National
ഇന്ത്യന്‍ മന്ത്രിമാരുമായി ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി | ഇന്ത്യന്‍ മന്ത്രിമാരുമായി ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ നടത്തേണ്ടത് പങ്കാളികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്.
പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ളതടക്കം മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യത്തിന്, മോദിയുമായി അക്കാര്യം സംസാരിക്കാന്‍ അവസരമുണ്ടായില്ലെന്നും എന്നാല്‍ മറ്റ് കേന്ദ്ര മന്ത്രിമാരുമായി സംസാരിച്ചെന്നും ലോയ്ഡ് പറഞ്ഞു.
ഇന്ത്യ അമേരിക്കയുടെ പങ്കാളിയാണെന്നും പങ്കാളികള്‍ തമ്മില്‍ അത്തരം ചര്‍ച്ചകള്‍ കൂടി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ അര്‍ഥപൂര്‍ണമായിരുന്നെന്നും പുരോഗതിയുണ്ടാകുമെന്നും ലോയ്ഡ് അറിയിച്ചു. ബൈഡന്‍ ഭരണകൂടം അധികാരമേറ്റ ശേഷമുള്ള പ്രതിരോധ സെക്രട്ടറിയുടെ ആദ്യ വിദേശ യാത്രയാണിത്.