവന്നവരിൽ നിന്ന് ആ നാടിനെ സംബന്ധിച്ച് മനസ്സിലാകുകയും അറബിക്കടലിനക്കരെ എത്തണമെന്ന മോഹം സയ്യിദവറുകളിൽ ഉദിക്കുകയും ചെയ്തു. അങ്ങിനെ മലാബിറിലേക്ക് പുറപ്പെടുകയും പായക്കപ്പലിലൂടെ ഹിജ്റ 1239ൽ പരപ്പനങ്ങാടിയിൽ വന്നിറങ്ങുകയും ചെയ്തു.അവിടെ നിന്നും തന്റെ അമ്മാവനായ ഖുതുബുസ്സമാൻ സയ്യിദ് അലവി(റ)ന്റെ അടുത്തേക്ക് ലക്ഷ്യം വെച്ച് മമ്പുറത്തേക്ക് യാത്ര ചെയ്തു.
മമ്പുറം തങ്ങളും കൊടിഞ്ഞി പള്ളിയും
വിശാലമായ നെൽപാടങ്ങൾ. ഐശ്വര്യം പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാമം.കൊടിഞ്ഞിക്കാർ മമ്പുറം തങ്ങളുമായും മമ്പുറം തങ്ങൾ കൊടിഞ്ഞികാരുമായും വലിയ ആത്മബന്ധമായിരുന്നു. ഇടക്കിടെ മമ്പുറത്ത്ച്ചെന്ന് ഹസൻ ജിഫ്‌രി തങ്ങളെ സിയാറത്ത് ചെയ്യലും മമ്പുറം തങ്ങളെ കാണലും കൊടിഞ്ഞിക്കാർക്ക് പതിവായിരുന്നു.
പിന്നീട് കൊടിഞ്ഞിയിൽ ഒരു പള്ളി നിർമിക്കാൻ തീരുമാനിക്കുകയും മമ്പുറം തങ്ങൾ തന്നെ അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. പള്ളി നിർമാണം തുടങ്ങി.
ഇടക്കിടെ കൊടിഞ്ഞിയിൽ വന്ന് നിർമാണ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.നാട്ടുകാരായ പുരുഷന്മാർ മിക്കവരും പള്ളിപണിയിൽ സജീവമായി.പള്ളിയുടെ പണി പൂർത്തിയായപ്പോൾ മമ്പുറം തങ്ങൾ തന്നെ വന്ന് വിശ്വാസി സമൂഹത്തിന് തുറന്ന് കൊടുത്തു. അല്ലാഹുവിന് ആരാധന നിർവഹിക്കാനുള്ള കേന്ദ്രം ലഭിച്ചതിലും മമ്പുറം തങ്ങളുടെ സാനിധ്യം ലഭിച്ചതിലും കൊടിഞ്ഞിക്കാർക്ക് വലിയ ആവേശമായി.
അങ്ങിനെ നാട്ടു പ്രമുഖനും പണ്ഡിതനുമായ വലിയാകത്തൊടി ഉഹൈമിദ്(കുഞ്ഞഹമ്മദ്)എന്നവരെ പള്ളിയിലെ ഇമാമും ഖതീബുമായി നിയോഗിച്ചു.
അങ്ങിനെ കൊടിഞ്ഞിക്കാരുടെ കരൾതുടിപ്പായി മാറി ആ പള്ളി.
