Connect with us

Editorial

റേഷനരിയെന്ന വ്യാജേന ‘കാലിത്തീറ്റ'യും

Published

|

Last Updated

വോട്ട് ചോദിച്ചെത്തിയ സിറ്റിംഗ് എം എല്‍ എയെ റേഷന്‍ കടകളില്‍ നിന്ന് ലഭിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരികൊണ്ട് ആരതി ഉഴിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന്. തമിഴ് ആചാരത്തിന്റെ ഭാഗമാണ് ആരതി ഉഴിയല്‍. താലത്തില്‍ ഇളവന്‍, കുമ്പളം എന്നിവ വെച്ച് കര്‍പ്പൂരം കത്തിച്ച് അതിഥിയെ സ്വീകരിക്കുന്ന രീതിയാണിത്. എന്നാല്‍ മധുരയിലെ തണ്ടലൈ ഗ്രാമക്കാര്‍ അണ്ണാ ഡി എം കെയുടെ ചോഴവന്താന്‍ സിറ്റിഗ് എം എല്‍ എ മാണിക്യത്തെ സ്വീകരിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി നിറച്ച താലം കൊണ്ട് ഉഴിഞ്ഞായിരുന്നു. റേഷന്‍ കടകളില്‍ മോശം അരി വിതരണം ചെയ്യുന്നതിലുള്ള പ്രതിഷേധമായിരുന്നു ഗ്രാമവാസികള്‍ പ്രകടിപ്പിച്ചത്. “ഞങ്ങളും മനുഷ്യരല്ലേ? ഈ അരി എങ്ങനെ വേവിച്ചു കഴിക്കു”മെന്ന് എം എല്‍ എയോടവര്‍ ചോദിക്കുകയും ചെയ്തു. അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പല തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും ഭക്ഷ്യയോഗ്യമല്ലാത്ത അരി കളയുകയാണ് പതിവെന്നും ഗ്രാമീണ സ്ത്രീകള്‍ പറയുന്നു. നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന് ചോദിച്ച ഗ്രാമീണര്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ, ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണമെന്ന് എം എല്‍ എയെ ഉപദേശിക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് പ്രചാരണം തുടരാന്‍ ഗ്രാമീണര്‍ എം എല്‍ എയെ അനുവദിച്ചതത്രെ.

റേഷന്‍ കടയില്‍ നിന്ന് ലഭിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരിയുമായി ഇതിനിടെ കാസര്‍കോട് കുറുമ്പയിലെ മത്സ്യത്തൊഴിലാളിയായ ഒരു വീട്ടമ്മ ഓഫീസുകള്‍ കയറിയിറങ്ങി തന്റെ സങ്കടം ബോധിപ്പിച്ചിരുന്നു. സഞ്ചിയില്‍ പ്രാണികളും ചെറുകല്ലുകളും കട്ടയും നിറഞ്ഞ അരിയുമായി വില്ലേജ് ഓഫീസിലാണ് വീട്ടമ്മ ആദ്യം ചെന്നത്. അരി തറയില്‍ ചൊരിഞ്ഞ ശേഷം, “ഇത്രയും മോശപ്പെട്ട അരികൊണ്ട് ഭക്ഷണമുണ്ടാക്കി ഞാനെങ്ങനെ മക്കള്‍ക്കു നല്‍കു”മെന്ന് അവര്‍ ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും മറുപടി പറയാനായില്ല. തുടര്‍ന്ന് താലൂക്ക് സപ്ലൈസ് ഓഫീസിലെത്തി ആ സ്ത്രീ കാര്യങ്ങള്‍ ബോധിപ്പിച്ചു. റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവരോടൊപ്പം അരിവാങ്ങിയ റേഷന്‍ കടയിലെത്തി മോശം അരിക്ക് പകരം നല്ല അരി വാങ്ങിച്ചു കൊടുത്തു.

ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനായി സിവില്‍ സപ്ലൈസ് വിതരണം ചെയ്ത അരിയില്‍ നിന്ന് ചത്ത എലിയും ബീഡിക്കുറ്റിയും കിട്ടിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോട്ടയം ജില്ലയിലെ പൊതു വിതരണ കേന്ദ്രങ്ങളിലേക്ക് കാലടിയിലെ സ്വകാര്യ മില്ലുകളില്‍ നിന്ന് കൊണ്ടുവന്നത് പുഴുക്കട്ടകള്‍ നിറഞ്ഞ അരിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അത് തിരിച്ചെടുക്കാന്‍ സിവില്‍ സപ്ലൈസ് മേധാവികള്‍ മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അരിയായിരുന്നു മില്ലുകാര്‍ വിതരണത്തിനായി എത്തിച്ചത്. അരിയില്‍ കാണുന്ന പുഴു പുറന്തള്ളുന്ന വിസര്‍ജ്യവും വലയുമാണ് പുഴുക്കട്ടയായി മാറുന്നത്. ഇത് അരിയുടെ ഗുണമേന്മ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും.

റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നതു സംബന്ധിച്ച പരാതി വ്യാപകമാണ്. എഫ് സി ഐയില്‍ നിന്ന് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പ് വരുത്തിയാണ് റേഷന്‍ സാധനങ്ങള്‍ മൊത്തവിതരണ കേന്ദ്രങ്ങളിലും റേഷന്‍ കടകളിലും എത്തിക്കുന്നതെന്നും മോശം അരി വിതരണം ചെയ്യരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചട്ടമിതാണെങ്കിലും റേഷന്‍ ഗോഡൗണുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്നു നശിച്ച അരി ഡിപ്പോ മാനേജര്‍മാരും സ്വകാര്യ മില്‍ ഉടമകളുമായുള്ള ഒത്തുകളിയിലൂടെ റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തിക്കുന്നതായി പറയപ്പെടുന്നു.

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ചു നല്‍കുന്ന നെല്ല് കുത്തി അരിയാക്കി പൊതുവിതരണത്തിനായി നല്‍കുന്നതിനുള്ള അനുമതി സ്വകാര്യ മില്ലുകള്‍ക്ക് നല്‍കാറുണ്ട്. ഇതിന്റെ മറവില്‍ മില്ലുകാര്‍ വന്‍തോതില്‍ അരിയില്‍ മായം ചേര്‍ക്കുന്നതായി പരിശോധനയില്‍ പലപ്പോഴും കണ്ടെത്തിയതാണ്. 2017 ജനുവരിയില്‍ കോട്ടയം ആര്‍പ്പൂക്കരയിലെ ഒരു സ്വകാര്യ മില്ലില്‍ നടന്ന പരിശോധനയില്‍ മില്ലിനുള്ളിലെ ഗോഡൗണില്‍ നിന്ന് മായം ചേര്‍ക്കാനായി ശേഖരിച്ചിരുന്ന അമ്പത് ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ല എന്ന് മുദ്രചാര്‍ത്തിയ അരിയും നെല്ലും പിടിച്ചെടുത്തിരുന്നു. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ചു നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള നെല്ല് കുത്തി അരിയാക്കാന്‍ ഏല്‍പ്പിക്കുന്ന മില്ലുകാര്‍, മടക്കി നല്‍കുന്നത് നിറവും മായവും ചേര്‍ത്ത ഗുണനിലവാരം കുറഞ്ഞ അരിയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. തമിഴ്‌നാട്, ആന്ധ്ര, മൈസൂര്‍ എന്നിവിടങ്ങില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ അരിയാണ് പോളിഷ് ചെയ്ത് നല്ല അരിയെന്ന വ്യാജേന മില്ലുകാര്‍ തിരിച്ചു നല്‍കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു.

എഫ് സി ഐ ഗോഡൗണ്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വര്‍ഷം തോറും ലക്ഷക്കണക്കിനു രൂപയുടെ റേഷന്‍ വസതുക്കളാണ് കേടായി ഭക്ഷ്യയോഗ്യമല്ലാതായിത്തീരുന്നത്. ആറ് മാസം മുമ്പ് ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍മാര്‍ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ 2,703 മെട്രിക് ടണ്‍ അരിയും ഗോതമ്പും നശിച്ചതായി കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച ഭക്ഷ്യ വകുപ്പ,് കേടായ ധാന്യങ്ങളില്‍ 1,564 മെട്രിക് ടണ്‍ മില്ലുകള്‍ക്ക് നല്‍കി ക്ലീന്‍ ചെയ്‌തെടുക്കാനും 721 മെട്രിക് ടണ്‍ കാലിത്തീറ്റക്കും 301 ടണ്‍ വളത്തിനും നല്‍കാനും ഒന്നിനും കൊള്ളാത്ത 116 ടണ്‍ കുഴിച്ചു മൂടാനും നിര്‍ദേശം നല്‍കിയിരുന്നു. ഇങ്ങനെ കാലികള്‍ക്ക് നല്‍കാനും കുഴിച്ചുമൂടാനും നിര്‍ദേശിക്കപ്പെട്ട ധാന്യങ്ങള്‍ പോലും ഒരുപക്ഷേ നമ്മുടെ റേഷന്‍ കടകളില്‍ വിതരണത്തിന് എത്തിയിരിക്കാം. കാലിത്തീറ്റ പോലും പാവപ്പെട്ട ജനതയെ തീറ്റിക്കുന്ന വിധം ശക്തമാണത്രെ ചില മില്ലുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം.

Latest