Connect with us

Articles

പ്രകടനപത്രികകളിലെ ‘പ്രകടനങ്ങള്‍'

Published

|

Last Updated

ജീവിതത്തില്‍ ആദ്യമായി ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പ് 1987ലേതാണ്. പത്രങ്ങളൊക്കെ അല്‍പ്പം ശ്രദ്ധിച്ച് വായിച്ച് തുടങ്ങുന്ന കാലം. (ടെവിലിഷനുള്ള വീടുകള്‍ അന്ന് നന്നെ കുറവ്. അന്നാകെയുള്ളത് ദൂരദര്‍ശന്റെ വാര്‍ത്ത – ആംഗലേയവും ഹിന്ദിയും- മാത്രവും). ഇടത് ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും പരിചയമാകുന്നത് അന്നാണ്. ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് പിന്നീട് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ പലതുണ്ടായി. ഓര്‍മയില്‍ നിലനില്‍ക്കുന്നത് പക്ഷേ, ഇടത് ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ അന്ന് ഇന്നത്തേക്കാള്‍ രൂക്ഷമായിരുന്നു. അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലെന്നതായിരുന്നു ഇടത് മുന്നണിയുടെ വാഗ്ദാനം. ഇടത് മുന്നണി അധികാരത്തിലെത്തി വര്‍ഷമൊന്ന് പിന്നിടുമ്പോള്‍ തന്നെ ഈ വാഗ്ദാനം തര്‍ക്കങ്ങള്‍ക്ക് കാരണമായി. വര്‍ഷത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനം ഇടത് മുന്നണി സര്‍ക്കാര്‍ പാലിച്ചില്ലെന്ന ആരോപണവുമായി ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കള്‍ രംഗത്തുവന്നു. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലെന്നായിരുന്നു വാഗ്ദാനമെന്ന മറുപടിയുമായി ഇടത് ജനാധിപത്യ മുന്നണിയും സര്‍ക്കാറും. അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലെന്ന് വാഗ്ദാനം ചെയ്ത ഇടത് മുന്നണി, അധികാരത്തിലെത്തിയപ്പോള്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിയാണ് നല്‍കിയതെന്ന ഐക്യ മുന്നണിയുടെ പരിഹാസം അന്ന് വലിയ തോതില്‍ ശ്രദ്ധപിടിച്ചുപറ്റി. ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ വിലയിരുത്തപ്പെട്ടില്ല. തുടര്‍ ഭരണ പ്രതീക്ഷയില്‍, അധികാരം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാന്‍ ഇടത് മുന്നണി തീരുമാനിച്ചു. പാര്‍ട്ടി – പാര്‍ലിമെന്ററി പദവികള്‍ പരസ്പരം മാറുക എന്ന അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്‍ദേശം സി പി എം അംഗീകരിക്കുകയും ചെയ്തിരുന്നു. വി എസിന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി ഭരണത്തുടര്‍ച്ചക്ക് ഇറങ്ങി. എല്‍ ടി ടി ഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ വധിച്ചതോടെയുണ്ടായ സഹതാപതരംഗം ഇടത് മുന്നണിയുടെ കണക്കുകൂട്ടലുകളെ അട്ടിമറിച്ചു.

സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടത് മുന്നണി വീണ്ടുമൊരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുകയാണ്. അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുക എന്ന പതിവ് ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ഐക്യ മുന്നണി. പ്രതീക്ഷയും വിശ്വാസവും ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള പ്രകടന പത്രികകള്‍ രണ്ട് മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. മൂന്നാമത്തെ മുന്നണിയായ എന്‍ ഡി എയുടെ പ്രകടന പത്രിക കണക്കിലെടുക്കുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില 100 രൂപക്ക് മുകളിലെത്തിക്കുമെന്ന വാഗ്ദാനം അവര്‍ നല്‍കിയാല്‍ ഒരുപക്ഷേ ജനം വിശ്വസിച്ചേക്കും! അതുകൊണ്ടാണ് ഇനിയും പ്രസിദ്ധീകരിക്കാത്ത ആ പത്രിക കണക്കിലെടുക്കാത്തത്.

