Connect with us

Editorial

പാർട്ടി ഫണ്ടുകൾ വരുന്ന വഴി

Published

|

Last Updated

രാജ്യത്തെ ഏഴ് ദേശീയ പാർട്ടികളുടെ സമ്പത്തിൽ 50.29 ശതമാനവും ബി ജെ പിയുടെ വശം. 2904.18 കോടി രൂപ വരും ബി ജെ പിയുടെ 2018-19 വർഷത്തെ ആസ്തി. തൊട്ടടുത്തു നിൽക്കുന്ന കോൺഗ്രസിന്റെ ആസ്തി 928.84 കോടിയാണ് (17.36 ശതമാനം). സി പി എം 510.71 കോടി, തൃണമൂൽ കോൺഗ്രസ് 210.19 കോടി, എൻ സി പി 32.01 കോടി, സി പി ഐ 25.32 കോടി എന്നിങ്ങനെയാണ് മറ്റു ദേശീയ പാർട്ടികളുടെ ആസ്തി. കരുതൽ നിക്ഷേപത്തിന്റെ കാര്യത്തിലും (കാപിറ്റിൽ റിസർവ് ഫണ്ട്) ബി ജെ പി തന്നെ മുന്നിൽ. 2866.72 കോടി രൂപയാണ് അവരുടെ കരുതൽ നിക്ഷേപം. കോൺഗ്രസ് 850.42, സി പി എം 507.33 കോടി, തൃണമൂൽ കോൺഗ്രസ് 199.61 കോടി, എൻ സി പി 31.05 കോടി, സി പി ഐ 24.87 കോടി എന്നിങ്ങനെയാണ് മറ്റു ദേശീയ പാർട്ടികളുടെ കരുതൽ നിക്ഷേപം. രാജ്യത്തെ 41 പ്രാദേശിക പാർട്ടികളുടെ വശം 2073.71 കോടിയുടെ ആസ്തിയുണ്ട്. സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ ഡി ആർ) ഈ കണക്കുകൾ പുറത്തുവിട്ടത്. രാഷ്ട്രീയ പാർട്ടികൾ നൽകുന്ന കണക്കുകൾ വിശകലനം ചെയ്താണ് എ ഡി ആർ റിപ്പോർട്ട് തയ്യാറാക്കുന്നത്.
പാർട്ടികൾ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ച സംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. ഇതിന്റെ അനേക മടങ്ങ് വരും ഓരോ പാർട്ടിയുടെയും കണക്കിൽ പെടാത്ത സംഖ്യകൾ. സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചത് 60,000 കോടി രൂപയാണ്. ഇതനുസരിച്ചു ഒരു ലോക്‌സഭാ മണ്ഡലത്തിന് 100 കോടിയോളം രൂപയും ഒരു പൗരന് വോട്ട് ചെയ്യാൻ 700 രൂപയും ചെലവായിട്ടുണ്ട്. ഇതിൽ സിംഹഭാഗവും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളുമാണ് ചെലവിട്ടത്. അവർക്കെവിടെ നിന്നു കിട്ടി ഇത്ര ഭീമമായ തുക? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാകുന്നത് പരമാവധി 70 ലക്ഷമാണ്. എന്നാൽ ഒരു സ്ഥാനാർഥിയും ഈ പരിധിയിൽ ഒതുങ്ങിയല്ല ചെലവിടുന്നതെന്നും കോടികൾ വാരിവിതറുന്നതായും തിരഞ്ഞെടുപ്പ് പ്രചാരണ രംഗം വീക്ഷിക്കുന്ന എതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാകുന്നതേയുള്ളൂ. പൊരിഞ്ഞ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളിൽ ദശകോടികളാണ് ചെലവിടുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77ാം വകുപ്പിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. സ്ഥാനാർഥികൾ ചെലവ് കണക്ക് രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്യമായി അറിയിക്കണമെന്നുമാണ് വ്യവസ്ഥ. സ്ഥാനാർഥികൾ നിയമം പാലിക്കുന്നുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ നിരീക്ഷണ സംഘങ്ങളെയും നിയമിക്കുന്നുണ്ട്. എന്നാൽ കൃത്യമായി ഒരു സ്ഥാനാർഥിയും അത് ബോധിപ്പിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാറില്ല. ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്നില്ലെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കണക്കാണ് അവർ സമർപ്പിക്കുന്നത്. ഇത് കള്ളക്കണക്കാണെന്നു നിയമവൃത്തങ്ങൾക്ക് അറിയാമെങ്കിലും അതിനു നേരെ കണ്ണടക്കാൻ അവർ നിർബന്ധിതമാകുകയാണ്. സമർപ്പിക്കപ്പെട്ട ചെലവ് യഥാർഥ ചെലവുമായി ഒത്തുപോകുന്നില്ലെന്നതിനാൽ ഏതെങ്കിലും ഒരു സ്ഥാനാർഥിയെ ഇക്കാലത്തിനിടെ അയോഗ്യരാക്കിയിട്ടില്ല. സ്ഥാനാർഥികൾക്ക് ചെലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് അങ്ങനെ ഒരു പരിധിയില്ലെന്നത് സ്ഥാനാർഥികൾക്ക് രക്ഷാമാർഗമാകുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മത്രമല്ല, തങ്ങളുടെ രാഷ്ട്രീയ ശത്രുക്കൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ എം എൽ എമാരെ ചാക്കിട്ടു പിടിച്ചു ഭരണം അട്ടിമറിക്കുന്നതിനും വേണമല്ലോ വൻതുക. കർണാടകയിൽ സർക്കാറിനെ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ബി ജെ പി ഓരോ എം എൽ എക്കും വാഗ്ദാനം ചെയ്തത് നൂറ് കോടിയാണത്രേ. എവിടെ നിന്നാണ് പാർട്ടി ഫണ്ടുകളിലേക്കു ഇവ്വിധം പണം ഒഴുകുന്നത്? കള്ളപ്പണക്കാരും കോർപറേറ്റകളുമാണ് അതിന്റെ സ്രേതസ്സ്. അതിനാണല്ലോ നിയമപരവും ഭരണഘടനാപരവുമായ നടപടിക്രമങ്ങൾ പാലിക്കാതെ മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിച്ചത്. ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണചട്ടം, ആർ ബി ഐയുടെ നിബന്ധനകൾ എന്നിവയിലെല്ലാം ഭേദഗതികൾ വരുത്തി ധന ബില്ലിന്റെ രൂപത്തിലാണ് 2018ൽ ഇതുസംബന്ധിച്ച ബിൽ കേന്ദ്രം പാസ്സാക്കിയെടുത്തത്. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നോ കള്ളപ്പണക്കാരുൾപ്പെടെ വ്യക്തികളിൽ നിന്നോ രാഷട്രീയ പാർട്ടികൾ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ട്.

ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളും വാങ്ങാം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോർപറേറ്റുകൾക്ക് പണം സംഭാവന ചെയ്യാൻ നേരത്തെയുണ്ടായിരുന്ന നിബന്ധനകളും പിരിധികളും ഇലക്ടറൽ ബോണ്ടിൽ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ബി ജെ പി ഫണ്ടിലേക്ക് വൻതോതിൽ പണം വന്നു കൊണ്ടിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ലെന്ന വ്യവസ്ഥ കള്ളപ്പണക്കാരിൽ നിന്ന് സംഭാവന സ്വീകരിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.

നേരത്തേ രാഷ്ട്രീയത്തിൽ സമ്പന്നരുടെ ഇടപെടലിനെ ഒരു പരിധി വരെ മനസ്സിലാക്കാൻ സാധ്യമായിരുന്നു. ഇലക്ടറൽ ബോണ്ട് രീതി വന്നതോടെ സംഭാവനകൾ നൽകുന്നവരെ കുറിച്ചും അവരുടെ പശ്ചാത്തലത്തെകുറിച്ചും വ്യക്തതയില്ലാതായി. സ്വദേശത്തും വിദേശത്തുമുള്ള കോർപറേറ്റുകളിൽ നിന്നും കള്ളപ്പണക്കാരിൽ നിന്നും ഇത്തരത്തിൽ വൻതുക രാഷട്രീയ കക്ഷികളുടെ, വിശിഷ്യാ കേന്ദ്ര ഭരണണകക്ഷിയുടെ ഫണ്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പാർട്ടികളെയും നേതാക്കളെയും സ്വാധീനിച്ചു ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താനും തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ഒരു സർക്കാറിനെ അധികാരത്തിലേറ്റുന്നതിനു തന്നെയും കോർപറേറ്റുകൾക്ക് ഇത് സഹായകമായിത്തീരും. തീർത്തും അതാര്യവും നിഗൂഢവുമായ ഈ സമ്പ്രദായം തുടരുന്ന കാലത്തോളം രാഷ്ട്രീയത്തിലെ ജനാധിപത്യവിരുദ്ധ പ്രവണതകൾക്ക് അറുതി വരുത്താനോ കള്ളപ്പണം നിയന്ത്രിക്കാനോ സാധിക്കില്ല.

---- facebook comment plugin here -----

Latest