Connect with us

Editorial

കുപ്പിവെള്ളം: നിലവാരം ഉറപ്പ് വരുത്തണം

Published

|

Last Updated

വിപണികളില്‍ നിലവാരമില്ലാത്തതും മാലിന്യങ്ങള്‍ കലര്‍ന്നതുമായ കുപ്പിവെള്ളം വില്‍ക്കുന്നതായി നിരന്തരം പരാതി ഉയരുകയും കോടതികള്‍ ഇടപെടുകയും ചെയ്യാറുണ്ട്. എങ്കിലും സംസ്ഥാനത്ത് ഇത്തരം കുപ്പിവെള്ളങ്ങളുടെ വില്‍പ്പന വ്യാപകമാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ടു. നിലവാരമില്ലാത്ത കുപ്പിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അനധികൃതമായി കുടിവെള്ള-ഐസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും പത്തനംതിട്ടയിലെ ഹ്യൂമന്‍ റൈറ്റ് മിഷന്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മതിയായ നിലവാരമുണ്ടെന്ന ബോധ്യത്തിലേ പുതിയ കുടിവെള്ള നിര്‍മാണ പ്ലാന്റുകള്‍ക്ക് അനുമതി നല്‍കാവൂ എന്നും കോടതി ഉത്തരവില്‍ പറയുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മലിനജലം കുപ്പിവെള്ളമായി വിപണികളില്‍ എത്തുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മിനറല്‍ വാട്ടറുകള്‍ ഇന്ന് ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വീടിന്റെ മുറ്റത്ത് കിണറില്‍ ശുദ്ധമായ തെളിഞ്ഞ കുടിവെള്ളമുണ്ടെങ്കില്‍ പോലും കുടിക്കാന്‍ കുപ്പിവെള്ളം വാങ്ങുന്നവരാണ് മിക്കവരും. വേനല്‍ കാലത്ത് വിശേഷിച്ചും ഇതിന്റെ ഉപയോഗം കൂടുതലാണ്. രണ്ട് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് 50 കോടി രൂപക്ക് മുകളില്‍ വരും കേരളത്തിലെ കുപ്പിവെള്ള കച്ചവടം. സംസ്ഥാനത്ത് നൂറിലേറെ കുടിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളും വിപണിയില്‍ സജീവമാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഹോട്ടലുകളും മാളുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം അടഞ്ഞു കിടക്കുകയും ചെയ്തതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും മിനറല്‍ വാട്ടര്‍ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തേക്കാളും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തേക്കാളുമെല്ലാം ശുദ്ധവും വിശ്വസനീയവുമാണെന്ന ധാരണയിലാണ് ഉയര്‍ന്ന വില നല്‍കി ഇത് വാങ്ങി ഉപയോഗിക്കുന്നത്. എന്നാല്‍ കുപ്പിവെള്ളങ്ങളില്‍ മിക്കതും നിലവാരമില്ലാത്തതും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് തരികള്‍ (മൈക്രോ പ്ലാസ്റ്റിക്) ക്രമാതീതമായി അടങ്ങിയതായി യു എസ് ആസ്ഥാനമായ മാധ്യമ സംഘടന ഓര്‍ബ് മീഡിയ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓര്‍ബ് മീഡിയ ചുമതലപ്പെടുത്തിയ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 11 ബ്രാന്‍ഡുകളുടെ 250 കുപ്പി വെള്ളം പരിശോധിച്ചപ്പോഴാണ് 90 ശതമാനത്തിലും പ്ലാസ്റ്റിക് കണികകള്‍ കാണാനായത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുകയും പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കുടല്‍ ഭിത്തികളിലൂടെ ആഗിരണം ചെയ്യപ്പെട്ട് മാരകമായ പല രോഗങ്ങളും ഉണ്ടാക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കുപ്പിവെള്ളത്തില്‍ കോളറക്കു വരെ കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന ഡി ഡി ടി, ഓര്‍ഗാനോ ഫോസ്ഫറസ്, എഷീറിയ, കോളി ബാക്ടീരിയ തുടങ്ങിയവ കുപ്പിവെള്ളത്തില്‍ സാധാരണമാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂര്യപ്രകാശം ഏല്‍ക്കാന്‍ പാടില്ല കുപ്പിവെള്ളങ്ങള്‍ക്ക്. ചൂടേറ്റാല്‍ പ്ലാസ്റ്റിക്കിന് രാസമാറ്റം സംഭവിക്കുകയും അര്‍ബുദം ക്ഷണിച്ചു വരുത്തുന്ന ഡയോക്‌സീന്‍ എന്ന വിഷാംശം വെള്ളത്തില്‍ കലരുകയും ചെയ്യും. കുപ്പികളില്‍ സൂര്യപ്രകാശമേല്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ടാകുമെങ്കിലും കച്ചവടക്കാര്‍ പലപ്പോഴും അത് പാലിക്കാറില്ല. തൃശൂരില്‍ ഒരു മാസം മുമ്പ് ബ്രാന്‍ഡഡ് കമ്പനിയുടെ കുപ്പിവെള്ളത്തില്‍ പാട പോലെ ഒരു വസ്തു കാണപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ലാബ് പരിശോധനയില്‍ അത് പൂപ്പലാണെന്നു വ്യക്തമായി. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത കുപ്പിവെള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, ഒട്ടുമിക്ക സാമ്പിളുകളും ഉപയോഗ യോഗ്യമല്ലെന്നാണ് കണ്ടത്. പല കുപ്പികളിലും ബാക്ടീരിയയുടെ അളവ് നിശ്ചിത പരിധിയില്‍ കൂടുതലായിരുന്നു. തിരുവനന്തപുരം ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 ജൂണില്‍കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു മിനറല്‍ വാട്ടര്‍ കമ്പനി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതായി ആരോപിച്ച് സ്വകാര്യവ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ കമ്പനിയുടെ വെള്ളം പരിശോധനക്കു വിധേയമാക്കിയത്. ചെമ്പിന്റെയും കറുത്തീയത്തിന്റെയും സാന്നിധ്യം മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും.