“തങ്ങളുപ്പാപ്പ… എന്റെ മോൾക്ക് ഒരു പുതിയാപ്പിള വേണം”
ഖത്തീബായി നിയമിതനായ വലിയാകത്തൊടി ഉഹൈമിദ് മമ്പുറത്ത് പോകുകയും തങ്ങളെ കാണുകയും നാട്ടിലെ ദീനീ ചലനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യും. തിരക്കൊഴിഞ്ഞ ഒരു ദിവസം മമ്പുറം തങ്ങളുടെ അരികിൽ ചെന്ന് കൈപിടിച്ച് ചുംബിച്ച ശേഷം പറഞ്ഞു “തങ്ങളുപ്പാപ്പ… എന്റെ മോൾക്ക് വിവാഹപ്രായമെത്തി നിൽക്കുകയാണ്.നല്ലൊരു പുതിയാപ്പിള വേണം”മമ്പുറം തങ്ങൾ പറഞ്ഞു “നിങ്ങൾ വിഷമിക്കണ്ട സന്തോഷമായിരിക്കൂ… ഖുതുബ ഓതാനും ഇമാമത്തു നിൽക്കാനും യോഗ്യനായ ഒരു മഹാൻ കടൽ കടന്ന് ഇവിടെ വരും. അദ്ദേഹം നിങ്ങളുടെ മകളെ വിവാഹം ചെയ്യും ഇൻശാ അല്ലാഹ്”
ഉഹൈമിദ് ആശ്വാസത്തോടെ തിരിച്ചു പോയി. കുറെ ദിവസങ്ങൾക്ക് ശേഷം ഉഹൈമിദ് വീണ്ടും തങ്ങളെ കാണാൻ ചെന്നു. സംസാരത്തിനിടയിൽ പറഞ്ഞു “തങ്ങളുപ്പാപ്പ എന്റെ മോളുടെ കാര്യം”ഇതു ചോദിച്ചപ്പോൾ മമ്പുറം തങ്ങൾ പറഞ്ഞു “വരും പുതിയാപ്പിള വരും ഇൻശാ അല്ലാഹ്. ഉഹൈമിദ് സന്തോഷത്തോടെ വീണ്ടും മടങ്ങിപ്പോയി.
ഒരു ദിവസം മമ്പുറം തങ്ങളുടെ ദൂതൻ കൊടിഞ്ഞിയിലെത്തി. നാട്ടുകാരണവന്മാരെയും ഖത്തീബ് വലിയാകത്തൊടി ഉഹൈമിദിനേയും മമ്പുറം തങ്ങൾ വിളിക്കുന്നു…
കൊടിഞ്ഞിയിലെ നാട്ടുകാരണവന്മാരും ഖത്തീബ് വലിയാകത്തൊടി ഉഹൈമിദും ധൃതിയിൽ മമ്പുറത്തേക്ക് പുറപ്പെട്ടു. തിരൂരങ്ങാടി വരെ നടക്കുകയും പുഴ കടന്ന് മമ്പുറത്തെത്തുകയും ചെയ്തു.
അവിടെ എത്തിയപ്പോൾ പതിവിൽ കവിഞ്ഞ ജനക്കൂട്ടം. കാര്യം അന്വേഷിച്ചു. മറ്റൊന്നുമല്ല യമനിലെ തരീമിൽ നിന്നും ഒരു അതിഥി എത്തിയിട്ടുണ്ട്.സയ്യിദ് ഹുസൈൻ ജിഫ്‌രിയാണത്.
എന്തൊരു തേജസ്സ് !എന്തൊരു ഗാഭീര്യം !
ആത്മീയ വിഹായുസ്സിലെ രണ്ട് വെള്ളി നക്ഷത്രങ്ങൾ.
മമ്പുറം തങ്ങൾ ചോദിച്ചു “എവിടെ കൊടിഞ്ഞിക്കാർ”
കൊടിഞ്ഞിക്കാർ മുമ്പോട്ട് വന്നു. മമ്പുറം തങ്ങൾ പറഞ്ഞു:”ഈ ഇരിക്കുന്ന ആളിനെക്കണ്ടോ? എന്റെ ബന്ധുവാണ്. എന്റെ കുടുംബത്തിലെ അംഗമാണ്. നിങ്ങൾ എന്നെ കാണുന്നത് പോലെ ഇദ്ദേഹത്തെയും കാണണം. ഇദ്ദേഹത്തിന് മാന്യമായ താമസ സൗകര്യം ഏർപ്പെടുത്തണം. ഒരു ബുദ്ധിമുട്ടും വരാതെ നോക്കണം. സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തിയ ശേഷം നിങ്ങളെല്ലാവരും കൂടി വരണം. എന്നിട്ട് നമുക്ക് കൊടിഞ്ഞിയിലേക്ക് കൊണ്ട് പോകാം”
കൊടിഞ്ഞിക്കാർ നാട്ടിൽ തിരിച്ചെത്തി വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കി.അങ്ങിനെയാണ് “കൊടിഞ്ഞി പള്ളിക്കൽ”എന്ന വീട് നിർമിച്ചത്.
