Connect with us

Kasargod

പരീക്ഷയിൽ തോറ്റെങ്കിലും വിദ്യാഭ്യാസ യോഗ്യത ബി എസ് സി കാണിച്ച് കെ സുരേന്ദ്രന്റെ സത്യവാങ്മൂലം

Published

|

Last Updated

തിരുവനന്തപുരം | ബിരുദ പരീക്ഷ പാസായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത ബി എസ് എസി എന്ന് കാണിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ടിടത്ത് ബി എസ്‌ സി എന്നാണ് സുരേന്ദ്രന്‍ രേഖപ്പെടുത്തിയത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും 1987-90 കാലഘട്ടത്തില്‍ ബി എസ്‌ സി ബിരുദം നേടിയെന്നാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലത്തില്‍ സുരേന്ദ്രന്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഗുരുവായൂരപ്പന്‍ കോളേജിലെ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ 1987-90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നല്‍കിയ വിവരം അനുസരിച്ച്  94212 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സുരേന്ദ്രന്‍ കെ പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ ആണുള്ളത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മത്സരിക്കാനായുള്ള സത്യവാങ്മൂലത്തിലും ഇതേ വിവരങ്ങള്‍ തന്നെയാണ് അദ്ദേഹം നല്‍കിയത്.