കുപ്പിവെള്ള നിര്‍മാണത്തിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം ബി ഐ എസിന്റെ ലൈസന്‍സ് വേണം. അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉള്ള പ്ലാന്റ്, പരിശുദ്ധി പരിശോധിക്കാന്‍ ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പ് മുതല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് വരെ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെയുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ ലൈസന്‍സുള്ള കമ്പനികള്‍ ആയിരിക്കണമെന്നില്ല കുപ്പികളില്‍ വെള്ളം നിറക്കുന്നത്. പല കമ്പനികളും ഇത് വിതരണക്കാര്‍ക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് പേരിനൊരു ശുദ്ധീകരണശാല മാത്രമേ ഉണ്ടാകൂ. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ക്കും അത്ര ശുചിത്വമുണ്ടാകണമെന്നില്ല. ഇത് ഷിഗെല, കോളിഫോം പോലുള്ള ബാക്ടീരിയകള്‍ വെള്ളത്തില്‍ കലരാനും വയറിളക്കം, ഛര്‍ദി പോലുള്ള അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്നു. വ്യാജ ലൈസന്‍സിലൂടെ മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന ഏജന്‍സികളുണ്ട് സംസ്ഥാനത്ത്. കുപ്പികളില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ച് ശുദ്ധമെന്ന് ഉറപ്പുവരുത്താത്ത ജലം നിറച്ച് റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ തിരക്കുള്ള ഇടങ്ങളില്‍ ഇവ ധാരാളമായി വിറ്റഴിക്കപ്പെടുന്നു. വിപണികള്‍ കൈയടക്കിയ മിനറല്‍ വാട്ടറുകളുടെ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയുടെ അനിവാര്യതയിലേക്കാണ് ഈ പഠന റിപ്പോര്‍ട്ടുകളെല്ലാം വിരല്‍ ചൂണ്ടുന്നത്.

---- facebook comment plugin here -----

Latest