എല്ലാ സൗകര്യങ്ങളും തയ്യാറാക്കി ഖത്തീബ് വലിയാകത്തൊടി ഉഹൈമിദും പൗരപ്രമുഖരും നാട്ടുകാരും മമ്പുറത്തേക്ക് പുറപ്പെട്ടു. കൊടിഞ്ഞിയിലെ ജനങ്ങൾ വലിയ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. ഇന്ന് തങ്ങളുപ്പാപ്പ എത്തുകയാണ്.നാട്ടുകാർ മമ്പുറത്തെത്തി. രണ്ട് സയ്യിദന്മാരെയും കണ്ടു സലാം പറഞ്ഞു. അങ്ങിനെ മമ്പുറം തങ്ങളുടെ ആശീർവാദത്തോടെ സയ്യിദ് ഹുസൈൻ ജിഫ്‌രിയെയും കൂട്ടി ചരിത്രയാത്ര കൊടിഞ്ഞിയിലേക്ക് പുറപ്പെട്ടു… കൊടിഞ്ഞിക്കാരുടെ സൗഭാഗ്യത്തിന്റെ ഘോഷയാത്ര.
കൊടിഞ്ഞി പള്ളിയിലെത്തി തങ്ങൾ ചുറ്റും നോക്കി.പള്ളി നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം.തങ്ങൾക് ഏറെ തൃപ്തിയായി.വിശ്വാസികൾ പള്ളിയിൽ തിങ്ങി നിറഞ്ഞു.നിസ്കാര സമയമായപ്പോൾ പള്ളിയിൽ നിന്നും ബാങ്കൊളി മുഴങ്ങി.വുളൂ എടുത്ത് എല്ലാവരും സ്വഫായി അണിനിരന്നു. നിസ്കാരത്തിന് ഹുസൈൻ ജിഫ്‌രി തങ്ങൾ നേതൃത്വം നൽകി. ശ്രവണ മധുരമുള്ള ഖിറാഅത്ത് കേട്ട് ജനങ്ങൾ അത്ഭുതപ്പെട്ടു. പള്ളി സജീവമായി.
ആ സന്തോഷം കാണാൻ മമ്പുറം തങ്ങൾ വന്നു.ഒരിക്കലല്ല പലതവണ വന്നു.
ഹുസൈൻ ജിഫ്‌രി തങ്ങൾ വിവാഹിതരാവുന്നു…
കൊടിഞ്ഞിക്കാർ ആകാംക്ഷയോടെ കാത്തിരുന്ന സന്തോഷ വാർത്ത പുറത്ത് വന്നു. സയ്യിദ് ഹുസൈൻ ജിഫ്‌രി അവർകൾ വലിയാകത്തൊടി ഉഹൈമിദിന്റെ മകൾ സൈനബിനെ വിവാഹം ചെയ്യുന്നു.ഭക്തിനിർഭരമായ വിവാഹത്തിന് മമ്പുറം തങ്ങൾ കാർമികത്വം വഹിച്ചു. ആ ദാമ്പത്യ ജീവിത്തിൽ നാല് പുത്രന്മാർക്കും ഒരു പുത്രിക്കും ജന്മം നൽകി.
പിൽകാലത്ത് കടലുണ്ടി ജമലുല്ലൈലി കുടുംബത്തിൽ നിന്നും ഒരു വിവാഹം ചെയ്തു. അതിൽ ഒരു പുത്രനും രണ്ട് പുത്രിമാരും ജനിച്ചു.
ശേഷം കിഴക്കേപ്പുറം വലിയാകത്തൊടി സൈനുദ്ധീൻ അവറുകളുടെ മകൾ സൈനബിനെ വിവാഹം ചെയ്തു. ഇതിൽ രണ്ട് പെൺകുട്ടികൾ ജനിച്ചു.
ഇതിനിടയിൽ ഒരു ഭാര്യ മരണപ്പെടുകയും അവസാനം പരപ്പനങ്ങാടിയിൽ നിന്നും മറ്റൊരു വിവാഹം കൂടി ചെയ്തു. അതിൽ രണ്ട് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു.
കൊടിഞ്ഞി പള്ളിയും സത്യം ചെയ്യലും
ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യിപ്പിക്കൽ.പിൽകാലത്ത് “സത്യപള്ളി”എന്നപേരിൽ ഇത് അറിയപ്പെട്ടു.
കൊടിഞ്ഞിയിൽ സയ്യിദ് ഹുസൈൻ ജിഫ്‌രിയുടെ ആത്മീയ ശക്തി അമുസ്‌ലിംങ്ങൾ പോലും അംഗീകരിച്ചിരുന്നു.
ബ്രിട്ടീഷ് കോടതിയിൽ തീരുമാനമാകാതെ വരുമ്പോൾ ജഡ്ജി വിധി പ്രസ്താവിക്കും. “വെള്ളിയാഴ്ച ജുമുഅക്ക് ശേഷം കൊടിഞ്ഞി പള്ളിയിൽ സത്യം ചെയ്യുക”അങ്ങിനെ വെള്ളിയാഴ്ച പോലീസുകാരുടെ മേൽനോട്ടത്തിൽ കൈവിലങ്ങിട്ട് കൊടിഞ്ഞി പള്ളിയിൽ കൊണ്ട് വരും. ജുമുഅ നിസ്കാരം കഴിഞ്ഞ് പുറംപള്ളിയിലേക്ക് സയ്യിദ് ഹുസൈൻ ജിഫ്‌രി തങ്ങൾ കടന്ന് വരും. തങ്ങളെ കണ്ട പോലീസുകാർ ഭവ്യതയോടെ തലതാഴ്‌ത്തും. കുറ്റവാളി സയ്യിദിന്റെ മുഖം കണ്ട് മനസ്സ് പതറി കാലിടറുന്നു.
തങ്ങളുടെ ശാന്തമായ ചോദ്യം “ഇവർ പറയുന്ന കുറ്റം നീ ചെയ്തിട്ടുണ്ടോ?”
ഉണ്ട് തങ്ങളുപ്പാപ്പ…..
പൊട്ടിക്കരഞ്ഞുള്ള മറുപടി. ഹുസൈൻ ജിഫ്‌രി തങ്ങളുടെ എല്ലാ ചോദ്യത്തിനും മനസ്സ് തുറന്ന് മറുപടി. അങ്ങിനെ പ്രതിക്ക് വേണ്ട ശിക്ഷ നൽകും. ഇത് ബ്രിട്ടീഷുകാരുടെ കാലത്തെ കഥയാണ്.
മമ്പുറം തങ്ങൾ സ്ഥാപിച്ച സത്യം ചെയ്യലിന് തങ്ങൾ തന്നെ പലതവണ കൊടിഞ്ഞിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഹുസൈൻ ജിഫ്‌രി തങ്ങൾ ജീവിച്ചിരിപ്പില്ല.സയ്യിദവറു കൾ വഫാത്തായി ഒരു നൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.ഇന്നും കൊടിഞ്ഞി പള്ളിയിൽ സത്യം ചെയ്യിക്കൽ നടന്നു വരുന്നു.