പതിവിന് വിരുദ്ധമായി ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് ഇടത്, ഐക്യ മുന്നണികളുടെ പ്രകടനപത്രികകള്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി ഭരിച്ച അഞ്ച് വര്‍ഷത്തിനിടെ ചെറുതല്ലാത്ത പ്രതിസന്ധികളിലൂടെ കേരളം കടന്നുപോയിരുന്നു. വലിയ പ്രളയവും ചെറിയ പ്രളയവും നിപ്പാ വ്യാപനവുമാണ് നമ്മള്‍ മാത്രം നേരിട്ട പ്രതിസന്ധി. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മറ്റെല്ലായിടങ്ങളിലെന്നപോലെ കേരളവും നേരിട്ടു. പ്രതിസന്ധികളുടെ ഇക്കാലത്ത്, മുട്ടില്ലാതെ ജീവിക്കാനാകുക എന്നത് ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അത്യാവശ്യത്തിനുള്ള പണം ജനങ്ങളുടെ കൈവശമുണ്ടാകുക എന്നതും. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയതും ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി നല്‍കിയതും സമയോചിതമായ നടപടിയായി. ലോക്ക്ഡൗണ്‍ കാലത്ത്, ആരും പട്ടിണിയിലാകരുതെന്ന ഉദ്ദേശ്യത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളും ജനങ്ങള്‍ക്ക് സഹായകരമായി. പെന്‍ഷനുകള്‍ കൂട്ടിയെന്നത് മാത്രമല്ല, അത് കൃത്യമായി വിതരണം ചെയ്തുവെന്നതും ഇടത് മുന്നണി സര്‍ക്കാറിന്റെ പ്രത്യേകതയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരമൊഴിയുമ്പോള്‍ ഈ പെന്‍ഷനുകള്‍ പല മാസത്തെ കുടിശ്ശികയായുണ്ടായിരുന്നു.

ക്ഷേമ പെന്‍ഷനുകളും ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണവും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ വിജയത്തിന് മുഖ്യകാരണമായി വിലയിരുത്തപ്പെട്ടു. അതൊരു പരിധിവരെ ശരിയാണ് താനും. പക്ഷേ, അതുവെച്ച് കിറ്റുകള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്യുന്നതില്‍ യുക്തിയുണ്ടോ? ഇടത് മുന്നണി തുടര്‍ച്ച വാഗ്ദാനം ചെയ്യുമ്പോള്‍, കൂടുതല്‍ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റാണ് ഐക്യ മുന്നണിയുടെ വാഗ്ദാനം. പെന്‍ഷന്‍ ഘട്ടംഘട്ടമായി 2,500 ആക്കുമെന്ന് ഇടത് മുന്നണി വാക്കുനല്‍കുന്നു. 3,000 ആക്കുമെന്നാണ് യു ഡി എഫ് വാഗ്ദാനം. അതിനൊപ്പം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 6,000 രൂപ എന്ന “ന്യായ്” പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന വാക്കുണ്ട് യു ഡി എഫിന്റേതായി. 100 യൂനിറ്റ് വരെ വൈദ്യുതി സൗജന്യം, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ന്യായ് പദ്ധതിയിലുള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം 2,000 രൂപ എന്നിങ്ങനെ സൗജന്യങ്ങളുടെ നിര നീളുന്നു.

രണ്ട് പാത്രം വാങ്ങുമ്പോള്‍ സ്പൂണ്‍ ഫ്രീയെന്ന കച്ചവട തന്ത്രം പയറ്റുകയാണ് രണ്ട് മുന്നണികളുമെന്ന് പറയേണ്ടിവരും. ടി വിയും മിക്‌സിയുമൊക്കെ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടില്‍ ഡി എം കെയും എ ഐ എ ഡി എം കെയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതിനെ അപഹസിച്ചവരാണ് മലയാളികള്‍. സൗജന്യങ്ങള്‍ നല്‍കി, വാങ്ങേണ്ട ഒന്നല്ല വോട്ടെന്ന് നിലപാടെടുത്തവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍. അതേ ആളുകളാണ് ഇപ്പോള്‍ ഇത്തരം വാഗ്ദാനങ്ങളുമായി രംഗത്തുവരുന്നത്. കൊവിഡ് പോലൊരു മഹാമാരിയുടെ കാലത്ത്, ജനം പ്രയാസങ്ങള്‍ നേരിടുമ്പോള്‍ സഹായമെത്തിക്കുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. അതുപക്ഷേ, അധികാരത്തിനുള്ള ഉപായമായി ഉപയോഗിക്കുന്നതും അതിലൂടെ ജനത്തെ കൂടുതല്‍ സൗജന്യങ്ങള്‍ക്ക് കാത്തിരിക്കുന്നവരായി മാറ്റുന്നതും അത്രത്തോളം ഉചിതമല്ല തന്നെ.