ഹുസൈൻ ജിഫ്‌രിയുടെ വഫാത്ത്
സയ്യിദ് ഹുസൈൻ ജിഫ്‌രി കൊടിഞ്ഞിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ കടന്ന് പോയി. ദീനിസേവനത്തിൽ നാട്ടുകാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത വ്യക്തിത്വമായി മാറി തങ്ങൾ.തന്റെ ദൗത്യ നിർവഹണം കളങ്കമില്ലാതെ തങ്ങൾ നിർവഹിച്ചു പോന്നു. കൊടിഞ്ഞിയിൽ വരുമ്പോൾ ഹുസൈൻ ജിഫ്‌രി തങ്ങൾക്ക് പതിനേഴ് വയസ്സാണ് പ്രായം. ഇപ്പോൾ പ്രായം നാല്പത്തിയേഴ് ആയിരിക്കുന്നു. തന്റെ വഴികാട്ടിയും മനസ്സറിഞ്ഞു സ്നേഹിച്ചവരുമായ ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ വഫാതായിട്ട് പത്തു വർഷം കഴിഞ്ഞു.
ആ സന്ദർഭങ്ങൾ ഓർക്കുമ്പോൾ ഖൽബ് വിങ്ങുന്നു.
കൊടിഞ്ഞി കേന്ദ്രീകരിച്ചു മത പ്രബോധനം നടത്തിയ മഹാനായ സയ്യിദ് ഹുസൈൻ ജിഫ്‌രി ഹിജ്‌റ 1270 ശഅബാൻ 13 ന് ചൊവ്വാഴ്ച വഫാത്തായി.
കൊടിഞ്ഞി പള്ളിയുടെ വടക്കു ഭാഗത്ത് ജിഫ്‌രി മഖാമിൽ മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നു.
അവിടത്തെ കുടുംബ പരമ്പര കൊടിഞ്ഞി,മൂന്നിയൂർ, കക്കാട്, കടുങ്ങാത്തുകുണ്ട് കുണ്ടൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലും മറ്റും ജീവിച്ചുവരുന്നു.
സമസ്തയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഈ പരമ്പരയിൽ വ്യക്തിത്വമാണ്.
ഫൈളുൽ മുൻജി
സയ്യിദ് ഹുസൈൻ ജിഫ്‌രിയിൽ ജീവിത കാലത്തും വഫാത്തിന് ശേഷവും ധാരാളം കറാമത്തുകൾ പ്രകടമായിരുന്നു.
സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും പണ്ഡിതനും വലിയാക്കത്തൊടി തറവാട്ടുകാരനുമായ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ(ന.മ)കാലിനുണ്ടായ മുറിവിന് അക്കാലത്ത് ലഭ്യമായ ചികിത്സകളല്ലാം ചെയ്തിട്ടും ഭേദമാകാതെ വന്നപ്പോൾ സയ്യിദ് ഹുസൈൻ ജിഫ്‌രി തങ്ങളെ സിയാറത്ത് ചെയ്യുകയും ജിഫ്‌രി ഉപ്പാപ്പയുടെ പേരിൽ മൗലിദ് രചിക്കാൻ തീരുമാനിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പൂർണ്ണമായി സുഖപ്പെടുകയും മൗലിദ് രചിക്കുകയും ചെയ്തു. അതാണ് “ഫൈളുൽ മുൻജി”എന്ന മൗലിദ്.
അല്ലാഹു മഹാനവറുകളുടെ പൊരുത്തമുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ… ആമീൻ.
മഹാനാവറുകളുടെ ഉറൂസ് മുബാറക് വഫാത്തു ദിവസമായ ശഅബാൻ 13(2021 മാർച്ച് 27 ശനി ) കൊടിഞ്ഞിയിൽ നടക്കുന്നു.
സയ്യിദ് സൈനുൽ ആബിദീൻ, ജിഫ്‌രി തങ്ങൾ കൊടിഞ്ഞി
kpzthangal@gmail.com