ഈ സൗജന്യങ്ങള്‍ ഉണ്ടാക്കിവെക്കാനിടയുള്ള സാമ്പത്തിക ബാധ്യത ചെറുതായിരിക്കില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മാസം 6,000 രൂപ എന്ന വാഗ്ദാനം നടപ്പാക്കുകയാണെങ്കില്‍ വേണ്ടിവരിക വലിയ തുകയായിരിക്കും. നിലവിലുള്ള ക്ഷേമ പെന്‍ഷനുകളൊക്കെ തുടര്‍ന്നുകൊണ്ടാണ് 6,000 രൂപ നല്‍കുന്നതെങ്കില്‍ ബാധ്യത പിന്നെയും ഉയരും. ഇപ്പോള്‍ തന്നെ കടമെടുത്ത് ദൈനംദിന ചെലവുകള്‍ നടത്തുന്ന സംസ്ഥാനത്ത് ഇത് പ്രായോഗികമാകാന്‍ സാധ്യതയില്ല തന്നെ. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍. അത് പോലും കൃത്യമായി നല്‍കാന്‍ സാധിക്കാതിരുന്നവര്‍ 6,000 രൂപ വാഗ്ദാനം ചെയ്താല്‍ ജനം വിശ്വസിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തവുമാണ്.
പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2,500 രൂപയാക്കുമെന്നാണ് ഇടത് വാഗ്ദാനം. അത് കുറേക്കൂടി പ്രായോഗികതയുള്ളതാണ്. പക്ഷേ, അപ്പോഴുമുണ്ടാകും അധിക ബാധ്യത. ഇപ്പോള്‍ തന്നെ 64 ലക്ഷം പേര്‍ക്കായി ഏതാണ്ട് 900 കോടി രൂപയാണ് പെന്‍ഷന് വേണ്ടിവരുന്നത്. അത് വീണ്ടുമുയരുമ്പോള്‍, വികസന പദ്ധതികളുടെ നടത്തിപ്പിന് കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ വഴിയെടുക്കുന്ന വായ്പ കൂട്ടേണ്ടിവരും. അതുണ്ടാക്കുന്ന ബാധ്യത ചെറുതാകില്ല.

പിന്നെയുള്ളത് 40 ലക്ഷം പേര്‍ക്ക് തൊഴിലെന്നതാണ്. രണ്ട് മുന്നണികളും ഈ വാഗ്ദാനം മുന്നോട്ടുവെക്കുന്നു. അഞ്ചാണ്ടിനിടയിലെ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഒന്നര മുതല്‍ രണ്ട് ലക്ഷം വരെ മാത്രമാണ്. അതിനി കുറയാനേ തരമുള്ളൂ. ബാക്കി 38 ലക്ഷം സ്വകാര്യ മേഖലയിലുണ്ടാകണം. അതിനൊരു സാധ്യതയും തത്കാലം നമ്മുടെ മുന്നിലില്ല. ഇതിനകം പ്രഖ്യാപിച്ച വ്യവസായ ഇടനാഴികളൊക്കെ വന്നാലും ഇതിന്റെ പാതിപോലും തൊഴിലവസരമുണ്ടാക്കാനാകില്ല. ആ ഇടനാഴികളൊക്കെ വരണമെങ്കില്‍ ഭൂമി ഏറ്റെടുക്കലിനെച്ചൊല്ലിയുള്ള ന്യായമായതും അല്ലാത്തതുമായ തര്‍ക്കങ്ങളൊക്കെ തീരണം. ചുരുക്കത്തില്‍ പത്രികകള്‍ വെറും പ്രകടനമാകാനാണ് സാധ്യത. സൗജന്യങ്ങളുടെ കാത്തിരിപ്പുകാരായി വലിയൊരു വിഭാഗത്തെ മാറ്റുന്നതും. 2016ല്‍ വാക്കുനല്‍കിയ 600ല്‍ 580ഉം നടപ്പാക്കിയെന്നാണ് എല്‍ ഡി എഫ് അവകാശവാദം. അത് വസ്തുതാപരമാണോ എന്നതിലൊരു പരിശോധന നടന്നിട്ടില്ല. യു ഡി എഫ് പോലും അത് ചോദ്യം ചെയ്യുന്നുമില്ല. ആയതിനാല്‍ സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കുകയേ തത്കാലം മാര്‍ഗമുള്ളൂ. അതുവെച്ച് കണക്കുകൂട്ടുന്നവര്‍, പറയുന്നതൊക്കെ ചെയ്യുമെന്ന് കരുതാനുള്ള സാധ്യതയും കുറവല്ല. അവ്വിധമൊരു അവകാശവാദത്തിന്റെ ചരിത്രം യു ഡി എഫിനില്ലാത്തതിനാല്‍ അവരുടെ വാക്കില്‍ പഴുതുകാണാനും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest